ADVERTISEMENT

ചെന്നൈ∙ തെക്കൻ കേരളത്തിൽ നിന്നുള്ളവർക്കു നാട്ടിലേക്കു യാത്ര ചെയ്യാൻ ഒരു പ്രതിദിന ട്രെയിൻ കൂടി. എഗ്മൂറിൽ നിന്നു ചെങ്കോട്ട വഴി കൊല്ലത്തേക്കുള്ള കൊല്ലം- എഗ്മൂർ എക്സ്പ്രസ്.  ഒന്നിനു ഡൽഹിയിൽ ചേർന്ന റെയിൽവേ ബോർഡ് യോഗമാണു പുതിയ ട്രെയിൻ അനുവദിച്ചത്. മലയാളികൾക്കൊപ്പം തെക്കൻ തമിഴ്നാട്ടിൽ നിന്നുള്ളവർക്കും ട്രെയിൻ ഗുണം ചെയ്യും.‌

കൊല്ലം–ചെങ്കോട്ട ബ്രോഡ് ഗേജ് പാത.

തെക്കൻ തമിഴ്നാട്ടിലേക്കുള്ള പുതിയ ട്രെയിനുകൾ താംബരത്തു നിന്നായിരിക്കും പുറപ്പെടുകയെന്നു ദക്ഷിണ റെയിൽവേ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, എഗ്മൂറിൽ നിന്നു ചെങ്കോട്ട വഴി ട്രെയിൻ വേണെന്ന ആവശ്യം പരിഗണിച്ചാണു പുതിയ പ്രഖ്യാപനം. നാളെ വൈകിട്ട് 3.15നു എഗ്മൂറിൽ നിന്നു പുറപ്പെടുന്ന ഉദ്ഘാടന ട്രെയിൻ പിറ്റേന്നു രാവിലെ 6.45നു കൊല്ലത്തെത്തും.

വൈകിട്ട് അഞ്ചിനു എഗ്മൂറിൽ നിന്നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 8.45നു കൊല്ലത്ത്

ട്രെയിൻ നമ്പർ – 16101 (എഗ്‍മൂറിൽ നിന്നു കൊല്ലത്തേക്ക്

വൈകിട്ട് അഞ്ചിന്: എഗ്മൂർ

5.30 : താംബരം

6.0 0: ചെങ്കൽപ്പേട്ട്

7.30 : വില്ലുപുരം

8.15 : വിരുദാചലം

9: 55 : തിരുച്ചിറപ്പള്ളി

പുലർച്ചെ 12.15 : ഡിണ്ടിഗൽ

1.15 : മധുര

2.15 :വിരുദു നഗർ

2.40 : ശിവകാശി

2.55 : ശ്രീവില്ലിപുത്തൂർ

3.10 : രാജപാളയം

3.35 : ശങ്കരൻകോവിൽ

4.0 : കടയനല്ലൂർ

4.15 : തെങ്കാശി

5.20 ചെങ്കോട്ട

‌5.55 : ആര്യങ്കാവ്

6.35 : തെന്മല

7.00: ഇടമൺ

7.40 : പുനലൂർ

8.00 : കൊട്ടാരക്കര

8.20 : കുണ്ടറ

8.45 : കൊല്ലം

കൊല്ലത്ത് നിന്നു രാവിലെ 11.45 നു പുറപ്പെട്ട് പുലർച്ചെ 3.30നു എഗ്മൂറിൽ ട്രെയിൻ നമ്പർ : 1602

കോച്ചുകൾ : ആകെ 14 (മൂന്നു ത്രീ എസി, എട്ടു സ്ലീപ്പർ ,രണ്ടു ജനറൽ , രണ്ടു എസ്എൽആർ)

നൂറ്റാണ്ടു പിന്നിട്ട വഴിയിലൂടെ ഓർമകളുടെ പുഷ്–പുൾ

ചെന്നൈ∙കൊല്ലത്തു നിന്നു ചെങ്കോട്ട വഴി ചെന്നൈയിലേക്കു പുതിയ ട്രെയിൻ വരുമ്പോൾ ചൂളം വിളിച്ചെത്തുന്നതു ചരിത്രത്തിലെ രാജകീയ സ്പർശമുള്ള ഓർമകൾ. തെക്കൻ കേരളത്തിൽ നിന്നു ചെന്നൈയിലേക്കു ആദ്യത്തെ ട്രെയിൻ 119വർഷം മുൻപ് ഓടിയത് ഇതേ പാതയിലൂടെയാണ്. തിരുവിതാംകൂർ നാട്ടു രാജ്യത്തിന്റെ തലസ്ഥാനത്തിൽ നിന്നു ബിട്ടിഷ് ഇന്ത്യയുടെ മദ്രാസ് റസിഡൻസിയുടെ തലസ്ഥാനമായ മദ്രാസിലേക്കുള്ള ആദ്യ ട്രെയിൻ. നാട്ടു രാജ്യം പോയി ഇന്ത്യ സ്വതന്ത്രയായി. മലബാറും കൊച്ചിയും തിരുവിതാംകൂറും ഒന്നു ചേർന്നു കേരളം രൂപംകൊണ്ടു. പതിറ്റാണ്ടുകളോളം കേരള തലസ്ഥാനത്തെ തമിഴ്നാട് തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ഏക പാതയും ഇതായിരുന്നു.

