ഇടുക്കിയിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ പ്രചാരണ പരിപാടിയുമായി പ്രഫഷണൽസ് കോൺഗ്രസ്

vagamon-plantation
SHARE

പ്രളയത്തെ തുടർന്നു തളർന്ന ഇടുക്കിയിലെ വിനോദസഞ്ചാര മേഖലക്കു പുതുജീവനേകാൻ വേറിട്ട കർമ്മ പരിപാടിയുമായി ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് (എഐപിസി).  പൊതുനന്മയുള്ള ഒരു ആശയത്തെ മുൻനിർത്തി സമൂഹമാധ്യമങ്ങളിലൂടെ യുവജനങ്ങളുടെ പങ്കാളിത്തമുറപ്പാക്കുക എന്ന രാഷ്ട്രീയ രംഗത്തു ഇതുവരെയായി കണ്ടിട്ടില്ലാത്ത നൂതനമായ ഒരു ആശയമാണ് എഐപിസി നടപ്പിലാക്കുന്നത്.  ഇടുക്കിയെ അടുത്തറിയുക ('Explore Idukki') എന്ന പേരിൽ ഒരു ട്രാവൽ ആൻഡ് ടൂറിസം മത്സരമാണ് എഐപിസി സംഘടിപ്പിച്ചിട്ടുള്ളത്. പ്രളയാനന്തരം എഐപിസി ആരംഭിക്കുന്ന കേരളം സന്ദർശിക്കുക എന്ന പ്രചരണ പരിപാടിയുടെ ഭാഗമായാണ് മത്സരം നടക്കുക. പരിപാടിയുടെ ഉദ്ഘാടനം എഐപിസി ചെയർമാന്‍ കൂടിയായ ശശി തരൂർ എംപി ഞായറാഴ്ച നിർവ്വഹിക്കും.

മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ജനുവരി 20 നും ഫെബ്രുവരി 20നും ഇടയിൽ ഇടുക്കി സന്ദർശിച്ചപ്പോഴുള്ള വിവരണമോ സെൽഫിയോ ഫോട്ടോകളോ വ്യക്തിഗത സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റു ചെയ്യണം. എൻട്രികൾ പോസ്റ്റു ചെയ്യുന്നതു സംബന്ധിച്ച വിശദാംശങ്ങൾ Explore Idukki എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫെബ്രുവരി 20 ആണ് അവസാന തിയതി. ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെയും സോഷ്യൽ മീഡിയയിലെയും വിദഗ്ധരടങ്ങുന്ന സമിതിയാണ് വിജയികളെ കണ്ടെത്തുക. വിജയികൾക്കു ആകർഷകമായ സമ്മാനങ്ങൾ നൽകുമെന്ന് സംഘാടകർ അറിയിച്ചു.

ഇടുക്കി ജില്ലക്കാരുടെ ജിവിതോപാധിയാണ് വിനോദസഞ്ചാര മേഖലയെന്നും സംസ്ഥാനത്തെ തന്നെ പിടിച്ചുകുലുക്കിയ പ്രളയം ജില്ലക്കു കനത്ത ആഘാതമാണു സൃഷ്ടിച്ചതെന്നും എഐപിസി സംസ്ഥാന അധ്യക്ഷൻ മാത്യു കുഴൽനാടൻ മനോരമയോടു പറഞ്ഞു. രാജ്യത്തെ യുവാക്കളെയും സാങ്കേതിക വിദ്യയെയും ഒത്തിണക്കി ഇടുക്കിയിലെ വിനോദസഞ്ചാര മേഖലയുടെ ഉണർവു തിരിച്ചു പിടിക്കാനുള്ള ആത്മാർഥമായ ഒരു ശ്രമമാണ് എക്സ്പ്ലോർ ഇടുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്യു കുഴൽനാടൻ തന്നെയാണ് പരിപാടിയുടെ ബ്രാൻഡ് അംബാസിഡർ.

മത്സരത്തിനു മുന്നോടിയായി ഒരു പ്രോമോ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിൽ പങ്കെടുക്കാനായി ഇടുക്കിയിൽ നിന്നെടുത്ത ഫോട്ടോകൾ ഫെയ്സ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ exploreidukkipromocontest എന്ന ഹാഷ്ടാഗോടു കൂടി പോസ്റ്റു ചെയ്യണം. പ്രോമോ മത്സരം ഇന്നു സമാപിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA