ADVERTISEMENT

ലോകത്തെ ആശങ്കയിലാക്കി കോവിഡ് 19 വൈറസ് പടര്‍ന്നുപിടിക്കുന്നു. കോവി‍ഡ് 19 ഭീതിയെ തുടർന്ന് കേരള സംസ്ഥാനം ഉൾപ്പടെ മിക്ക സംസ്ഥാനങ്ങളും ലോക്ക്ഡൗൺ ചെയ്തു. രാജ്യവ്യാപകമായി ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന ട്രെയിനുകള്‍ ഒന്നും തന്നെ ഈമാസം 31 വരെ സര്‍വ്വീസ് നടത്തുന്നതല്ല എന്ന് മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി കോര്‍ബയില്‍ നിന്നും തിരുവനന്തപുരം വരെ പോകുന്ന  കോര്‍ബ തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് കോട്ടയം റെയില്‍വേ സ്റ്റേഷൻ വഴി കടന്നു പോയി. ഇനി നിയന്ത്രണങ്ങള്‍ നീക്കുന്നതു വരെ കോട്ടയം സ്റ്റേഷന്‍ വഴി യാത്രാ ട്രെയിനുകള്‍ എത്തില്ല.

 

കഴിഞ്ഞ ദിവസം കോട്ടയം സ്റ്റേഷനിലെ കൗണ്ടറുകള്‍ ഒക്കെ പൂട്ടിയിരുന്നു. സ്റ്റേഷന്റെ പ്രവേശന കവാടത്തില്‍ റെയില്‍വേ പൊലീസ് പ്രവേശനം നിഷേധിച്ച് റിബണ്‍ കെട്ടി. പുറത്തിറങ്ങിയ യാത്രക്കാരെ പരിശോധനയ്ക്കു ശേഷമാണ് ആരോഗ്യ വകുപ്പ് സംഘം വിട്ടത്. ആദ്യമായാണ് യാത്രാ ട്രെയിനുകള്‍ ഇല്ലാതെ സ്റ്റേഷന്‍ വിജനമാകുന്നത്. ഇനി വല്ലപ്പോഴും എത്തുന്ന ഗുഡ്‌സ് ട്രെയിനുകള്‍ മാത്രം ഇതിലെ കടന്നുപോകും. സ്റ്റേഷന്‍ മാസ്റ്ററും ഗുഡ്‌സ് ട്രെയിന്‍ ട്രാഫിക് നിയന്ത്രിക്കാനുള്ള ജീവനക്കാരും മാത്രമായിരിക്കും ജോലിക്ക് എത്തുക.

 

കുമരകം, വാഗമണ്‍ തുടങ്ങി നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന റെയില്‍വേ സ്റ്റേഷനാണ് കോട്ടയം. ഇപ്പോഴത്തെ ഇൗ സാഹചര്യത്തിൽ യാത്രകൾക്ക് വിലക്ക് നൽകിയതോടെ വിനോദസഞ്ചാര മേഖലയും പ്രതിസന്ധിയിലാണ്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ 31 വരെ അടച്ചിട്ടിരിക്കുകയാണ്. ആയിരത്തിലേറെ പേർക്കു തൊഴിൽ നഷ്ടപ്പെട്ട അവസ്ഥയും. സഞ്ചാരികൾ ഏറെ എത്താറുള്ള ഏപ്രിൽ, മേയ് മാസങ്ങളിലും സ്ഥിതി വ്യത്യസ്തമാകില്ലെന്ന ആശങ്കയിലാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരും സംഘടനകളും. 2 പ്രളയങ്ങൾ ഏൽപിച്ച ആഘാതത്തിൽ നിന്നു കരകയറാൻ ശ്രമിക്കുന്നതിനിടെയാണു പുതിയ പ്രതിസന്ധി.

 

ബസ് സര്‍വീസുകളും പൂർണമായി നിര്‍ത്തിയിരിക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാമെങ്കിലും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ സർക്കാറിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെയും നടപടികള്‍ പാലിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com