ADVERTISEMENT

കൊറോണ പടർന്നുപിടിച്ച സാഹചര്യത്തിൽ ദുരിതത്തിലായ ഇറ്റലിയെ സഹായിക്കാൻ ഡോക്ടർമാരെയും നഴ്സുമാരെയും അയച്ചതു  ക്യൂബയാണ്. ഇറ്റലിയിൽ കോവിഡ് രോഗം ഏറ്റവും ഗുരുതരമായി ബാധിച്ച ലംബാർഡി മേഖലയിലാണ് അഭ്യർഥന അനുസരിച്ച് ക്യൂബൻ മെഡിക്കൽ സംഘം എത്തിച്ചേർന്നത്.1959ലെ വിപ്ലവത്തിനുശേഷം ലോകത്തെ ദുരിതമനുഭവിക്കുന്ന രാജ്യങ്ങളിലേക്ക് ‘വെളുത്ത കുപ്പായക്കാരുടെ സൈന്യത്തെ’ രക്ഷാപ്രവർത്തനങ്ങൾക്കായി ക്യൂബ അയയ്ക്കാറുണ്ട്.

പ്രധാനമായും ദരിദ്ര രാജ്യങ്ങള്‍ക്കാണു ക്യൂബ സഹായം നൽകുക. 2010ൽ ഹെയ്തിയിൽ കോളറ ബാധിച്ചപ്പോഴും പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള ബാധിച്ചപ്പോഴും അതിനെതിരായ പോരാട്ടത്തിൽ മുന്‍നിരയിൽനിന്നത് ക്യൂബയിൽനിന്നെത്തിയ ‍ഡോക്ടർമാരായിരുന്നു. ലോകത്തിലെ സമ്പന്ന രാജ്യങ്ങളിലൊന്നായ ഇറ്റലിയിലേക്ക് ഇതാദ്യമായാണു ക്യൂബൻ സംഘം എത്തുന്നത്. 

ദരിദ്രന്‍റെ കുപ്പായമണിഞ്ഞ്‌ നില്‍ക്കുന്ന രാജകുമാരനെപ്പോലെയാണ് ക്യൂബ എന്നാണ് പറയാറ്. ശൂന്യമായ മുന്‍വശങ്ങള്‍ കടന്ന് നടന്നു ചെല്ലുമ്പോള്‍ കാണുന്നത് നിധികുംഭങ്ങളാവും. അപ്രതീക്ഷിതവും ആവേശമുണര്‍ത്തുന്നതുമായ ഇത്തരം ദ്വൈതാവസ്ഥകളാണ് ക്യൂബയെ വ്യത്യസ്തമാക്കുന്നത്. മനസ്സിലാക്കാന്‍ അല്‍പ്പം പ്രയാസമാണെങ്കിലും, ക്ലാസിക് എന്ന ഒറ്റ വാക്കില്‍ നിര്‍വചിക്കാന്‍ പറ്റുന്ന രാജ്യം.

ഒരു കാലത്ത് കരീബിയന്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണമേറ്റ കൊളോണിയല്‍ നഗരങ്ങള്‍ക്ക് അല്‍പ്പം ആധുനികതയുടെ മേമ്പൊടി ചേര്‍ന്നു എന്നല്ലാതെ വലിയ മാറ്റങ്ങളില്ല. സമൃദ്ധിയുടെയും ഉപജാപങ്ങളുടെയും കഥകള്‍ പേറുന്ന ഹവാന, ട്രിനിഡാഡ്, റെമിഡിയോസ്, കാമാഗെയ് എന്നിവിടങ്ങളിലെയെല്ലാം നിര്‍മ്മിതികളും അന്തരീക്ഷവും പരിശോധിച്ചാല്‍ ഇത് സത്യമാണെന്ന് മനസ്സിലാവും. ചരിത്രം പേറുന്ന പല കെട്ടിടങ്ങളും നശിച്ചു പോയെങ്കിലും ഇവയില്‍ പലതും പുതുക്കിപ്പണിഞ്ഞിട്ടുണ്ട്. ഇന്ന്, അതിമനോഹരമായ സ്വകാര്യ ഹോംസ്റ്റേകളും റെട്രോ-തീം റെസ്റ്റോറന്റുകളുമൊക്കെയായി അവ സഞ്ചാരികള്‍ക്കായി തുറക്കുന്നു. ക്യൂബന്‍ ചരിത്ര പൈതൃകം അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്നു. 

വമ്പന്‍ കമ്പനികളുടെ സ്വാധീനം ക്യൂബന്‍ വിനോദ സഞ്ചാരമേഖലയെ ഗ്രസിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പരീക്ഷണങ്ങളാല്‍ സമ്പന്നമാണ് ഇവിടുത്തെ വിനോദ സഞ്ചാരം. 

വടക്കന്‍ പ്രദേശങ്ങളിലും ദ്വീപുകളിലും കാണുന്ന മനോഹരമായ പഞ്ചാരമണല്‍ത്തീരങ്ങളാണ് ക്യൂബന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന ഘടകം. ഇവ കൂടാതെ വനങ്ങളും മുതലകള്‍ വിഹരിക്കുന്ന ചതുപ്പുകളും ഉപേക്ഷിക്കപ്പെട്ട കാപ്പിത്തോട്ടങ്ങളും നാടോടിക്കഥകളില്‍ പ്രശസ്തമായ പര്‍വ്വതങ്ങളുമടക്കം വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാണ് ക്യൂബയിലുള്ളത്. ഇവിടുത്തെ ഓരോ നഗരത്തിനും അതിന്റേതായ സവിശേഷമായ അനുഭവവും പ്രത്യേക ചരിത്രവുമുണ്ട്. 

ക്യൂബയില്‍ പോകുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ചില ഇടങ്ങളുണ്ട്

1. ഹവാന 

ക്യൂബ സന്ദർശിക്കുമ്പോൾ ഹവാനയില്‍ പോയില്ല എന്നുണ്ടെങ്കില്‍ ഏറ്റവും വലിയ നഷ്ടമായിരിക്കും അത്. ക്യൂബയിൽ ചെയ്യേണ്ട ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്നാണ് അത്ഭുതങ്ങള്‍ നിറഞ്ഞ ഹവാനയിലൂടെയുള്ള സഞ്ചാരം. തകർന്നുകിടക്കുന്ന കെട്ടിടങ്ങൾ മുതൽ ജീവിതവും വാസ്തുചാതുര്യവും നിറഞ്ഞ ഇടുങ്ങിയ തെരുവുകൾ വരെ ഹവാനയുടെ മാന്ത്രികത പരന്നുകിടക്കുന്നു. സമ്പന്ന കുടുംബങ്ങളുടെ വീടുകളടങ്ങിയ കത്തീഡ്രൽ ഹവാന എന്നിങ്ങനെ ഇവിടെ സന്ദര്‍ശിക്കാന്‍ നിരവധി ഇടങ്ങളുണ്ട്.

2. വിനാലെസ്

രാജ്യത്തെ വിവിധ സിഗരറ്റ് ബ്രാൻഡുകൾക്കായി ഏറ്റവും മികച്ച പുകയില വളർത്തുന്ന സ്ഥലമാണ് വിനാലെസ്. കോഹിബ, മോണ്ടെക്രിസ്റ്റോ, ക്യൂബ തുടങ്ങിയ കമ്പനികളെല്ലാം ഈ താഴ്‌വരയിൽ വളരുന്ന ഇലകളാണ് ഉപയോഗിക്കുന്നത്.ക്യൂബന്‍ ഡാന്‍സ് ക്ലബ്, ഓര്‍ഗാനിക് ഫാമുകള്‍, പുകയിലത്തോട്ടങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിക്കാം.

3. സിയാൻ‌ഫ്യൂഗോസ് 

ബേ ഓഫ് പിഗ്സ് തീരത്തിന് പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ തുറമുഖ നഗരം കലയും സംസ്കാരവും ചരിത്രവും നിറഞ്ഞതാണ്. 'തെക്കിന്റെ മുത്ത്' എന്നാണ് ഈ നഗരം അറിയപ്പെടുന്നത്. ഫ്രഞ്ച് സ്വാധീനമുള്ള കെട്ടിടങ്ങളാണ് ഇവിടുത്തെ ഒരു പ്രധാന ആകര്‍ഷണം. ബഹിയ ഡി ജാഗുവ ഉള്‍ക്കടലും ആര്‍ട്ട് ഗാലറികളുമടക്കം ഇവിടെയും നിരവധി ആകര്‍ഷണങ്ങളുണ്ട്‌. ക്യൂബയിലെ ഏറ്റവും സംസ്കാര സമ്പന്നരായ ജനങ്ങള്‍ വസിക്കുന്ന ഇടം എന്നാണ് ഇവിടം അറിയപ്പെടുന്നത്.

4. ട്രിനിഡാഡ്

ഹവാന പോലെതന്നെ ക്യൂബയിലെ ചരിത്രപരമായ മറ്റൊരു നഗരമാണ് ട്രിനിഡാഡ്. ഇവിടത്തെ ഇവിടത്തെ പഴയ നഗരവിഭാഗം യുനെസ്കോ പൈതൃകപ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പട്ടണത്തിന്റെ ഈ ഭാഗത്തേക്ക് കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ പ്രവേശിക്കാൻ കഴിയൂ. കല്ലുകള്‍ പാകിയ ഇടുങ്ങിയ തെരുവുകളും അവയിലെ താഴ്ന്നതും കടും നിറമുള്ളതുമായ വീടുകളും ഈ നഗരത്തിന്‍റെ സമാനതകളില്ലാത്ത സൗന്ദര്യങ്ങളിലൊന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com