ADVERTISEMENT

 മുംബൈ ∙ കൊളോണിയൽ കാലത്തിന്റെ ഓർമകളുണർത്തി ട്രാം നഗരത്തിൽ തിരിച്ചെത്തുന്നു. ബോംബെയുടെ പൈതൃക സ്മാരകമായ ട്രാം വിടപറ‍ഞ്ഞിട്ട് അര നൂറ്റാണ്ട് കഴിഞ്ഞെങ്കിലും മുതിർന്ന നഗരവാസികൾക്ക് ഇന്നും ഹരമാണ് ഈ കു‍ഞ്ഞൻട്രെയിൻ.

മുംബൈയിലെ പൈതൃക നിർമിതികൾ സംരക്ഷിച്ച് നഗരത്തിന്റെ പ്രൗഢി ആഘോഷിക്കുന്നപോലെ, ഉല്ലാസയാത്രക്കാർക്കായി ട്രാമിനു ജീവൻ നൽകാനുളള തയാറെടുപ്പിലാണ് ബെസ്റ്റ് അധികൃതർ. ദക്ഷിണ മുംബൈയിലെ കാലാഘോഡ മുതൽ ഇലക്ട്രിക് ഹൗസ് വരെയുളള റൂട്ടിൽ വാരാന്ത്യങ്ങളിലും പൊതുഅവധി ദിവസങ്ങളിലുമാകും ട്രാം സർവീസ്.

പഴയ ട്രാം മിനുക്കി സിഎസ്എംടിക്കടുത്തുളള ഭാട്ടിയബാഗ് ഉദ്യാനത്തിൽ സ്ഥാപിക്കാൻ നേരത്തെ ബെസ്റ്റ് (ബൃഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് അണ്ടർടേക്കിങ്) തീരുമാനിച്ചിരുന്നു. എന്നാൽ ഇതിൽ കാര്യമില്ലെന്നു കണ്ടതിനെ തുടർന്നാണ് സർവീസ് പുനരാരംഭിക്കുന്നതിക്കുറിച്ച് ചിന്തിച്ചത്.

ബെസ്റ്റ് കമ്മിറ്റി മെംബർ അനിൽ ഷായാണ് വിഷയം ആദ്യം അവതരിപ്പിച്ചത്.  ‘കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി സംസാരിച്ചു. അദ്ദേഹം വാക്കാൽ സമ്മതിച്ചുകഴിഞ്ഞു. ഉല്ലാസയാത്രക്കാർക്ക് മാത്രമല്ല, പുതിയ തലമുറയ്ക്ക്, ലോക്കൽ ട്രെയിനിന്റെ പൂർവികനായ ട്രാമിന്റെ ഓട്ടം ഏറെ കൗതുകമാകും.’ അദ്ദേഹം ചൂണ്ടിക്കാട്ടി.

ട്രാം സർവീസ് ആരംഭിക്കുന്നതിൽ ബെസ്റ്റ് ചെയർമാൻ ആശിഷ് ചെമ്പൂർക്കറിനും താൽപര്യമാണ്. വിദേശരാജ്യങ്ങളിൽ ഇത്തരം സംരംഭങ്ങൾ വൻ വിജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർവീസ് ആരംഭിക്കാനുളള ചെലവ് സംസ്ഥാന ടൂറിസം വകുപ്പും, ബെസ്റ്റിന്റെ രക്ഷാകർത്താക്കളായ ബിഎംസിയും വഹിക്കുമെന്നാണ് പ്രതീക്ഷ.

കൊളോണിയൽ കാലത്തിന്റെ ഓർമയ്ക്ക്

1874ലാണ് ബോംബെയിലെ പൊതുനിരത്തിൽ സ്ഥാപിച്ച വീതികുറഞ്ഞ പാളങ്ങളിലൂടെ ട്രാം ഓടിത്തുടങ്ങിയത്. അന്നു കുതിരകളായിരുന്നു ട്രാമിനെ വലിച്ചിരുന്നത്. 1907ൽ വൈദ്യുതീകരിച്ചു. തുടർന്ന് ബെസ്റ്റ് ബസുകൾ നഗരവീഥികൾ കൈയടക്കിയതോടെ പാവം ട്രാമിനെ ജനം അവഗണിച്ചു. 1964ൽ ട്രാമിന് അന്ത്യകൂദാശ നൽകുകയായിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com