ADVERTISEMENT

നെടുങ്കണ്ടം ∙ രാമക്കൽമേട്ടിൽ നടന്നു വന്നിരുന്ന ഓഫ് റോഡ് ജീപ്പ് സവാരിക്കു ഡിടിപിസിയും, മോട്ടർ വാഹനവകുപ്പും വീണ്ടും നിരോധനം ഏർപ്പെടുത്തി. ശനിയാഴ്ച കുരുവിക്കാനം കാറ്റാടിപ്പാടത്തു അനധികൃത ഓഫ് റോഡ് സർവീസ് നടത്തിയ ജീപ്പ് മറിഞ്ഞു വിനോദസഞ്ചാരിയായ വിദ്യാർഥി മരിച്ച സാഹചര്യത്തിലാണ് നിരോധനം. കുരുവിക്കാനത്തു ഓഫ് റോഡ് ട്രക്കിങ്ങിനു അനുമതി നൽകിയിട്ടില്ലെന്നു റവന്യു വിഭാഗവും അറിയിച്ചു.

ഡിടിപിസിയും, മോട്ടർ വാഹന വകുപ്പും അപകടത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചു. അന്വേഷണ റിപ്പോർട്ട് കലക്ടർക്കു സമർപ്പിക്കും. ഇതിനു ശേഷം തുടർനടപടി സ്വീകരിക്കും. അപകടത്തെ തുടർന്നു 9ന് രാമക്കൽമേട്ടിൽ നടത്താനിരുന്ന ഓഫ് റോഡ് സവാരിയുമായി ബന്ധപ്പെട്ട യോഗം ഇന്ന് നെടുങ്കണ്ടത്ത് നടക്കും. രാമക്കൽമെട്ടിൽ നടക്കുന്ന യോഗത്തിൽ ഡിടിപിസി, ആർടിഒ, പൊലീസ്, ഓഫ് റോഡ് ജീപ്പ് ഡ്രൈവർമാർ, വിവിധ യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. നിലവിൽ ആമക്കല്ലിലേക്ക് മാത്രമാണ് നിയന്ത്രണങ്ങളോടെ ഓഫ് റോഡ് ജീപ്പ് ട്രക്കിങ് നടത്തുവാൻ അനുമതി നൽകിയിട്ടുള്ളത്. 

എന്നാൽ അനധികൃതമായി ടൂറിസ്റ്റുകളുമായി അപകട സാധ്യത ഏറിയ സ്ഥലത്തു കൂടി ചിലർ ട്രക്കിങ് നടത്തുകയായിരുന്നു. 3 മാസം മുൻപ് മാത്രമാണു കുരങ്ങിണി ദുരന്തത്തെ തുടർന്നു നിർത്തിയിരുന്ന  ജീപ്പ് സവാരി രാമക്കൽമേട്ടിൽ പുനരാരംഭിച്ചത്. ഇന്നലത്തെ അപകടത്തിൽ പാലക്കാട് മരുത്തൂർ വടക്കേപാട്ട് ശ്രിജീത്ത്‌ (19) ആണ് മരിച്ചത്. തൃശൂർ കുന്നംകുളം ഗുഡ്‌ ഷെപ്പേർഡ് ഐടിഐ വിദ്യാർഥിയാണ് മരിച്ച ശ്രീജിത്ത്. പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. അപകടത്തെ തുടർന്നു മനപൂർവമല്ലാത്ത നരഹത്യക്കു ഡ്രൈവർക്കെതിരെ നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

രാമക്കൽമേട് കുരുവിക്കാനം കാറ്റാടിപാടത്ത് നിന്ന് ഓഫ് റോഡ് ജീപ്പ് 300 അടി താഴ്ചയിലേക്കു കൊക്കയിലേയ്ക്കു പതിയ്ക്കുകയായിരുന്നു. ജീപ്പ് ചെങ്കുത്തായ പാറയുടെ മുനമ്പിൽ എത്തിയശേഷം വാഹനം ഉപയോഗിച്ചുള്ള അഭ്യാസ പ്രകടനങ്ങൾ നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 150 അടിയോളം നിരങ്ങി നീങ്ങിയ ശേഷം അഗാധമായ കൊക്കയിലേക്ക് തലകുത്തനെ മറിയുകയായിരുന്നു. അപകടങ്ങൾ പതിവായതിനെത്തുടർന്ന് ജില്ലാ ഭരണകൂടം ഇടപെട്ട് രാമക്കൽമേട് ഉൾപ്പടെയുള്ള സ്ഥലങ്ങളിലെ ഓഫ് റോഡ് സവാരി നിർത്തലാക്കിയിരുന്നു. രാമക്കൽമേട്ടിൽ ആമപ്പാറയിലേക്ക് മാത്രമാണ് സവാരി നടത്താൻ ഡിടിപിസി അനുമതി നൽകിയിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com