മലങ്കരയിൽ കുട്ടികളുടെ പാർക്ക്

idukki-park-plot1
SHARE

മുട്ടം ∙ കുട്ടിപ്പടകൾക്കു കളിച്ചുല്ലസിക്കാൻ മലങ്കരയിൽ പാർക്ക് വരുന്നു. മലങ്കര ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടമായാണു മലങ്കരയിൽ കുട്ടികളുടെ പാർക്ക് നിർമിക്കുന്നത്. പി.ജെ.ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം മലങ്കരയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.</p>

ഫുഡ് കോർട്ട്, ഓഡിറ്റോറിയം കുട്ടികളുടെ പാർക്കിനൊപ്പം

ഫുഡ് കോർട്ട്, സ്റ്റാളുകൾ, ബഞ്ചുകൾ എന്നിവയും ഒന്നാംഘട്ടത്തിൽ സ്ഥാപിക്കും. 3 വയസു മുതൽ 6 വയസുവരെയുള്ള കുട്ടികൾക്ക് പ്രാധാന്യം നൽകുന്ന പാർക്കാണ് ഇവിടെ ഒരുക്കുന്നത്. ജനുവരി 15 ന് ഉദ്ഘാടനം നടത്തുന്ന രീതിയിൽ നിർമാണം പൂർത്തിയാക്കാനാണു തീരുമാനം. ഇതോടൊപ്പം ആധുനിക രീതിയിലുള്ള ഓഡിറ്റോറിയവും നിർമിക്കാൻ നടപടിയായിട്ടുണ്ട്. 350 പുഷ്ബാക്ക് സീറ്റുള്ള മിനി ഓഡിറ്റോറിയമാണ് ഇവിടെ ഒരുക്കുക. ഇതോടെ മലങ്കര ടൂറിസം പദ്ധതിക്കു തുടക്കമാകും.

വിനോദസഞ്ചാര കേന്ദ്രമായി വളരാൻ മുട്ടം

രണ്ടാം ഘട്ടമായി കുട്ടവഞ്ചി, മിനി റോപ് വേ, സോർബ്‌ബോൾ, റേഡിയോ സ്‌റ്റേഷൻ, പ്രഭാത–സായാഹ്ന സവാരിക്കുള്ള നടപ്പാത, കൈവരിയ്‌ക്കൊപ്പം ജൈവവേലി, മലങ്കര ഡാം സന്ദർശനാനുമതി, സൈക്ലിങ്, വിവിധ വർണങ്ങളിൽ ജലധാര, മുളങ്കാടുകൾ, ആകാശക്കാഴ്ച കാണുന്നതിനുള്ള ദൂരദർശിനി തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കുന്നതിനും പദ്ധതിയിട്ടിട്ടുണ്ട്.

മലങ്കര ജലാശയം എല്ലാ സമയവും കാണാൻ അനുമതി ലഭിക്കുന്നതോടെ മുട്ടം ഇടുക്കിയിലെ മറ്റൊരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറും. മലങ്കര ടൂറിസം സ്‌പോട്ടിൽ താമസിക്കുന്ന 13 കുടുംബങ്ങളുടെ പുനരധിവാസവും ഇതോടെ യാഥാർഥ്യമാകും. ഇതിനായി, ഇവർക്കായി അനുവദിച്ച സ്ഥലം സന്ദർശനം നടത്തി നടപടികൾ ഉടൻ പൂർത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനെല്ലാംപുറമെ ഒരു അക്വേറിയം നിർമിക്കുന്നതിനും പദ്ധതിയുണ്ട്. ഫണ്ട് അനുവദിച്ചാൽ 2 മാസത്തിനുള്ളിൽ അക്വേറിയം പൂർത്തിയാക്കാൻ സാധിക്കുമെന്നു ഹാബിറ്റാറ്റ് അധികൃതർ പറഞ്ഞു.

രാജ്യാന്തര നിലവാരമുള്ള ദുബായ് മോഡൽ അക്വേറിയം നിർമിക്കാനാണ് ആലോചിക്കുന്നത്. ഇതിനു 80 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണു പ്രതീക്ഷിക്കുന്നത്. കഴിഞ്ഞദിവസം നടന്ന യോഗത്തിൽ കലക്ടർ കെ.ജീവൻ ബാബു, ഹാബിറ്റാറ്റ് ജില്ലാ കോർഡിനേറ്റർ വിനോദ്, പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ, എംവിഐപി അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ സിനോഷ് തുടങ്ങിയവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA