ADVERTISEMENT

ഫണലിന്‍റെ രൂപത്തിലുള്ള മനോഹരമായ ലില്ലിച്ചെടിയാണ് ബുഷ്‌വെല്‍ഡ് വ്ലേ ലില്ലി. വെള്ളയും ലൈറ്റ് പിങ്കും നിറത്തിലാണ് ഇവ ഉണ്ടാകുന്നത്. സൂര്യപ്രകാശം പരന്നു തുടങ്ങുമ്പോള്‍ ഹൃദ്യമായ സുഗന്ധം പരത്തിക്കൊണ്ട് ഇവ വിടര്‍ന്നു തുടങ്ങുന്നു.

തെക്കന്‍ നമീബിയയിലെ മാള്‍ട്ടഹോഹെ പട്ടണത്തിന് 40 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന സാന്‍ഡ്ഹോഫ് ഫാമില്‍ ഇപ്പോള്‍ ഈ ലില്ലിച്ചെടികള്‍ പൂത്തുലഞ്ഞിരിക്കുകയാണ്. രാജ്യത്ത് ഇക്കുറി ലഭിച്ച മികച്ച മഴയാണ് ഇവ പൂത്തതിനു കാരണം എന്ന് വിദഗ്ധര്‍ പറയുന്നു. ഏകദേശം 770 ഹെക്ടര്‍ വിസ്താരത്തില്‍ പരന്നുകിടക്കുന്ന പ്രദേശത്ത് മുഴുവന്‍ പൂത്തുലഞ്ഞ ലില്ലിച്ചെടികളാണ്.

ചതുപ്പുനിലങ്ങളിലാണ് ഈ പൂക്കള്‍ വിരിയുന്നത്. ആറോ ഏഴോ ദിവസം കൊണ്ട് പിങ്ക് നിറത്തില്‍ നിന്നും വെള്ള നിറത്തിലേക്ക് മാറുന്ന ഈ പൂക്കള്‍ പിന്നീട് വാടിപ്പോകുന്നു.

ദിനവും നിരവധി ആളുകളാണ് ഈ പുഷ്പവസന്തം കാണാനായി ഇവിടെ എത്തുന്നതെന്ന് ഫാമിന്റെ ഉടമ മാർക്ക് മോർഗൻ പറയുന്നു. വരൾച്ചയ്ക്ക് ശേഷം ആദ്യമായാണ് ലില്ലിച്ചെടികള്‍ പൂവിടുന്നത്. കളിമണ്ണിലാണ് ഇവ നട്ടിരിക്കുന്നത്. ഇതില്‍ ഏകദേശം 30 സെന്റിമീറ്റർ മഴ കിട്ടിയാല്‍ മാത്രമേ പൂക്കള്‍ വിരിയൂ.

വിരിഞ്ഞു നില്‍ക്കുന്ന ലില്ലിപ്പൂക്കള്‍ കാണാനായി ജർമനി, ദക്ഷിണാഫ്രിക്ക, ബെൽജിയം എന്നിവിടങ്ങളിൽ നിന്നെല്ലാം സന്ദർശകര്‍ എത്തുന്നുണ്ട്. ഇവിടെ എത്തുന്നവരില്‍ മൂന്നില്‍ രണ്ടു ഭാഗവും കേട്ടറിഞ്ഞെത്തുന്ന വിദേശികള്‍ തന്നെയാണ്. അതിരാവിലെ തുറക്കുന്ന ഫാം സന്ധ്യ മയങ്ങുന്നതോടെ അടയ്ക്കും.

മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ ലില്ലികള്‍ വീണ്ടും പൂവിട്ടത്. നമീബിയയെക്കൂടാതെ ബോട്സ്വാനയിലും വടക്കൻ ക്വാസുലു-നതാൽ മുതൽ ദക്ഷിണാഫ്രിക്കയിലെ ലിംപോപോ വരെയുള്ള ചതുപ്പുനിലങ്ങളിലും ഈ ലില്ലികള്‍ വളരുന്നുണ്ട്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com