ഈ ബീച്ചിൽ വന്നാൽ രണ്ടുണ്ട് കാര്യം; കടലും കാണാം കടിയും ഏൽക്കാം

cochin-fortcochi-beach
SHARE

ഫോർട്ട്കൊച്ചി ∙ ബീച്ചിലേക്കിറങ്ങുന്നവർ സൂക്ഷിക്കുക. അവിടെ അടിഞ്ഞു കൂടിയ പായലിൽ പാമ്പുകളുണ്ട്. വിഷമുള്ളവയും ഇല്ലാത്തവയും. മഴ ആരംഭിച്ചതോടെയാണു ബീച്ചിലേക്കു പായൽ കൂട്ടത്തോടെ ഒഴുകി എത്താൻ തുടങ്ങിയത്.

ഫോർട്ട്കൊച്ചി സൗത്ത്, നോർത്ത്, മധ്യ ബീച്ചുകളെല്ലാം പായൽകൂമ്പാരം നിറഞ്ഞ നിലയിലാണ്. ചീഞ്ഞളിഞ്ഞു കിടക്കുന്ന പായലിനൊപ്പം ഒഴുകിയെത്തുന്ന പാമ്പുകൾ കരിങ്കൽ കെട്ടുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്നു. നടപ്പാതയിലൂടെ മുകളിലേക്കു കയറുന്നവ കല്ലുവിരിച്ച ഭാഗത്തു കൂടെ ഇഴഞ്ഞു നീങ്ങുന്നു.

ഫോർട്ട്കൊച്ചി ബീച്ച് പായൽ അടിഞ്ഞ നിലയിൽ.

സായാഹ്നങ്ങളിൽ ബീച്ചിലെത്തുന്നവർ നടപ്പാതയ്ക്കു താഴെയുള്ള കരിങ്കൽ കെട്ടിൽ സൊറ പറഞ്ഞിരിക്കുന്നതു പതിവാണ്. കരിങ്കൽ കെട്ടുകളുടെ വിടവിൽ പാമ്പുകളുണ്ടോ  എന്നു നോക്കി വേണം ഇരിക്കാനെന്നു വിനോദ സഞ്ചാരികളോട് ലൈഫ് ഗാർഡുമാർ പറയാറുണ്ട്. പായലിലൂടെ ഇറങ്ങി നടക്കരുതെന്നും മുന്നറിയിപ്പു നൽകുന്നു.

ചൂടു കുറയുമ്പോഴാണു പാമ്പുകൾ കരയിലേക്കു കയറുന്നതെന്ന് ഇവിടെയുള്ള കച്ചവടക്കാർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ കച്ചവടക്കാർ സൗത്ത് ബീച്ചിൽ മൂന്നു പാമ്പുകളെ കൊന്നു. ലൈഫ് ഗാർഡുമാരും ഇന്നലെ  ഒരെണ്ണത്തിനെ തല്ലിക്കൊന്നു.

ബീച്ചിന്റെ ശുചീകരണം നടത്തുന്നതു ഡിടിപിസി തൊഴിലാളികളാണ്. എന്നാൽ, അവർ മാത്രം വിചാരിച്ചാൽ മാറ്റാൻ കഴിയുന്നതല്ല, കായലിൽ നിന്നു പ്രതിദിനം ഒഴുകി എത്തുന്ന പോളപ്പായലുകൾ.

cochin-snake

ടൂറിസം സീസൺ ആരംഭിച്ചതോടെ ബീച്ചിലേക്ക് എത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ബീച്ചിലേക്ക് ഇറങ്ങാൻ കഴിയാത്ത വിദേശികൾ മാലിന്യം നിറഞ്ഞ ബീച്ചിന്റെ ചിത്രം പകർത്തി മടങ്ങുന്നതു ടൂറിസം മേഖലയെ ബാധിക്കുമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ആശങ്കപ്പെടുന്നു.വേമ്പനാട്ടു കായലിൽനിന്ന് ഒഴുകിയെത്തുന്ന പോളപ്പായലാണു ബീച്ചിൽ അടിഞ്ഞു കൂടുന്നത്. ഇത് ഒഴുകി എത്തുന്നതു തടയാനുള്ള നടപടിക്കു സർക്കാർ സഹായം ലഭ്യമാക്കണം. ടൂറിസം വകുപ്പും പോർട് ട്രസ്റ്റും നഗരസഭയും ഒരുമിച്ചു ശ്രമിച്ചാൽ മാത്രമേ ബീച്ചിനെ രക്ഷിക്കാനാകൂ...’’

–ഷൈനി മാത്യു (നഗരസഭ വികസനകാര്യ സമിതി അധ്യക്ഷ)

പ്രശ്നം ജില്ലാ കലക്ടറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. യന്ത്രസഹായത്തോടെ പായലും മാലിന്യവും നീക്കുന്നതിന് നടപടി സ്വീകരിക്കും. നഗരസഭയുടെ സഹകരണവും തേടും...’’

–ഡിടിപിസി അധികൃതർ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA