ഇന്ത്യൻ സഞ്ചാരികളിൽ പ്രതീക്ഷയർപ്പിച്ച് ഇസ്രായേലി വിനോദ സഞ്ചാരമേഖല

Israel
SHARE

കൊച്ചി∙ ഇന്ത്യയിൽ നിന്നു വരും വർഷം ഒരു ലക്ഷത്തിലധികം വിനോദ സഞ്ചാരികളെ പ്രതീക്ഷിക്കുന്നതായി ഇസ്രായേലി വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ ഇന്ത്യാ ഫിലിപ്പൈന്‍സ് മേഖലകളുടെ ഡയറക്ടര്‍ ഹസാന്‍ മധാ പറഞ്ഞു. കഴിഞ്ഞ നാലു വർഷങ്ങളായി ഇസ്രായേലിലേയ്ക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ മികച്ച വർധനവാണ് ഉണ്ടായിട്ടുള്ളത്. ഈ വർഷം സെപ്റ്റംബർ വരെ 48800 ഇന്ത്യക്കാർ ഇസ്രായേൽ സന്ദർശിച്ചു. ഇതിൽ 20 ശതമാനം കേരളത്തിൽ നിന്നുള്ള യാത്രക്കാരാണെന്നാണ് കണക്കാക്കുന്നത്. വരും വർഷം തീർഥാടകരായ സന്ദർശകർക്കു പുറമേ വിനോദയാത്രക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. സിനിമാ ഷൂട്ടിങ് പോലെയുള്ള ആവശ്യങ്ങൾക്ക് ഇസ്രയേൽ ലൊക്കേഷനാക്കുന്നതിനും അവസരമുണ്ട്. 

2019ൽ കൊച്ചിയിൽ നിന്ന് ഇസ്രായേലിലേയ്ക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നതിനു നടപടികൾ പുരോഗമിക്കുന്നുണ്ട്. ഇസ്രായേലി എയല്‍ലൈനായ ആര്‍കിയ ആയിരിക്കും സർവീസ് നടത്തുക. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് പ്രാഥമിക ഘട്ടത്തിൽ ആലോചിക്കുന്നത്. ഇത് അവിടെനിന്ന് കേരളത്തിലേയ്ക്കുള്ള സന്ദർശകരുടെ എണ്ണത്തിലും വർധനവുണ്ടാക്കും. രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികൾ തീർത്തും സുരക്ഷിതരായിരിക്കും. വിസാ പ്രോസസിങ് പോലെയുള്ള കാര്യങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. വിസയ്ക്കുള്ള നിരക്ക് 1700 രൂപയിൽ നിന്ന് 1100 രൂപയായി കുറച്ചിട്ടുണ്ടെന്നും ഹസാന്‍ മധാ പറഞ്ഞു.

ഇന്ത്യയുമായി യാത്രാ മേഖലയിലുള്ള വണിജ്യ സഹകരണം കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യവുമായി ഇസ്രായേലി വിനോദ സഞ്ചാര മന്ത്രാലയം റോഡ് ഷോ സംഘടിപ്പിച്ചിരുന്നു. യാത്രാ-ടൂര്‍ പാക്കേജ് മേഖല, ശില്‍പ്പശാലകളും യാത്രകളും സംഘടിപ്പിക്കുന്ന മേഖല, വിനോദ സഞ്ചാര മേഖല, മാധ്യമങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ള എണ്‍പതിലേറെ പ്രമുഖ സ്ഥാപനങ്ങളുമായി സംഘം ചര്‍ച്ചകളും  നടത്തി. ഇസ്രായേല്‍ വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ ഒരു പ്രദര്‍ശനവുമായാണ് റോഡ് ഷോ ആരംഭി്ചത്. ബിസിനസ് ചര്‍ച്ചകള്‍, വിദ്യാഭ്യാസ പരിപാടികള്‍, ശില്‍പ്പശാലകള്‍ എന്നിവയും വിവിധ സംശയങ്ങള്‍ക്കുള്ള മറുപടികളും നടത്തിയിരുന്നു. ഹസാന്‍ മധാ, ഇസ്രായേലി വിനോദ സഞ്ചാര മന്ത്രാലയം വിപണന വിഭാഗം ഡയറക്ടര്‍ ജുഡാ സാമുവല്‍ എന്നിവരാണ് ഇസ്രായേല്‍ വിനോദ സഞ്ചാര വ്യവസായ മേഖലയില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ നയിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA