sections
MORE

ടൂറിസമെന്നാൽ കേവലമൊരു സ്ഥലം കാണലല്ല

tourisam
SHARE

  കൊച്ചി∙ ടൂറിസം നാടു കാണാനുള്ള സഞ്ചാരികളുടെ വരവു മാത്രമാണെന്ന് കരുതരുത്. ആ കാലമൊക്കെ കഴിഞ്ഞു. ഇനി പുതിയ ന്യൂജെൻ ടൂറിസത്തിന്റെ കാലം. സാധാരണ ഗതിയിൽ വിനോദ സഞ്ചാരികളുടെ നാടു കാണാനുള്ള വരവ് ഒരു പ്രത്യേക കാലത്തു മാത്രമാണ്. വിനോദ സഞ്ചാരമെന്ന വ്യവസായം ആ കാലത്തേക്കു മാത്രമായി ചുരുങ്ങുന്നതാണു പതിവ്. അതിനു പകരം 365 ദിവസവും സീസണായി വികസിപ്പിക്കുകയാണു പുതിയ ടൂറിസം ലക്ഷ്യമിടുന്നത്.

ടൂറിസം രംഗത്തിന്റെ വൈവിധ്യവൽക്കരണത്തിനു കേന്ദ്ര സർക്കാർ പ്രത്യേക ഊന്നൽ നൽകുന്നു. സാധ്യതകളുള്ള പുതിയ ടൂറിസം മേഖലകൾ കണ്ടെത്തുക, വൈവിധ്യവൽക്കരിക്കുക, വികസിപ്പിക്കുക, പ്രചാരം കൊടുക്കുക എന്നതിലാണ് ഊന്നൽ. മൊത്തത്തിൽ നാടു കാണാൻ വരുന്ന സഞ്ചാരിയിൽനിന്ന് ഒരു പ്രത്യേക കാര്യത്തിനായി മാത്രം വരുന്ന സഞ്ചാരിയിലേക്കുള്ള മാറ്റമാണ് ഈ പുതിയ ടൂറിസത്തിന്റെ കാതൽ. ഒറ്റത്തവണ മാത്രം വന്നിരുന്നയാൾ, പതിവായി വരുന്ന സഞ്ചാരിയായി മാറുന്നതും ഇതിന്റെ തുടർച്ച.

ക്രൂസ് ടൂറിസം

കേരളം, ഗോവ, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ക്രൂസ് ടൂറിസത്തിനു വലിയ സാധ്യതകളാണുള്ളത്. ഈ സംസ്ഥാനങ്ങളിലെ ക്രൂസ് ടൂറിസം വികസനത്തിനായി 2018–19 സാമ്പത്തിക വർഷം 119.55 കോടി രൂപ കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിച്ചിരുന്നു. സമുദ്രങ്ങൾ കടന്നെത്തുന്ന ക്രൂസ് കപ്പലുകൾ ഇന്ന് പുതുമയല്ല. എങ്കിലും, ആഗോള ക്രൂസ് സർക്കീട്ടിന്റെ ഭാഗമാകുകയും അതുവഴി കൂടുതൽ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുകയും ചെയ്യുകയെന്നതാണു പ്രധാനം. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കായലുകളും പുഴകളും ക്രൂസ് ടൂറിസത്തിനു വേണ്ടി പ്രയോജനപ്പെടുത്താനുമാവും.

സാഹസിക ടൂറിസം

അൽപം സാഹസികത ഇഷ്ടപ്പെടുന്നവരാണ് ഒട്ടുമിക്ക സഞ്ചാരികളും. അവരെ ആകർഷിക്കാനായി ഒട്ടേറെ സാഹസിക ടൂറിസം പദ്ധതികൾ ഇന്നു വിവിധ സംസ്ഥാനങ്ങൾ ആവിഷ്ക്കരിക്കുന്നുണ്ട്. മനോഹമായ ബീച്ചുകളിലൂടെ പേരു കേട്ട ഗോവ പോലും ഇന്നു സാഹസിക ടൂറിസം പദ്ധതികൾ സഞ്ചാരികൾക്കായി അവതരിപ്പിക്കുന്നു. തീരദേശവും മലയോരവുമെല്ലാം ഇഷ്ടംപോലെയുള്ള കേരളത്തിലെ സാഹചര്യങ്ങൾ സാഹസിക ടൂറിസം പദ്ധതികൾക്കു വലിയ സാധ്യതയാണു നൽകുന്നത്.സാഹസികതയ്ക്ക് ഊന്നൽ നൽകിയുള്ള പ്രത്യേകം പദ്ധതികൾ ഇതിനു വേണ്ടി ആസൂത്രണം ചെയ്തു നടപ്പാക്കണമെന്നു ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

