sections
MORE

വിദേശ വിനോദസഞ്ചാരികൾക്ക് കൈത്താങ്ങായി കെടിഡിസി; സേവന സന്നദ്ധരായി ജീവനക്കാർ

ktdc-samudra
SHARE

കഴിഞ്ഞ കുറച്ച് കാലമായി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് അത്ര നല്ല നാളുകളായിരുന്നില്ല കടന്നുപോയ്ക്കൊണ്ടിരുന്നത്. കോവിഡ്19 കേരള ടൂറിസത്തെ താറുമാറാക്കിയെന്ന് മാത്രമല്ല. കേരളത്തിൽ ഇതിനകം എത്തിയ വിദേശ സഞ്ചാരികൾ വഴിയാധാരമായി. എന്നാൽ കൊറോണ വൈറസ് പോരാട്ടത്തിനെതിരെ സർക്കാരിനൊപ്പം മികച്ച പിന്തുണയുമായി നിൽക്കുകയാണ് കെടി‍ഡിസി. കെടിഡിസിയുടെ വിവിധ ഹോട്ടലുകൾ വിനോദസഞ്ചാരികൾക്ക് വേണ്ട എല്ലാ സഹായങ്ങളുമായി മുന്നിൽ തന്നെയുണ്ട്.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് സർക്കാറിന്റെയും ടൂറിസം - ജില്ലാ ഭരണാധികാരികളുടെയും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രതിരോധ പ്രോട്ടോക്കോളുകൾ പാലിച്ച് താമസത്തിനും ഭക്ഷണത്തിനുമുള്ള എല്ലാ സൗകര്യങ്ങളും കെടിഡിസിയുടെ ഹോട്ടലുകളിലും റിസോർട്ടുകളിലും നൽകിവരുന്നു.

കഴിഞ്ഞദിവസം കൊറോണ പരിശോധനഫലം നെഗറ്റീവായ ഇരുന്നൂറോളം ജർമൻ വിനോദസഞ്ചാരികളെ സർക്കാരിന്റെ നേതൃത്വത്തിൽ അവരുടെ രാജ്യത്തേക്ക് മടക്കി അയക്കുന്നത് വരെ കെടിഡിസിയുടെ സമുദ്ര ഹോട്ടലിലാണ് താമസിച്ചിരുന്നത്. ജർമ്മനിയിൽ നിന്നെത്തി ഇവിടെ കുടുങ്ങിപ്പോയ ഒരു വിനോദസഞ്ചാരി തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കെടിഡിസി യുടെ ഭാഗത്ത് നിന്നും തനിക്കും കൂടെയുള്ളവർക്കും ലഭിച്ചത് മികച്ച സേവനമായിരുന്നുവെന്നാണ് അവർ പറഞ്ഞത്. 

ഇത്തരത്തിൽ സർക്കാർ നേതൃത്വമെടുത്ത് ഒഴിപ്പിക്കുന്ന വിനോദസഞ്ചാരികൾക്ക് വേണ്ട സൗകര്യങ്ങളാണ് കെടിഡിസി ഒരുക്കി കൊണ്ടിരിക്കുന്നതെന്ന് മാസ്ക്കറ്റ് ഹോട്ടലിന്റെ ജനറൽ മാനേജർ ദിലീപ് പറഞ്ഞു. കൊറോണ ടെസ്റ്റ് നെഗറ്റീവ് ആയിട്ടുള്ള വിനോദസഞ്ചാരികളെ സർക്കാർ നിർദ്ദേശിക്കുമ്പോൾ തങ്ങളുടെ വിവിധ ജില്ലകളിലുള്ള ഹോട്ടലുകളിൽ താമസിപ്പിക്കാനുള്ള സൗകര്യങ്ങളാണ് ഇപ്പോൾ ചെയ്തുകൊടുക്കുന്നത്. അവർ തിരിച്ചു പോകുന്നതുവരെയുള്ള  കാര്യങ്ങൾ വളരെ കൃത്യതയോടുകൂടി തന്നെ ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ കെടിഡിസിയുടെ കോവളത്തെ സമുദ്ര ഹോട്ടൽ, കൊച്ചിയിലെ ബോൾഗാട്ടി പാലസ്, പാലക്കാട് മലമ്പുഴയിലെ ഗാർഡൻ ഹൗസ്,  തണ്ണീർമുക്കത്തുള്ള കുമരകം ഗേറ്റ് വേ, ആലപ്പുഴയിലുള്ള റിപ്പിൾ ലാൻഡ് എന്നിവിടങ്ങളിലാണ് കൂടുതലും വിനോദസഞ്ചാരികളെ താമസിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണെന്നും ദിലീപ് പറഞ്ഞു.

സേവനത്തിന് തയാറെടുത്ത് ജീവനക്കാർ

ഈ സ്ഥാപനങ്ങളുടെയെല്ലാം മാനേജർമാരും ജീവനക്കാരും സ്വമേധയാ സർക്കാരിനൊപ്പം സേവനം അനുഷ്ഠിക്കാൻ തയാറാണെന്ന തീരുമാനമെടുത്ത് മുന്നോട്ട് വന്നിട്ടുള്ളവരാണ്. ജീവനക്കാർക്ക് പുറത്തുപോകാൻ സാധിക്കാത്ത സാഹചര്യം ആയതിനാൽ അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സഹായങ്ങളും കെടിഡിസി ഉറപ്പു നൽകുന്നുണ്ട്. കെടിഡിസി ഇവരുടെ സുരക്ഷയും ഉറപ്പാക്കുന്നുണ്ട്. ജീവനക്കാർക്ക് താമസം ഉൾപ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും അതാത് സ്ഥലങ്ങളിൽ തന്നെ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല ജീവനക്കാർക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ട് തന്നെ ജോലി ചെയ്യാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇവർക്ക് ആവശ്യമായ സാനിറ്റൈസറുകൾ, ഹാൻ വാഷ്, കൈയുറകൾ, മാസ്ക്കുകൾ എന്നിവയെല്ലാം ലഭ്യമാക്കിയിട്ടുണ്ട്.

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA