ADVERTISEMENT

രാജാക്കാട് ∙ സർക്കാരും ഡിടിപിസിയും കയ്യൊഴിഞ്ഞ കള്ളിമാലി വിനോദ സഞ്ചാര പദ്ധതി ഏറ്റെടുത്ത് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തും രാജാക്കാട് പഞ്ചായത്തും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കള്ളിമാലി വിനോദ സഞ്ചാര പദ്ധതിക്കായി ഒരു കോടിയോളം രൂപ അനുവദിച്ചിരുന്നു. കിറ്റ്കോയ്ക്കായിരുന്നു പദ്ധതിയുടെ നിർവഹണ ചുമതല. എന്നാൽ നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സ്ഥലം കണ്ടെത്താൻ കഴിയാത്തതിനാൽ പദ്ധതി പെരുവഴിയിലായി. പദ്ധതിക്കായി ആദ്യ ഘട്ടത്തിൽ അനുവദിച്ച 25 ലക്ഷം രൂപ ഡിടിപിസിക്കു നൽകിയിരുന്നു. ഇതിൽ 12 ലക്ഷം രൂപ ഡിടിപിസി കിറ്റ്കോയ്ക്കു നൽകി.

എന്നാൽ പദ്ധതി ഉപേക്ഷിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇൗ പണം മടക്കി നൽകാൻ കിറ്റ്കോ തയാറായിട്ടില്ല. സർക്കാർ ഏജൻസിയായ കിറ്റ്കോ വിനോദ സഞ്ചാര വകുപ്പിന്റെ മറ്റ് പദ്ധതികളിൽ പങ്കാളികൾ ആയതിനാൽ പണം തിരികെ വാങ്ങേണ്ടതില്ല എന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ജനപ്രതിനിധികൾ ഇടപെട്ട് ആവശ്യത്തിനു സ്ഥലം ലഭ്യമാക്കിയാൽ പദ്ധതി നടപ്പിലാക്കുമെന്ന് ‍ഡിടിപിസി സെക്രട്ടറി ജയൻ.പി.വിജയൻ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ വർഷം 23 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ‌ കള്ളിമാലിയിൽ നടപ്പിലാക്കി. ശുചിമുറി, വിശ്രമ മുറി, കന്റീൻ എന്നിവ നിർമിച്ചു. 3 ലക്ഷത്തോളം രൂപ മുടക്കി ഇവിടെ ശുദ്ധജലവും വൈദ്യുതിയും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താനും ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടുണ്ട്. അടുത്ത വർഷം കൂടുതൽ വികസന പ്രവർത്തനങ്ങൾക്കായി 7 ലക്ഷത്തോളം രൂപ കൂടി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്.

കള്ളിമാലി വിനോദ സഞ്ചാര പദ്ധതിയുടെ വികസനത്തിനായി മറ്റ് ഏജൻസികളുടെ സഹായം തേടാതെ പഞ്ചായത്ത് ഏറ്റെടുക്കണം എന്ന് കഴിഞ്ഞ ദിവസം ചേർന്ന രാജാക്കാട് പഞ്ചായത്ത് ബജറ്റ് കമ്മിറ്റിയിൽ അംഗങ്ങൾ പ്രമേയം പാസാക്കിയിരുന്നു. പഞ്ചായത്ത് ഫണ്ടുപയോഗിച്ച് കള്ളിമാലിയിൽ‌ പ്രവേശന കവാടം നിർമിക്കുകയും സോളർ ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. വിശ്രമ മുറികൾ‌, സുരക്ഷാ വേലി എന്നിവ നിർമിക്കാനും പഞ്ചായത്തിന് പദ്ധതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com