മെഡിക്കൽ ടൂറിസം

ചികിത്സാ ആവശ്യങ്ങൾക്കായി ഇന്ത്യയിലേക്കു വരുന്ന വിദേശികളുടെ എണ്ണം ഏറിവരുകയാണെന്നാണു റിപ്പോർട്ടുകൾ. മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, ഹൃദയ ശസ്ത്രക്രിയ, സൗന്ദര്യ വർധക ശസ്ത്രക്രിയ, ദന്ത ചികിത്സ എന്നിവയ്ക്കെല്ലാം മെച്ചപ്പെട്ട സൗകര്യങ്ങളാണ് ഇന്ത്യയിലുള്ളത്. മറ്റ് ഏഷ്യൻ രാജ്യങ്ങളും മെഡിക്കൽ ടൂറിസം രംഗത്തു സജീവമാണെങ്കിലും ഈ രംഗത്തെ വിശ്വാസ്യത ഇന്ത്യയ്ക്കു മുതൽക്കൂട്ടാകും. ഗൾഫ് രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ളവർ കേരളത്തിലേതുൾപ്പെടെയുള്ള ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തുന്നു.

രാജ്യത്തെ പരമ്പരാഗത ആരോഗ്യ സംരക്ഷക രീതികളായ ആയുർവേദവും യോഗയും അലോപ്പതിയുമായി സമന്വയിപ്പിച്ചു പ്രത്യേക പാക്കേജായി അവതരിപ്പിക്കുന്നതിലൂടെ സമഗ്രമായ അനുഭവം വിനോദ സഞ്ചാരികൾക്കു പ്രദാനം ചെയ്യാനാവുമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു...

വെൽനെസ് ടൂറിസം

സന്തോഷം തേടിയാണു നമ്മുടെ എല്ലാ യാത്രകളും; അതുകൊണ്ടു തന്നെയാണു വെൽനെസ് ടൂറിസം ഭാവിയുടെ പ്രതീക്ഷയാവുന്നതും. ആരോഗ്യവും സൗഖ്യവും സമന്വയിപ്പിച്ചുള്ള പദ്ധതികളാണ് ‘വെൽനെസ് ടൂറിസ’ത്തിലുള്ളത്. ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള ആയുർവേദ കേന്ദ്രങ്ങൾ ഇതിനകം തന്നെ ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിൽ ഇടം പിടിച്ചു കഴിഞ്ഞു. തനത് ആയുർവേദ പാരമ്പര്യമുള്ള കേരളത്തിന് ‘വെൽനെസ് ടൂറിസം’ രംഗത്തു വലിയ മുന്നേറ്റം നടത്താനാവും. ഈ രംഗത്ത് നിക്ഷേപം നടത്താൻ ഒട്ടേറെ പേർ തയാറാവുന്നതും പ്രതീക്ഷ നൽകുന്നതാണ്.

ഉത്തരവാദിത്ത ടൂറിസം

പ്രകൃതിയോടുള്ള ഉത്തരവാദിത്തം പൂർണമായി നിറവേറ്റുന്ന ടൂറിസം രീതികളിലേക്ക് ലോകത്തെ പ്രമുഖ രാജ്യങ്ങളെല്ലാം മാറി കഴിഞ്ഞു. ബീച്ചുകൾ, കായലുകൾ, തടാകങ്ങൾ, പുഴകൾ, ഹൈറേഞ്ചുകൾ എന്നിവയെല്ലാം സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം വികസനമാണിത്. ടൂറിസത്തിന്റെ പേരിൽ പ്രകൃതിയെ ചൂഷണം ചെയ്യുന്നതാണു പതിവുള്ള കാഴ്ച. അതിനു പകരം പ്രകൃതിയെക്കൂടി ഉൾക്കൊള്ളുന്ന ടൂറിസം രീതികളിലേക്കുള്ള മാറ്റമാണ് കാലം ആവശ്യപ്പെടുന്നത്. സുസ്ഥിരവും, ഉത്തരവാദിത്തവുമുള്ള ടൂറിസത്തെ കുറിച്ച് ടൂർ ഓപ്പറേറ്റർമാരുൾപ്പെടെയുള്ളവരെ ബോധവൽക്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA