sections
MORE

ലോകമെങ്ങും കൂടുതൽ യാത്രാനിയന്ത്രണങ്ങൾ

corona
Representative Image
SHARE

ന്യൂഡൽഹി ∙ കോവിഡ് 19 വ്യാപനം തടയാനുള്ള മുൻകരുതലെന്ന നിലയിൽ ലോകമെങ്ങും കൂടുതൽ യാത്രാനിയന്ത്രണങ്ങൾ. ഇന്ത്യയിലേക്കും യൂറോപ്പിലേക്കുമുള്ള വിമാന സർവീസുകൾ ഞായറാഴ്ച മുതൽ സൗദി നിർത്തിവയ്ക്കും. യൂറോപ്പിൽ നിന്നുള്ള യാത്രക്കാർക്കു വിലക്ക് ഏർപ്പെടുത്തുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു; ബ്രിട്ടനും അയർലൻഡിനും ഇളവ്. കേന്ദ്രമന്ത്രിമാരടക്കം വിദേശയാത്ര ഒഴിവാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. ഇന്ത്യ പ്രഖ്യാപിച്ച ടൂറിസ്റ്റ് വീസാ വിലക്ക് ഇന്നു മുതൽ ഏപ്രിൽ 15 വരെയാണ്. ഒമാൻ ഞായർ മുതൽ ഒരു മാസത്തേക്കു സന്ദർശക വീസ നിർത്തിവയ്ക്കും.

സൗദിയിൽ പ്രവാസികൾ നാളെയ്ക്കകം എത്തണം

സൗദിയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കു തിരിച്ചെത്താൻ ഇന്നലെ പുലർച്ചെ മുതൽ നാളെ വരെ 72 മണിക്കൂർ അനുവദിച്ചു. റീ എൻട്രി വീസയിൽ അവധിക്കു നാട്ടിലേക്കു പോയവർ നാളെയ്ക്കകം തിരിച്ചെത്തണം. ഡോക്ടർമാരും നഴ്സുമാരുമടക്കം ആരോഗ്യമേഖലയിലുള്ളവർക്ക് ഇളവുണ്ട്. ഇന്നു മുംബൈ വഴി ജിദ്ദയിലേക്ക് 60,750 രൂപയ്ക്കു വരെ വിമാന ടിക്കറ്റ് എടുത്തവരുണ്ട്. കഴിഞ്ഞയാഴ്ച വരെ 14,000 രൂപയായിരുന്നു നിരക്ക്. നാളെയ്ക്കകം ടിക്കറ്റ് കിട്ടിയില്ലെങ്കിൽ എന്തു ചെയ്യുമെന്ന ആശങ്കയിലാണു പലരും. 

കോഴിക്കോട്ടുനിന്നു കഴിഞ്ഞ ദിവസങ്ങളിൽ മുടങ്ങിയ സൗദി എയർലൈൻസ് സർവീസ് ഇന്നു റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കുണ്ടാകും. ഈ മാസം 4 മുതൽ നിർത്തിവച്ചിരുന്ന കൊച്ചി– റിയാദ് സൗദി എയർലൈൻസ് വിമാനം നാളെ സർവീസ് നടത്തും.തിരുവനന്തപുരം– ദമാം ഇൻഡിഗോ വിമാനം ഇന്നു സർവീസ് നടത്താനാകുമോ എന്നു പരിശോധിക്കുകയാണെന്ന് ഇൻഡിഗോ അറിയിച്ചു.

ഫൈനൽ എക്സിറ്റിലും റീ എൻട്രി വീസയിലും നാട്ടിലേക്കു പോകാനിരിക്കുന്നവർക്കും 72 മണിക്കൂർ കാലാവധി പ്രയോജനപ്പെടുത്താം. എക്സിറ്റ് വീസ ലഭിച്ചവർക്കു സൗദിയിൽ തങ്ങാവുന്ന പരമാവധി കാലയളവ് 2 മാസമാണ്. യാത്രാനിയന്ത്രണം എന്നുവരെയെന്നു വ്യക്തമാക്കിയിട്ടില്ല. ഉംറ തീർഥാടനം വിലക്കുന്നതിനു മുൻപു സൗദിയിലെത്തിയവരിൽ ചിലരും മടങ്ങിയെത്താനുണ്ട്.

യുഎസിന്റെ വിലക്ക് 30 ദിവസത്തേക്ക്

26 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്നു മുതൽ 30 ദിവസത്തേക്കാണു യുഎസിന്റെ വിലക്ക്. യുഎസ് പൗരന്മാർക്കും യുഎസിൽ സ്ഥിരതാമസാനുമതി ഉള്ളവർക്കും വിലക്കില്ല. തീരുമാനം ഏകപക്ഷീയമെന്നു യൂറോപ്യൻ യൂണിയൻ കുറ്റപ്പെടുത്തി.

തീരുമാനമറിഞ്ഞ് നാലുവർഷത്തിനിടെ ഏറ്റവും വലിയ ഇടിവാണു യൂറോപ്യൻ ഓഹരിവിപണിയിലുണ്ടായത്. ഓസ്ട്രേലിയയും യാത്രാവിലക്ക് ഏർപ്പെടുത്തുമെന്നു സൂചനയുണ്ട്.

അതിജീവിച്ച് വുഹാൻ

കോവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ പുതിയ കേസുകൾ ആദ്യമായി ഒറ്റയക്കത്തിലെത്തി – ഇന്നലെ 8 മാത്രം. ബെയ്ജിങ്ങിൽ വിമാനമിറങ്ങുന്ന എല്ലാ വിദേശികൾക്കും 14 ദിവസ സമ്പർക്കവിലക്കിലുള്ള നിരീക്ഷണം നിർബന്ധമാക്കി.

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA