ADVERTISEMENT

 

തൊടുപുഴ ∙ മഴ മാറി മാനം തെളിഞ്ഞതോടെ ഇടുക്കിയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം വൻ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. മഴ മാറി നിന്നതും അനുഗ്രഹമായി, 

ഉണർന്ന് മൂന്നാർ

പ്രതികൂല കാലാവസ്ഥ മൂലം ആലസ്യത്തിലായിരുന്ന മൂന്നാർ ടൂറിസം മേഖലയ്ക്ക് ഉണർവായി ഓണം. മഴ മാറി മാനം തെളിഞ്ഞതും ഓണം പ്രമാണിച്ച് ഒരാഴ്ച നീളുന്ന അവധി ദിനങ്ങളും മൂന്നാറിലേക്ക് സഞ്ചാരികളുടെ വരവ് വർധിക്കാൻ കാരണമായി.ഏറെ നാളുകൾക്ക് ശേഷം മാട്ടുപ്പെട്ടിയിലും രാജമലയിലും ഇന്നലെ സന്ദർശകരുടെ തിരക്ക് അനുഭവപ്പെട്ടു.

idukki-water-fall

ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ പ്രവേശന കവാടമായ അഞ്ചാം മൈലിൽ പ്രവേശന ടിക്കറ്റിനായി സഞ്ചാരികളുടെ നീണ്ട നിര ദൃശ്യമായിരുന്നു. പ്രതികൂല കാലാവസ്ഥയിൽ 3 മാസം നീണ്ട കിതപ്പിന് ശേഷം മാട്ടുപ്പെട്ടിയും ഉണർന്നു. ഇന്നലെ ഇവിടത്തെ ബോട്ടുകൾ വിശ്രമം ഇല്ലാതെ ഓടി. സന്ദർശകർ ഇല്ലാത്തതിനാൽ അടഞ്ഞ് കിടന്ന വഴിയോര കടകളും വ്യാപാര സ്ഥാപനങ്ങളും സജീവമായി.സഞ്ചാരികൾ കൂട്ടമായി എത്തുന്നതോടെ മൂന്നാറിലെ അടുത്ത ടൂറിസം സീസണ് തുടക്കമാകുകയാണ്. ഈ ശൈത്യകാല സീസൺ ഫെബ്രുവരി വരെ നീളും. 

നിറഞ്ഞ് പതഞ്ഞ് അവധി... ഓണാവധിയുടെ  അവസാന ദിവസം ചിലവഴിക്കുവാനായി ഇന്നലെ തൊടുപുഴക്കു സമീപം ആനയാടിക്കുത്ത് വെള്ളച്ചാട്ടത്തിൽ എത്തിയ സഞ്ചാരികൾ.

വെള്ളച്ചാട്ടം തുളുമ്പി സഞ്ചാരികൾ

മഴ ചെറുതായി മാറിയതോടെ തിരക്കേറിയത് വെള്ളച്ചാട്ടങ്ങൾക്ക് സമീപം. നിറഞ്ഞു കവിഞ്ഞ് പതഞ്ഞു ചാടുന്ന വെള്ളച്ചാട്ടങ്ങൾ കാണാനായി ഒട്ടേറെ ആളുകളാണ് എത്തുന്നത്.  മലയോര മേഖലയായ കാന്തല്ലൂരിൽ കച്ചാരം വെള്ളച്ചാട്ടം, കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം വനമേഖലയിലെ ചീയപ്പാറ, വാളറ, പൊറ്റാസ് പടി, അടിമാലി, കല്ലാർ വെള്ളച്ചാട്ടങ്ങൾ , ശ്രീനാരായണ പുരം, ആറ്റുകാട് വെള്ള ചാട്ടങ്ങളും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങൾ ആയി മാറി.

അണക്കെട്ടിന്റെ ഗാംഭീര്യം

ഓണം – ടൂറിസം വാരാഘോഷത്തോടനുബന്ധിച്ചു സഞ്ചാരികൾക്കായി തുറന്ന ഇടുക്കി ,ചെറുതോണി അണക്കെട്ടുകൾ കഴിഞ്ഞ 14 ദിവസം കൊണ്ട് സന്ദർശിച്ചു മടങ്ങിയത് 20726 സഞ്ചാരികൾ. ഇതിൽ 2126 പേർ കുട്ടികളാണ്. 7 ലക്ഷം രൂപയുടെ വരുമാനമാണ് ഇത്രയും ദിവസം കൊണ്ട് കെഎസ്ഇബിയുടെ ഹൈഡൽ ടൂറിസം വിഭാഗത്തിന് ഇവിടെ നിന്നു ലഭിച്ചത്. ഇതിൽ രണ്ടു ലക്ഷത്തിലേറെ രൂപയുടെ വരുമാനം ബഗ്ഗി കാറുകളിൽ നിന്നാണ്. അവധിദിനങ്ങൾ പൂർത്തിയായതിനാൽ ഇനിയുള്ള ദിവസങ്ങളിൽ തിരക്ക് കുറയാനാണ് സാധ്യത

തേക്കടിയിൽ ഓണം ഉണർവ്

ഓണം അവധിക്ക് തേക്കടിയിൽ സഞ്ചാരികളുടെ തിരക്കേറി. കഴിഞ്ഞ 4 ദിവസമായി ഇവിടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഈ അവധിക്കാലത്ത് എത്തിയവരിൽ ഭൂരിഭാഗവും മലയാളികളാണ് എന്നതാണ് പ്രത്യേകത. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തേക്കടിയിൽ ഇത്രയേറെ തിരക്ക് അനുഭവപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്. ഇന്നലെ എത്തിയവരിൽ ഒട്ടേറെ പേർക്ക് ബോട്ട് ടിക്കറ്റ് ലഭിച്ചില്ല. ബോട്ട് യാത്ര മുടങ്ങിയെങ്കിലും ലാന്റിങ്ങിൽ ഏറെ സമയം ചെലവഴിച്ചാണ് ഇവർ മടങ്ങിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com