ഫാസ്റ്റ് പാസഞ്ചർ വേഗത്തിൽ കാലം മുന്നോട്ടുകുതിച്ചപ്പോഴും ഈ പാതയിലെ തീവണ്ടിയോട്ടം നിലച്ചില്ല. ഗേജ് മാറ്റത്തിന്റെ ഭാഗമായി 2000-ത്തിലാണു പാത അടച്ചത്. അതോടെ, നൂറു വർഷത്തിന്റെ പാരമ്പര്യമുള്ള മദ്രാസ് എഗ്മൂർ- കൊല്ലം മെയിൽ നിലച്ചു. ഒരു വർഷം മുൻപ് പാത വീണ്ടും തുറന്നെങ്കിലും താംബരം മുതൽ കൊല്ലം വരെ സ്പെഷൽ ട്രെയിനുകൾ മാത്രമാണു ഓടിയിരുന്നത്. ചരിത്രം ചൂളം വിളിച്ച പാതയിൽ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങുമ്പോൾ ഒറ്റ വ്യത്യാസം മാത്രം. ട്രെയിനിന്റെ പേര് കൊല്ലം മെയിലിൽ നിന്നു കൊല്ലം എക്സ്പ്രസ് എന്നായി മാറിയിരിക്കുന്നു.

∙രാജകീയ തീവണ്ടി

കൊല്ലം -എഗ്മൂർ മെയിൽ എല്ലാ അർഥത്തിലും രാജകീയ തീവണ്ടി തന്നെയായിരുന്നു.അക്കാലത്തു ഭാഗ്യമുണ്ടെങ്കിൽ യാത്രക്കാർക്കു രാജാവിനൊപ്പം യാത്ര ചെയ്യാനുള്ള അവസരം ഈ ട്രെയിനിൽ ലഭിച്ചു. ഒരു പക്ഷേ, ലോകത്തു മറ്റൊരു ട്രെയിനിലുമില്ലാത്ത അവസരം. ചിത്തിര തിരുനാൾ ഉൾപ്പെടെ തിരുവിതാംകൂറിലെ ഒട്ടേറെ രാജാക്കന്മാർ ഈ ട്രെയിനിലാണു മദ്രാസിലേക്കു യാത്ര ചെയ്തിരുന്നത്.

അന്നു നാട്ടു രാജാക്കന്മാർക്കു പ്രത്യേക റോയൽ സലൂണുണ്ടെങ്കിലും തിരുവിതാംകൂർ രാജാക്കന്മാർ അതുപയോഗിക്കാതെ സാധാരണക്കാർക്കൊപ്പം യാത്ര ചെയ്തു. ദക്ഷിണ റെയിൽവേയ്ക്കു കീഴിൽ ആദ്യമായി എസി കോച്ച് ഘടിപ്പിച്ച ട്രെയിനും കൊല്ലം മെയിലാണ്. രാജാക്കന്മാർ യാത്ര ചെയ്യുന്നതു കണക്കിലെടുത്തായിരുന്നു ഇത്. ഇവർക്കൊപ്പം സാധാരണ യാത്രക്കാർക്കും യാത്ര ചെയ്യാൻ അനുവാദമുണ്ടായിരുന്നു.

∙ചരിത്രത്തിലേക്കു നീളുന്ന പാളങ്ങൾ

കൊല്ലം- സെങ്കോട്ട-വിരുദു നഗർ മീറ്റർ ഗേജിന്റെ നിർമാണം പൂർത്തിയായതോടെ 1900 ത്തിന്റെ പകുതിയിലാണു കൊല്ലം മെയിൽ ഓടി തുടങ്ങിയത്. ശ്രീ മൂലം തിരുനാൾ നേരിട്ടു മേൽനോട്ടം വഹിച്ചാണു കൊല്ലം-സെങ്കോട്ട പാതയുടെ നിർമാണം പൂർത്തിയാക്കിയത്. 1918-ൽ ഇതു തിരുവനന്തപുരത്തേക്കു നീട്ടി. ചാല ബസാറിലാണു തിരുവനന്തപുരത്തെ ആദ്യത്തെ സ്റ്റേഷൻ നിർമിച്ചത്. 1931-ൽ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പൂർത്തിയായതോടെ അവിടെ നിന്നായി സർവീസ്.

ബ്രോഡ് ഗേജ് വ്യാപകമായതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. കാലം ചങ്ങല വലിച്ചതോടെ 2000-ത്തിൽ കൊല്ലം മെയിൽ ചരിത്രത്തിലേക്കു പിൻവാങ്ങി. ഒന്നര പതിറ്റാണ്ടിലേറെ നീണ്ട ഗേജ് മാറ്റം ഒരു വർഷം മുൻപാണു പൂർണമായത്. ഇതിനു പിന്നാലെ കൊല്ലം മെയിൽ വീണ്ടും തുടങ്ങണമെന്ന ആവശ്യം ഉയർന്നിരുന്നു.പേരു മാറിയാണെങ്കിലും ഒടുവിൽ പഴയ വണ്ടി തിരിച്ചുവന്നിരിക്കുന്നു.

∙കോച്ചുകളിലെ സിനിമാ ഗന്ധം

രാജാവിന്റെ മാത്രമല്ല, സിനിമാ നക്ഷത്രങ്ങളുടെ കൂടി ട്രെയിനിയായിരുന്നു കൊല്ലം മെയിൽ. 1979-ൽ കന്യാകുമാരി -തിരുവനന്തപുരം പാത വരുന്നതുവരെ തെക്കൻ കേരളത്തിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരെല്ലാം സിനിമാ സ്വപ്നം തേടി മദ്രാസിലേക്കുന്ന വന്നതു കൊല്ലം മെയിലിലാണ്. പ്രേം നസീർ, വയലാർ രാമ വർമ, ദേവരാജൻ, കൊട്ടാരക്കര ശ്രീധരൻ നായർ എന്നിവരെല്ലാം അറുപതുകളിലും എഴുപതുകളിലും ട്രെയിനിലെ സ്ഥിരം യാത്രക്കാരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com