ADVERTISEMENT

കൊറോണക്കാലത്ത് വൈറസ് പടരുന്നത് തടയാനായി വീട്ടിലിരിക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കാത്തവര്‍ക്ക് വേണ്ടി വ്യത്യസ്തമായ ഒരു 'കൊട്ടേഷന്‍' നൽകിയിരിക്കുകയാണ് ജാവയിലെ സുകോഹാര്‍ജോയിലെ കെപു ഗ്രാമം. എന്നാല്‍ മനുഷ്യരെ ഉപയോഗിച്ചല്ല, 'പ്രേത'ങ്ങളെ കൂട്ടു പിടിച്ചാണ് വീട്ടിലിരിക്കാത്തവര്‍ക്ക് മുട്ടന്‍ പണിയുമായി വളണ്ടിയര്‍മാര്‍ എത്തുന്നത്!

ഇന്തോനേഷ്യയില്‍ ജാവയുടെ മദ്ധ്യഭാഗത്താണ് സുകോഹാര്‍ജോ പ്രദേശം. സുരാകാര്‍തയില്‍ നിന്നും പത്തു കിലോമീറ്റര്‍ ദൂരമുള്ള ഇവിടെ  ആയിരത്തില്‍ത്താഴെ ആളുകള്‍ മാത്രമാണ് വസിക്കുന്നത്. ഇന്തോനേഷ്യയിലെ തന്നെ ഏറ്റവും അപകടകരമായ റെയില്‍വേ ലൈനായ സോളോ- വോനോഗിരിക്ക് പേര് കേട്ട പ്രദേശം.

ജാവയില്‍ കാലങ്ങളായി പ്രചരിക്കുന്ന നാടോടിക്കഥകളിലെ ഒരു പ്രധാന കഥാപാത്രമാണ് 'പോകോങ്ങ്' അഥവാ 'പോചോങ്ങ്' എന്ന് പേരുള്ള പ്രേതം. ശാന്തി കിട്ടാതെ അലയുന്ന ആത്മാക്കളാണ് ഇവ. ശവപ്പറമ്പുകള്‍ തോറും നടക്കുന്ന ഈ ഗതികിട്ടാപ്രേതങ്ങള്‍ ഇപ്പോള്‍ സഞ്ചാരവിലക്ക് ലംഘിച്ച് പുറത്തു കറങ്ങി നടക്കുന്ന ആളുകളെ തേടി തെരുവുകളിലേക്ക് ഇറങ്ങുകയാണ്.

രാത്രി പട്രോളിനിറങ്ങുന്ന വളണ്ടിയര്‍മാരാണ് ഈ ആശയത്തിന് പിന്നില്‍. പ്രേതത്തിന്‍റെ വേഷം കെട്ടി പുറത്തിറങ്ങുന്നതും ഇവരാണ്. എല്ലാ ദിവസവും രാത്രി പ്രേതത്തിന്‍റെ രൂപത്തില്‍ ഇവര്‍ പാറാവിനിറങ്ങും. ഇതുമൂലം കൂടുതല്‍ ആളുകള്‍ വീടിനുള്ളില്‍ തന്നെ ഇരിക്കാന്‍ തുടങ്ങിയെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ 'പ്രേത'ത്തെ ഒരു നോക്കു കാണാനായി പുറത്തിറങ്ങി വരുന്ന വിരുതന്മാരും ഉണ്ട്!

കൊറോണ പ്രതിരോധത്തിനായി ലോകമെങ്ങും സാമൂഹിക അകലം പാലിക്കുന്ന സാഹചര്യത്തില്‍ ദ്വീപുനിവാസികളുടെ വ്യത്യസ്തമായ ഈ ആശയം ലോകമെങ്ങുമുള്ള ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. കൊറോണക്കാലത്ത് പ്രേതത്തെ ഉപയോഗിച്ച് ആളുകളെ വീട്ടിലിരുത്തുന്ന വിദ്യ ക്ലിക്കായതിനാല്‍ ഇനിയും കൂടുതല്‍ സ്ഥലങ്ങളില്‍ ഇതേപോലെ 'പ്രേത'ങ്ങള്‍ ഇറങ്ങുമോ എന്ന് കാത്തിരുന്നു കാണാം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com