ADVERTISEMENT

കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ  ഇന്ത്യയിൽനിന്നു പുറത്തേക്ക് യാത്ര ചെയ്യാനോ മറ്റു രാജ്യക്കാർക്ക് ഇന്ത്യയിലേക്കു വരാനോ ഉള്ള സൗകര്യങ്ങൾ റദ്ദാക്കുന്നു. നയതന്ത്ര വീസ ഒഴികെയുള്ള എല്ലാ വീസകളും ഏപ്രില്‍ 15 വരെ സസ്പെൻഡ് ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവ‌ര്‍ധന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. യുഎന്നിനും രാജ്യാന്തര സംഘടനാ പ്രതിനിധികള്‍ക്കും തൊഴില്‍ വീസകള്‍ക്കും ഇളവുണ്ട്. മാര്‍ച്ച്‌ 13 ന് ഇതു നിലവിൽവരും. ഇന്ത്യയിലേക്ക് അടിയന്തരമായി യാത്രചെയ്യേണ്ടവര്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.

 

100 ലേറെ രാജ്യങ്ങളിൽ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ചൈന, ഇറ്റലി, ഇറാന്‍, കൊറിയ, ഫ്രാന്‍സ്, സ്പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളില്‍നിന്ന് വരുന്നവരോ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരോ ഇന്ത്യയിലെത്തിയാല്‍ 14 ദിവസത്തേക്ക് കര്‍ശനമായി നിരീക്ഷിക്കും.

 

ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് തായ്‌ലൻഡ് വീസ നിരോധിച്ചിട്ടുണ്ട്. ഇന്ത്യ അടക്കം 18 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തായ്‌ലൻഡ് വീസ നൽകില്ല.

 

അമേരിക്കയില്‍നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള എല്ലാ യാത്രകള്‍ക്കും നിരോധനമേര്‍പ്പെടുത്തിയതായി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് അമേരിക്കയിലേക്കുള്ള വീസകളും ഇതോടെ റദ്ദാക്കപ്പെടും. വ്യാപാരമുള്‍പ്പടെ റദ്ദാക്കപ്പെടുമെന്ന സൂചനകളാണ് ട്രംപിന്‍റെ പ്രസ്താവനയിലുള്ളത്. ചെറിയ ഇളവുകള്‍ നല്‍കിയിരിക്കുന്നത് ബ്രിട്ടനു മാത്രമാണ്. അമേരിക്കയില്‍ കോവിഡ് 19 കേസുകളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിലാണിത്. 

 

കൊറോണാ ഭീതി നിലനിൽക്കുന്നതിനാൽ ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങളിലേക്ക് സൗദി അറേബ്യ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. സൗദി ഇഖാമയുള്ളവര്‍ക്ക് മടങ്ങാന്‍ 72 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്. ഇന്ത്യയുള്‍പ്പെടെ ഈ പട്ടികയിലുള്ള രാജ്യങ്ങളില്‍ 14 ദിവസം കഴിഞ്ഞവര്‍ക്ക് സൗദിയിലേക്ക് യാത്ര ചെയ്യാനാകില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

നിലവില്‍ 114 രാജ്യങ്ങളിലായി ഒരുലക്ഷത്തിലേറെ പേര്‍ക്ക് രോഗം ബാധിച്ചു കഴിഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 4600 ലേറെ പേരാണ് വൈറസ് ബാധ കാരണം മരിച്ചത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com