ADVERTISEMENT

ഒരു സൈക്കിളും ജീവിതത്തിൽ ഒരിക്കലും ഉപയോഗിക്കാതെ ബാക്കി വന്ന കുറച്ച് ആത്മവിശ്വാസവും മാത്രം കൈമുതലാക്കി അരുൺ തഥാഗത് എന്ന സഞ്ചാരി ലോകം കാണാൻ ഇറങ്ങുകയാണ്. സേവ് ദ പ്ലാനറ്റ്, ബാക്ക് ടു നേച്ചർ എന്ന സന്ദേശവുമായാണ് എറണാകുളം ജില്ലയിലെ അമ്പലമേട് സ്വദേശി അരുണിന്റെ ഏകാംഗ സൈക്കിൾ പര്യടനം. 

ഒരു വർഷത്തോളം നീണ്ടു നിൽക്കുന്ന ലോകയാത്രയാണ് ഈ സഞ്ചാരിയുടേത്. നാഗാലാന്റ്, മണിപ്പൂർ വഴി മ്യാൻമർ കടന്ന് തായ്‌ലൻഡ്, ബാങ്കോക്ക്, മലേഷ്യ, സിംഗപ്പൂർ, കംബോഡിയ, വിയറ്റ്നാം, ലാവോസ് എന്നിവിടങ്ങൾ സന്ദർശിച്ച് തിരിച്ച് മണിപ്പൂരിൽ പ്രവേശിച്ച ശേഷം ഒറീസ, വിശാഖപട്ടണം ചെന്നൈ വഴി കൊച്ചിയിലേക്ക് എന്ന രീതിയിലാണ് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. സൈക്കിൾ യാത്രകളെ കുറിച്ചുള്ള വിശേഷങ്ങൾ മനോരമ ട്രാവലറുമായി അരുൺ തഥാഗത് പങ്കുവയ്ക്കുന്നു. 

ശമ്പളമില്ല, കറക്കം കടമെടുത്ത് 

പഞ്ചാബും കശ്മീരും ഒഴികെ ഇന്ത്യ മുഴുവനും നേപ്പാളും ഭൂട്ടാനും സോളോ ട്രിപ്പ് നടത്തിയിട്ടുണ്ട്. ആ യാത്രകളിൽ നിന്ന് പകർന്നു കിട്ടിയ ഊർജമാണ് സൈക്കിളിൽ ലോകം ചുറ്റാം എന്ന ആലോചനയ്ക്ക് പിന്നിലെ ചേതോവികാരം. ലോകത്തിലെ ആദ്യത്തെ ഭൗമ സഞ്ചാരിയായ മഗല്ലന്റെ സർക്കം നാവിഗേഷന്റെ 500 ാം വാർഷികമായിരുന്നു സെപ്റ്റംബർ 19ന്. അതിനാല്‍ ഞാൻ എന്റെ ലോക യാത്ര ആരംഭിച്ചതും സെപ്റ്റംബർ19 ന് ആണ്. 

cycle-safari3

 

റവന്യൂ വകുപ്പിൽ സീനിയർ ക്ലർക്കായി ജോലി ചെയ്യുകയാണ്. ശമ്പളമില്ലാത്ത അവധിയും ലോണുകളും എടുത്താണ് യാത്രകൾ നടത്തുന്നത്. കടമെടുത്ത് പലരും വീടും കാറുമെല്ലാം വാങ്ങുന്നില്ലേ. അതുപോലെ ഞാൻ കടമെടുത്ത് യാത്രകൾ പോകുന്നു. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത രണ്ട് ലക്ഷം രൂപയിലേറെ വില വരുന്ന സർലി ഡിസ്ക് ട്രക്കർ എന്ന സൈക്കിളിലാണ് യാത്ര. യാത്ര തുടങ്ങിയിട്ട് ഇന്നേയ്ക്ക് 60 ദിവസം പിന്നിട്ടിരിക്കുന്നു.

പ്ലാസ്റ്റിക്കിനോട് ‘നോ’ പറയാം... 

പ്രകൃതിയിലേക്ക് മടങ്ങുക എന്ന സന്ദേശമാണ് എന്റെ ഈ സോളോ സൈക്കിൾ യാത്ര. ഭക്ഷണം കഴിക്കാനുള്ള ടിഫിൻ ബോക്സും വെള്ളം ശേഖരിക്കാനുള്ള ബോട്ടിലും കയ്യിലുണ്ട്. പ്ലാസ്റ്റിക്കിന്റെ ഉപയോഗമില്ലാതെയാണ് ഈ യാത്ര. ആഗോളതാപനത്തിന് മറുപടിയായി പ്രകൃതിയെ ഒരു തരത്തിലും ദോഷമായി ബാധിക്കാത്ത വാഹനം സൈക്കിൾ മാത്രമാണ്. അതിനാലാണ് യാത്രയ്ക്ക് സൈക്കിൾ തിരഞ്ഞെടുത്തത്.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com