മാനസസരോവര യാത്ര ഇനി എളുപ്പം, ചെലവും സമയവും ലാഭിക്കാം!

kailash-mansarovar
SHARE

മാനസസരോവര്‍ തീര്‍ഥാടകര്‍ക്ക് സന്തോഷം പകര്‍ന്നു കൊണ്ട് യാത്രാ സൗകര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി സര്‍ക്കാര്‍. ചൈനയിലെ ടിബറ്റ് സ്വയംഭരണ പ്രദേശത്ത് സ്ഥിതിചെയ്യുന്ന മാനസസരോവറിലേക്കുള്ള പുതിയ റൂട്ട് ഉദ്ഘാടനം ചെയ്തതോടെ ഇനി യാത്രാ സമയവും ചെലവും ഒരുപാടു കുറയും.

കൈലാഷ് മാനസസരോവറിലേക്കുള്ള ലിങ്ക് റോഡ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിഡിയോ കോൺഫറൻസ് വഴി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തത്. കൈലാഷ് മാനസസരോവര്‍ റൂട്ടിനെ ചൈന ബോർഡറുമായി ബന്ധിപ്പിക്കുകയാണ് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ഇതിലൂടെയെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. കോവിഡ്19 പകര്‍ച്ചവ്യാധി നേരിടുന്നതിനിടയിൽ, ഉത്തരാഖണ്ഡിലെ ബിആർഒ കൈലാഷ് മാനസസരോവര്‍ റൂട്ടിനെ 17,060 അടി ഉയരത്തിൽ ലിപുലേഖുമായി ബന്ധിപ്പിച്ചു. സുരക്ഷാസേനയ്ക്ക് അതിർത്തിയിലുള്ള ഗ്രാമങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാനും ഈ പാത സഹായകമാകുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

പുതുതായി കണ്ടെത്തിയ വഴിയല്ല ഇത്. അപകടകരമായ റൂട്ടായാണ് ഈ വഴി ഇതുവരെ കണക്കാക്കിയിരുന്നത്. ഭാരം കുറഞ്ഞ വാഹനങ്ങള്‍ക്ക് ഇതിലൂടെ 75 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. അഞ്ച് ദിവസത്തെ കാല്‍നടയാത്ര രണ്ട് ദിവസത്തെ റോഡ് യാത്രയായി ചുരുങ്ങും. പോകാനും വരാനുമായി മൊത്തം ആറ് ദിവസത്തെ യാത്ര ഇതിലൂടെ കുറയും.

സമയലാഭം കൂടാതെ മറ്റു ഗുണങ്ങളുമുണ്ട്. മറ്റ് റൂട്ടുകളിലൂടെയുള്ള യാത്രയില്‍ താണ്ടുന്ന ദൂരത്തിന്‍റെ അഞ്ചിലൊന്ന് മാത്രമേ പുതിയ റൂട്ടിലൂടെ സഞ്ചരിക്കേണ്ടതുള്ളൂ. പുതിയ റൂട്ടിലൂടെയുള്ള യാത്രയുടെ  ഭൂരിഭാഗവും ഇന്ത്യൻ ഭാഗത്തായിരിക്കും എന്നൊരു മെച്ചവുമുണ്ട്. 

ലിപുലെഖ് ചുരത്തിലൂടെയുള്ള ചൈനയുടെ ഭാഗത്ത് 5 കിലോമീറ്റർ ട്രെക്കിങ് ഒഴികെ, ഈ റൂട്ടില്‍ ബാക്കി എല്ലായിടത്തും വാഹനങ്ങള്‍ ലഭ്യമാണ്. കൃത്യമായ പരിചരണം ഉറപ്പാക്കിയാല്‍ പ്രായമായവർക്ക് പോലും ഇപ്പോൾ യാത്ര ചെയ്യാം. യാത്രയ്ക്കിടെ എന്തെങ്കിലും പ്രകൃതിദുരന്തമുണ്ടായാൽ, ഹെലികോപ്റ്റർ വഴി ആളുകളെ ഒഴിപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കൈലാഷ് മാനസസരോവർ യാത്രക്കായി നിലവിൽ മറ്റു രണ്ട് റൂട്ടുകൾ കൂടിയുണ്ട്. ഒന്ന് സിക്കിം വഴിയും മറ്റൊന്ന് കാഠ്മണ്ഡു വഴിയും. സിക്കിം റൂട്ടിൽ ബാഗ്ഡോഗ്രയിലേക്ക് വിമാനം കയറി ശേഷം 1665 കിലോമീറ്റർ റോഡ് യാത്രയും തുടര്‍ന്ന് കാൽനടയായി 43 കിലോമീറ്റർ പരിക്രമവും ഉൾപ്പെടുന്നു. ഈ 1665 കിലോമീറ്ററിൽ 175 കിലോമീറ്റർ യാത്ര മാത്രമാണ് ഇന്ത്യയിലൂടെയുള്ളത്.

കാഠ്മണ്ഡുവില്‍ വിമാനമിറങ്ങിയാണ് രണ്ടാമത്തെ റൂട്ട് തുടങ്ങുന്നത്. ഇതില്‍ 43 കിലോമീറ്റർ ദൂരം കാല്‍നടയായി വേണം സഞ്ചരിക്കാന്‍.

80.76 കോടി രൂപയായി 2005 ൽ അഗീകരിച്ച ഈ റൂട്ടിന്‍റെ മൊത്തം നിര്‍മാണച്ചെലവ്‌ 2018 ൽ 439.40 കോടി രൂപയായി പുതുക്കി. ഇതിന്‍റെ ബാക്കി പണികള്‍ 2022 ഡിസംബറോടെ പൂർത്തീകരിക്കും.ഉയരവും കുത്തനെയുള്ള പർവതഭാഗങ്ങളും കടുത്ത താപനിലയും പരിമിതമായ പ്രവൃത്തി ദിനങ്ങളും ഇടയ്ക്കിടെയുള്ള മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ പോലെയുള്ള പ്രകൃതി ദുരന്തങ്ങളും മറ്റും കാരണം റൂട്ടിന്‍റെ നിര്‍മാണം മന്ദഗതിയിലായിരുന്നു. 

ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയുന്ന ശുദ്ധജല തടാകങ്ങളിൽ ഒന്നായ മാനസസരോവരത്തില്‍ വര്‍ഷംതോറും  ഇന്ത്യയിൽ നിന്നും, ടിബറ്റിൽ നിന്നും മറ്റു സമീപരാജ്യങ്ങളിൽ നിന്നുമുള്ള നിരവധി ആളുകള്‍ തീർത്ഥാടനത്തിനായി എത്തുന്നു. എല്ലാ വർഷവും ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ നിന്നും പുറപ്പെടാറുള്ള കൈലാസ മാനസസരോവരയാത്ര ഏറെ പ്രശസ്തമാണ്. മാനസസരോവരത്തിലെ ജലത്തിൽ കുളിച്ചാല്‍ പുണ്യം കിട്ടുമെന്നാണ് വിശ്വാസം. ശൈത്യകാലത്ത് ഉറഞ്ഞു പോകുന്ന തടാകം, വേനല്‍ത്തുടക്കത്തില്‍ തിരികെ ജലമായി മാറുകയാണ് ചെയ്യുന്നത്. സിന്ധു, സത്‌ലജ്‌, ബ്രഹ്മപുത്ര, കർണാലി എന്നീ നദികളുടെ ഉദ്ഭവസ്ഥാനങ്ങളും സ്ഥിതി ചെയ്യുന്നത് ഇതിനടുത്താണ്.

English Summary: Comfortable and less costlier route to kailash mansarovar inaugurated

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA