രാജ്യാന്തര മൗണ്ടൻ സൈക്ലിങ് മത്സരം അഞ്ചാമത് എഡിഷൻ ഡിസംബർ 8–ന് മാനന്തവാടിയിൽ

cycling
SHARE

സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും വയനാട് ഡി.റ്റി.പി.സി.യും സംയുക്തമായി സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് അഞ്ചാമത് രാജ്യാന്തര മൗണ്ടൻ സൈക്ലിങ് ഇവന്റ് നടത്തുന്നത്. ഡിസംബർ 8–ന് വയനാട്, മാനന്തവാടി പ്രിയദർശിനി ടി എസ്റ്റേറ്റാണ് മത്സരവേദി.

ഇന്ത്യയ്ക്കു പുറമേ പത്തോളം വിദേശ രാജ്യങ്ങളിലെ സാഹസിക സൈക്ലിങ് താരങ്ങൾ പങ്കെടുക്കുന്ന മത്സരത്തിൽ ഇന്റർനാഷനൽ ക്രോസ് കൺട്രി കോമ്പറ്റീഷൻ (Men), നാഷനൽ ക്രോസ് കൺട്രി കോമ്പറ്റീഷൻ (Men), ക്രോസ് കൺട്രി കോമ്പറ്റീഷൻ (Women) എന്നീ വിഭാഗങ്ങളാണുള്ളത്. മത്സരങ്ങൾ രാജ്യന്തര സാഹസിക ഭൂപടത്തിലേക്ക് കേരളത്തിന്റെ പ്രശസ്തിയെ വർദ്ധിപ്പിക്കുന്ന തരത്തിലാണ് സംസ്ഥാന ടൂറിസം വകുപ്പ് ക്രമീകരിച്ചിട്ടുള്ളത്.

രാജ്യാന്തര നിലവാരത്തിലുള്ള സജ്ജീകരണങ്ങളോടു കൂടിയ അഞ്ച് കി.മീ ദൈർഘ്യമുള്ള സർക്ക്യൂട്ട് ട്രാക്കാണ് MTB കേരളയ്ക്കുവേണ്ടി തയാറാക്കുന്നത്. കേരളത്തിൽ അഡ്വഞ്ചർ ടൂറിസത്തിന്റെ അനന്തമായ സാധ്യതകൾ മലയോര മേഖലയ്ക്ക് പുത്തൻ ഉണർവ്വേകും. വയനാട്ടിലെ അനുഗ്രഹീതമായ കുന്നിൻ ചെരിവും, ഉറച്ച പ്രതലവും ഈ മത്സരങ്ങൾക്ക് അനുയോജ്യമാണ്. ഈ രാജ്യാന്തര മത്സരം കാണാൻ ആയിരക്കണക്കിന് തദ്ദേശീയരും, വിദേശികളും, കായിക പ്രേമികളും എത്തുമെന്നാണ് പ്രതീക്ഷ.

cycling1

ആദ്യം രാജ്യാന്തര മത്സരമായ MTB കേരള–2012 കൊല്ലം ജില്ലയിലെ തെൻമലയിലും, തിരുവനന്തപുരം ജില്ലയിലെ കോവളത്തുമായിരുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും MTB കേരള വയനാട് പൊഴുതന ഹാരിസൺ ടീ എസ്റ്റേറ്റിലും, മാനന്തവാടി പ്രിയദർശിനി ടീ എസ്റ്റേറ്റിലുമാണ് നടന്നത്. MTB കേരള നാലാം ഭാഗം തിരുവനന്തപുരം ജില്ലയിലെ പാങ്കാവ്, കോട്ടൂരാണ് നടന്നത്. ടൂറിസം രംഗത്ത് വളരെ മുന്നിട്ടു നിൽക്കുന്ന വയനാട് ജില്ലയുടെ അഡ്വഞ്ചർ ടൂറിസം മേഖലയ്ക്ക് MTB Kerala 2018 ഒരു മുതൽക്കൂട്ടായിരിക്കും.

ലോകമെമ്പാടുമുള്ള സാഹസികരായ വിനോദ സഞ്ചാരികളെ ആകർഷിക്കുക മാത്രമല്ല, പുതുതലമുറയിലേക്കു കൂടി സാഹസികതയെ പകർത്തുക എന്ന ലക്ഷ്യം കൂടി ഇത്തരം രാജ്യാന്തര മത്സരങ്ങള്‍ക്കുണ്ട്. സംസ്ഥാന സർക്കാരിന്റെ ടൂറിസം നയത്തിൽ പ്രാധാന്യം നൽകുന്ന അഡ്വഞ്ചർ ടൂറിസത്തിനു മുതൽ കൂട്ടാകും MTB കേരള അഞ്ചാം എഡിഷൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA