ADVERTISEMENT

കോവിഡ്-19 മൂലം ഏര്‍പ്പെടുത്തിയ  ലോക്ഡൗണിന്റെ ഭാഗമായി രാജ്യാന്തര, ആഭ്യന്തര വിമാനയാത്രകള്‍ അടക്കമുള്ള എല്ലാതരം ഗതാഗത മാര്‍ഗങ്ങളും മിക്ക രാജ്യങ്ങളിലും നിരോധിച്ചിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ പതിയെ പഴയ സ്ഥിതിയിലേക്ക് മടങ്ങികൊണ്ടിരിക്കുകയാണ്. തകിടം മറിഞ്ഞ സമ്പത്ത്‌വസ്ഥയെ പുനരുജ്ജീവിപ്പിക്കാനായുള്ള ശ്രമത്തിലാണ് വിവിധ രാജ്യങ്ങള്‍.

കൊറോണ സമയത്ത് ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ട വിമാനത്താവളമാണ് അലാസ്കയിലെ ആങ്കറേജ് ടെഡ് സ്റ്റീവന്‍സ് എയര്‍പോര്‍ട്ട്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 25ന് ഏറ്റവും കൂടുതല്‍ തിരക്കേറിയ വിമാനത്താവളമായിരുന്നു ഇതെന്ന് കാണാം. ആഗോള തലത്തില്‍ വ്യോമയാനരീതികള്‍ എത്രമാത്രം മാറിയിരിക്കുന്നു എന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്ന് വിമാനത്താവളത്തിന്‍റെ ഡാറ്റ ടൂള്‍സ് വിഭാഗം പറയുന്നു. ആഗോള സമ്പത്ത്‌വ്യവസ്ഥയിലുള്ള തങ്ങളുടെ പങ്കിനുള്ള പ്രാധാന്യമാണ് ഇത് ഉയർത്തിക്കാട്ടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഫ്ലൈറ്റ് റഡാർ 24 ഡാറ്റ പ്രകാരം,  ഏപ്രില്‍ 25ന് 948 വിമാനങ്ങൾ ആങ്കറേജിൽ ലാൻഡ് ചെയ്യുകയും പറന്നുയരുകയും ചെയ്തു. എന്നാല്‍ ഇതുമുഴുവന്‍ പാസഞ്ചര്‍ വിമാനങ്ങള്‍ ആയിരുന്നില്ല. ചരക്കു വിമാനങ്ങളാണ് ഇവിടെ നിന്നും പുറപ്പെടുന്നത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ കാര്‍ഗോ ഹബ്ബുകളില്‍ അഞ്ചാം സ്ഥാനമാണ് ആങ്കറേജിനുള്ളത്. മൂന്നുലക്ഷത്തിനടുത്തുമാത്രം ജനസംഖ്യയുള്ള ഒരു ചെറു നഗരമാണ് ആങ്കറേജ്. അതേസമയം ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്നറിയപ്പെടുന്ന അറ്റ്ലാന്റ ഏറെക്കുറെ ശൂന്യമാണ്.

ഏഷ്യയിലേക്കും വടക്കേ അമേരിക്കയിലേക്കും തുല്യ അകലം പങ്കിടുന്ന വിമാനത്താവളമാണ് ആങ്കറേജ്. പ്രത്യേക ചരക്ക് കൈമാറ്റ അവകാശവും ആങ്കറേജിനുണ്ട്. ഇക്കാരണങ്ങളാല്‍ തന്നെ വർഷങ്ങളായി അമേരിക്കയിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ ചരക്ക് ടെർമിനലാണ് ടെഡ് സ്റ്റീവൻസ് രാജ്യാന്തര വിമാനത്താവളം. കോവിഡ് കാലത്ത് മറ്റു വിമാനത്താവളങ്ങളില്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി വച്ച വിമാനങ്ങള്‍ പാര്‍ക്ക്‌ ചെയ്തതോടെ സ്ഥലപരിമിതിയുണ്ടായിരുന്നു. ഇതും നിരവധി വിമാനങ്ങള്‍ ഇവിടെ വന്നു ലാന്‍ഡ്‌ ചെയ്യുന്നതിന് കാരണമായി. 

ഫ്ലൈറ്റ്റഡാർ 24- ന്‍റെ കണക്കു പ്രകാരം ഏപ്രിലിൽ പ്രതിദിനം ശരാശരി 69,586 പറക്കലുകള്‍ ആണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തെ കണക്കു വച്ചു നോക്കുമ്പോള്‍ 62% കുറവാണ് ഇത്. ഏപ്രിലിലെ ഏറ്റവും തിരക്കേറിയ ആകാശ ദിനം ഏപ്രിൽ 28 ആയിരുന്നു, 80,714 പറക്കലുകള്‍ ആണ് അന്നേ ദിവസം ഉണ്ടായത്. ഏപ്രില്‍ മാസത്തെ വാണിജ്യ വിമാനങ്ങൾ പ്രതിദിനം ശരാശരി 29,439 ആണ്. 2019 ൽ ഇത് പ്രതിദിനം 111,799 വിമാനങ്ങളായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com