ADVERTISEMENT

ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ആദ്യവിമാനം അതും അമേരിക്കയിലേക്ക് പറന്നുയര്‍ന്നത് 1960 മെയ് 14 -നായിരുന്നു. അതായത് ഇന്നേക്ക് 60 വർഷം മുൻപ്. മുംബൈയില്‍ നിന്നും തുടങ്ങി ലണ്ടനില്‍ അല്‍പ്പനേരം തങ്ങിയ വിമാനം, ന്യൂയോർക്കിലെ ജെ‌എഫ്‌കെ രാജ്യാന്തര വിമാനത്താവളം എന്നറിയപ്പെടുന്ന ഐഡിൽ‌വിൽഡിൽ എത്തിയതോടെ പുതിയ ഒരു ചരിത്രത്തിന് തുടക്കം കുറിക്കുകയായിരുന്നു.

ആദ്യ അമേരിക്കൻ ഓഫീസ്

ന്യൂയോര്‍ക്ക് നഗരത്തിലെ 425 പാര്‍ക്ക്‌ അവന്യൂവില്‍ വെറും നാലുമുറികളിലായായിരുന്നു ആദ്യത്തെ എയർഇന്ത്യ അമേരിക്കന്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. റിസർവേഷനുകൾ, ടിക്കറ്റിങ്, ടെലിടൈപ്പ് എന്നിവ ഒരു മുറിയിലായിരുന്നു. ആദ്യഘട്ടത്തില്‍ വെറും എട്ടു ജീവനക്കാര്‍ മാത്രമായിരുന്നു ഈ എയര്‍ ഇന്ത്യ ഓഫീസില്‍ ഉണ്ടായിരുന്നത്. അന്ന് വെറും 23 വയസ്സുണ്ടായിരുന്ന നാന്‍സി കുവോ എന്ന ബിരുദധാരിയായിരുന്നു ആദ്യമായി ഈ ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചത്. അന്നു തുടങ്ങിയ അവരുടെ സേവനയാത്ര പിന്നീട് 40 വര്‍ഷത്തോളം നീണ്ടു. വിരമിക്കുമ്പോഴേക്കും എയര്‍ഇന്ത്യയുടെ കണ്‍ട്രി ഹെഡ് ആയിരുന്നു അവര്‍.

air-india

കൂടുതൽ ജീവനക്കാരും വലിയ ഓഫീസും

1960 മെയ് 14ന് ആദ്യത്തെ അറ്റ്ലാന്റിക് വിമാനത്തിനായി കൂടുതൽ ജീവനക്കാരും വലിയ ഓഫീസും ആവശ്യമായി വന്നപ്പോള്‍ 410 പാർക്ക് അവന്യൂവിന്‍റെ പതിനൊന്നാം നിലയിലേക്ക് മാറ്റി. കമ്പനി വളരുന്നതോടൊപ്പം തന്നെ അമേരിക്കയുടെ സാമൂഹിക ജീവിതത്തിലേക്ക് കടന്നു ചെല്ലാന്‍ ശ്രമിച്ചത് എയര്‍ഇന്ത്യയെ കൂടുതല്‍ ജനകീയമാക്കി. കലാപരമായ മത്സരങ്ങള്‍ സംഘടിപ്പിച്ചും പുസ്തകങ്ങളും മാസികകളും മറ്റും പ്രസിദ്ധീകരിച്ചും ആളുകള്‍ക്കിടയിലേക്ക് അവര്‍ ഇറങ്ങിച്ചെന്നു. അമേരിക്കൻ ഐക്യനാടുകളിലെ ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും സംസ്കാരവും തുറന്നു കാണിക്കുന്നതിന് ഇന്ത്യൻ സംഘടനകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിലും എയര്‍ഇന്ത്യ മുന്‍കൈയെടുത്തിരുന്നുവെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് പ്രസിഡന്റായ അനില്‍ ബന്‍സാല്‍ പറയുന്നു. 

air-india-celebration

1932 ൽ ടാറ്റ എയർലൈൻസ് എന്ന പേരില്‍ ജെആർഡി ടാറ്റയാണ് എയര്‍ ഇന്ത്യ സ്ഥാപിച്ചത്. ആദ്യത്തെ ആദ്യത്തെ സിംഗിൾ എൻജിൻ ഡി ഹാവിലാൻഡ് പുസ് മോത്ത് വിമാനത്തില്‍ കറാച്ചിയിൽ നിന്നു ബോംബെയിലെ ജുഹു എയറോഡ്രോമിലേക്ക് ടാറ്റ സ്വയം പറന്നു. പിന്നീട് മദ്രാസിലേക്കും ആ യാത്ര തുടര്‍ന്നു. 

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറിയതോടെ ടാറ്റ എയർലൈൻസ് മാറി എയര്‍ ഇന്ത്യയായി. അനുബന്ധ സ്ഥാപനങ്ങളായ അലയൻസ് എയർ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയുമായി ചേര്‍ന്ന് ആഭ്യന്തര, ഏഷ്യൻ വിമാന സർവീസുകൾ നടത്തുന്നുണ്ട്. മഹാരാജാവ് (ചക്രവർത്തി) ആണ് എയർ ഇന്ത്യയുടെ ലോഗോ. കൂടാതെ പറക്കുന്ന ഒരു അരയന്നവും ഈ ലോഗോയില്‍ കാണാം. 

2007ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സുമായി ലയിച്ചതോടെ നഷ്ടം നേരിടാന്‍ തുടങ്ങിയ എയര്‍ ഇന്ത്യയെ കരകയറ്റാന്‍ 2017 ജൂണില്‍ സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണത്തിന് അനുമതി നല്‍കി. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഹൗസിലാണ് എയര്‍ ഇന്ത്യയുടെ ആസ്ഥാനം. മുംബൈയിലെ മറൈന്‍ഡ്രൈവില്‍ നിന്നും 2013- ലാണ് ആസ്ഥാനം ഇങ്ങോട്ടേക്ക് മാറ്റിയത് . 

അഞ്ച് ഭൂഖണ്ഡങ്ങളിലെ 31 രാജ്യങ്ങളിലായി 57 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളും 45 രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളും ഉൾപ്പെടെ 102 ലക്ഷ്യസ്ഥാനങ്ങളിലേക്ക് എയർഇന്ത്യ സര്‍വീസ് ഉണ്ട്. ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളമാണ് എയര്‍ ഇന്ത്യയുടെ പ്രഥമ കേന്ദ്രം.

English Summary : air india celebrates 60 years of its first flight to usa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com