ADVERTISEMENT

ആലപ്പുഴ ∙ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദേശ സഞ്ചാരികൾ എത്തുന്ന പ്രദേശങ്ങളിൽ മൂന്നാം സ്ഥാനം ആലപ്പുഴയ്ക്ക് എന്ന കണക്ക് പുറത്തുവന്നതു കഴിഞ്ഞ ദിവസമാണ്. ഇത്രയേറെ സഞ്ചാരികൾ എത്തുന്ന ഇടമായിട്ടും എന്താണ് ആലപ്പുഴയിലെ ടൂറിസത്തിന്റെ സ്ഥിതി എന്ന് അന്വേഷിച്ചാൽ സ്ഥിതി അത്ര മെച്ചമല്ല.

സുരക്ഷിതമാണോ സ്ഥിതി?

സുരക്ഷ, ശുചിത്വം, മികച്ച ഇടപെടൽ... വിദേശ സഞ്ചാരികൾ മുൻഗണന നൽകുന്ന കാര്യങ്ങൾ ഇതൊക്കെയാണ്. വഞ്ചിവീടുകൾക്കു മുഴുവൻ ലൈസൻസ് ലഭ്യമാക്കാൻ സാധിക്കാത്തതു സുരക്ഷയിലെ വലിയ വീഴ്ചയാണ്. അവധി ദിനങ്ങളിൽ ശിക്കാര ബോട്ട് ഓടിക്കുന്നതു പലരും വിദ്യാർഥികളും ലൈസൻസ് ഇല്ലാത്തവരുമാണെന്ന ആരോപണം ഏറെ നാളായി നിലനിൽക്കുന്നു.

നൽകുന്ന പണത്തിന് അനുസരിച്ചു മികച്ച സേവനം നൽകുന്ന വഞ്ചിവീടുകൾ ഏറെയുണ്ടെങ്കിലും ചിലർ വീഴ്ച വരുത്തുന്നുണ്ട്. ബോട്ടുകളുടെ സാങ്കേതിക ക്ഷമതയിലും ജീവനക്കാരുടെ പെരുമാറ്റത്തിലും മികവ് ഉറപ്പാക്കാൻ ചില വഞ്ചിവീടുകൾക്കു സാധിക്കുന്നില്ലെന്നു ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) തന്നെ സമ്മതിക്കുന്നു. പ്രഫഷനൽ പരിശീലനം ലഭിക്കാത്ത ജീവനക്കാരും പേരു ചീത്തയാക്കുന്നു. വഞ്ചിവീട് ജീവനക്കാർക്കു പരിശീലനം ലഭ്യമാക്കാനുള്ള ആലോചനയിലാണു ഡിടിപിസി.

ഇടനില പലനില

പല നിലകളിലായി പ്രവർത്തിക്കുന്ന ഇടനിലക്കാരും പലപ്പോഴും സഞ്ചാരികളുടെ മനസ്സു മടുപ്പിക്കുന്നു. ഇടനിലക്കാരുടെ എണ്ണവും ദിവസം തോറും വർധിക്കുകയാണ്. ഇടനിലക്കാരെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും ഫലപ്രദമായ സംവിധാനം വേണമെന്ന് ഏറെക്കാലമായി ആവശ്യം ഉയരുന്നുണ്ടെങ്കിലും നിയന്ത്രണം മാത്രം നടപ്പാകുന്നില്ല.

ഹോംലി സ്റ്റേ

വിദേശികൾ കൂടുതൽ പരിഗണന നൽകുന്നത് ഹോം സ്റ്റേ താമസത്തിനാണ്. ഹോം സ്റ്റേകളുടെ പ്രവർത്തനത്തിനു കൃത്യമായ മാർഗനിർദേശങ്ങൾ നൽകാറുണ്ടെന്നു ഡിടിപിസി അധികൃതർ വ്യക്തമാക്കി. പരിശോധനകളും നടക്കുന്നുണ്ട്. ചിലരെങ്കിലും പ്രഫഷനലല്ലാതെ ഇടപെടുന്നുണ്ടെന്നാണു വ്യക്തമായത്.

ഇടനിലക്കാരും മോശം സാഹചര്യത്തിലുള്ള വഞ്ചി വീടുകളുമാണു ടൂറിസത്തിൽ തിരിച്ചടിയാകാറുള്ളത്. ഇക്കാര്യത്തിൽ കൃത്യമായ പരിശോധനകൾ വേണം. വഞ്ചിവീടുകൾ, ഹോട്ടലുകൾ, ഹോം സ്റ്റേ എന്നിവിടങ്ങളിൽ സംയുക്ത പരിശോധനയ്ക്കു സംവിധാനം ഒരുക്കണം എം.മാലിൻ, ഡിടിപിസി സെക്രട്ടറി.

2018

∙ജില്ലയിലെത്തിയ ആകെ വിദേശ ടൂറിസ്റ്റുകൾ: 95,522

∙ആഭ്യന്തര സഞ്ചാരികൾ: 51.11 ലക്ഷം (2017 ൽ: 4.33 ലക്ഷം. 8% വർധന)

∙ഏറ്റവും കൂടുതൽ പേരെത്തിയത്: ഡിസംബറിൽ–70,922 പേർ (2017 ഡിസംബറിൽ–59978; 18.25% വർധന)

∙ഏറ്റവും കുറവ്: ഓഗസ്റ്റിൽ–25,953 പേർ (2017 ഓഗസ്റ്റിൽ–30654; 15.34% കുറവ്)

∙ആലപ്പുഴയിലേക്കു മാത്രമായി എത്തിയത്: 3.99 ലക്ഷം പേർ (2017 ൽ 3.28 ലക്ഷം; 21.62% കൂടുതൽ)

∙ഇതര സംസ്ഥാനങ്ങളിൽനിന്ന് ഏറ്റവും കൂടുതൽ പേർ എത്തിയത്: തമിഴ്നാട്ടിൽ നിന്ന്–50741.

∙കുറവ്: മിസോറം–43 പേർ.

∙കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് ആലപ്പുഴ സന്ദർശിച്ചത്: 2.37 ലക്ഷം പേർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com