ADVERTISEMENT

പ്രത്യേകവിമാനത്തിൽ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേയ്ക്കു തിരിക്കുന്നതിനുമുൻപ് യൂറോപ്പിലെ പല രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ ടൂറിസം വകുപ്പിലെയും പൊലീസിലെയും ഉദ്യോഗസ്ഥരോടു പറഞ്ഞു– ‘ദൈവത്തിന്റെ സ്വന്തം നാട് എന്നത് കേരളത്തെക്കുറിച്ചുള്ള വിശേഷണവാക്കു മാത്രമല്ല, നന്ദി. ഞങ്ങൾ ഇനിയും വരും’. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ 232 യൂറോപ്യൻ സഞ്ചാരികളാണ് എയർ ഇന്ത്യയുടെ പ്രത്യേകവിമാനത്തിൽ ഇന്നലെ രാവിലെ തിരുവനന്തപുരത്തു നിന്ന് മടങ്ങിയത്. ജർമൻ കോൺസുലേറ്റ് മുൻകയ്യെടുത്താണ് പ്രത്യേകവിമാനം ഏർപ്പാടാക്കിയത്. മടങ്ങിയവരിൽ 180പേർ ജർമൻ പൗരന്മാരാണ്.

പോളണ്ട്, ഇറ്റലി, അയർലൻഡ്, യുകെ, ഫ്രാൻസ്, സ്പെയിൻ, സ്വീഡൻ, ഓസ്ട്രിയ, ഹംഗറി, ബൽജിയം, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ബാക്കി 52 പേർ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 14 ദിവസം നിരീക്ഷണ കാലാവധി കഴിഞ്ഞവരായിരുന്നു എല്ലാവരും. യാത്രയ്ക്കു മുൻപ് കോവിഡ് പരിശോധനയും നടത്തി.  വിവിധ ജില്ലകളിലായിരുന്ന സഞ്ചാരികളെ ടൂറിസം വകുപ്പാണ് തിരുവനന്തപുരത്ത് എത്തിച്ചത്. കെടിഡിസിയുടെ ഹോട്ടലുകളിൽ പാർപ്പിച്ചാണ് പരിശോധനയും റജിസ്ട്രേഷനും പൂർത്തിയാക്കിയത്.

ഇന്നലെ രാവിലെ പ്രത്യേക വാഹനങ്ങളിൽ എല്ലാവരെയും വിമാനത്താവളത്തിലെത്തിച്ചു. പതിവു സുരക്ഷാപരിശോധനകൾക്കു ശേഷമാണ് യാത്രക്കാരെ വിമാനത്തിൽ കയറ്റിയത്. പൈലറ്റുമാരും എയർഹോസ്റ്റസുമാരും ഉൾപ്പെടെ സുരക്ഷാവസ്ത്രങ്ങളണിഞ്ഞ് യാത്രക്കാരെ സ്വീകരിച്ചു. മുംബൈയിലെത്തി ഇന്ധനം നിറച്ച ശേഷമാണ് എയർ ഇന്ത്യ വിമാനം യാത്ര തുടർന്നത്. ഇന്നലെ രാത്രിയോടെ സംഘം സുരക്ഷിതമയി ഫ്രാങ്ക്ഫർട്ടിലെത്തി. ഫ്രാങ്ക്ഫർട്ടിൽ നിന്ന് മറ്റു രാജ്യങ്ങളിലെ സഞ്ചാരികളെ അതാതിടങ്ങളിൽ എത്തിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com