sections
MORE

വിമാനസർവീസുകൾ ആരംഭിക്കുമെന്ന് എമിറേറ്റ്സ്; കൂടുതൽ രാജ്യങ്ങളിലേക്ക് വന്ദേഭാരത്

plane-1
SHARE

ദുബായിൽ നിന്ന് 21 മുതൽ 9 നഗരങ്ങളിലേക്ക് വിമാനസർവീസുകൾ ആരംഭിക്കുമെന്ന് എമിറേറ്റ്സ്. ലണ്ടൻ ഹീത്രോ, ഫ്രാങ്ക്ഫർട്ട്, പാരിസ്, മിലാൻ, മഡ്രിഡ്, ഷിക്കാഗോ, ടൊറന്റോ, സിഡ്നി, മെൽബൺ എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ ആരംഭിക്കുന്നത്. emirates.com വെബ്സൈറ്റിൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. അതതു രാജ്യങ്ങൾ നിഷ്കർഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ചു മാത്രമാണ് യാത്രക്കാരെ അനുവദിക്കുക. അകലം പാലിച്ചായിരിക്കും സീറ്റ് ക്രമീകരണം.

വന്ദേഭാരത് പദ്ധതിയിൽ ലണ്ടൻ, റോം, പാരിസ് എന്നിവിടങ്ങിളിൽ നിന്നു കൊച്ചിയിലേക്ക് പ്രത്യേക വിമാനങ്ങൾ അനുവദിച്ചു. ഈ മാസം 19നാണ് ലണ്ടൻ ഹീത്രോ വിമാനത്താവളത്തിൽ നിന്നു കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനം (ലണ്ടൻ-കൊച്ചി-വിജയവാഡ) സർവീസ് നടത്തുക. പാരിസിൽ നിന്നുള്ള വിമാനം ബെംഗളൂരു വഴിയാകും കൊച്ചിയിലെത്തുക.

നാട്ടിലെത്താൻ താൽപര്യം അറിയിച്ച് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ പേര് റജിസ്റ്റർ ചെയ്തവരിൽ നിന്നു മുതിർന്ന പൗരന്മാർ, ഗർഭിണികൾ, വൈദ്യസഹായം ആവശ്യമുള്ളവർ, ഉറ്റവരുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കേണ്ടവർ, ടൂറിസ്റ്റുകളായി എത്തിയവർ തുടങ്ങിയവർക്കാണു മുൻഗണന നൽകുക. ഷോർട്‌ലിസ്റ്റ് ചെയ്യുന്നവരെ ഹൈക്കമ്മിഷൻ ഇ-മെയിൽ വഴി അറിയിക്കും. ഇവർക്ക് എയർലൈൻസ് ഓഫിസിൽ നിന്നു ടിക്കറ്റെടുത്ത് യാത്ര ചെയ്യാം. 50,000 രൂപയാണ് നിരക്ക്

ഖത്തർ എയർവേയ്സ് ടിക്കറ്റുകൾക്ക് 2 വർഷ കാലാവധി

വിമാന ടിക്കറ്റുകൾക്ക് 2 വർഷം വരെ കാലാവധി നീട്ടി ഖത്തർ എയർവേയ്‌സ്. ഈ വർഷം സെപ്റ്റംബർ 30 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ആനുകൂല്യം. മേയ് 26 മുതൽ കേരളത്തിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

വീസ: പ്രവേശന വിലക്ക്, പിഴ ഒഴിവാക്കി യുഎഇ

വീസ കാലാവധി കഴിഞ്ഞവരുടെ പിഴ ഒഴിവാക്കി യുഎഇ. ഈ മാസം 18 മുതൽ 3 മാസത്തേക്ക് ഇവർക്ക് രാജ്യം വിടാനുള്ള സാവകാശം നൽകി. മാർച്ച് ഒന്നിനു മുൻപ് കാലാവധി തീർന്ന താമസ, സന്ദർശക വീസകൾക്കും ഇളവ് ബാധകമാണ്. രാജ്യം വിടുന്നവർക്കു പ്രവേശന വിലക്ക് ഏർപ്പെടുത്തില്ല.

വീസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവരെ പ്രവേശന നിരോധനം ഏർപ്പെടുത്തി നാടുകടത്തുകയാണു പതിവെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ ഇതൊഴിവാക്കി. കാലാവധി തീർന്ന എമിറേറ്റ്സ് ഐഡി, വർക്ക് പെർമിറ്റ് എന്നിവയ്ക്കുള്ള പിഴയും ഒഴിവാക്കിയിട്ടുണ്ട്.കോവി‍ഡ് പ്രതിരോധ രംഗത്തു പ്രവർത്തിക്കുന്നതിനുള്ള ആദരവായി 212 വിദേശ ഡോക്ടർമാർക്ക് 10 വർഷം കാലാവധിയുള്ള ഗോൾഡൻ വിസ അനുവദിക്കും.

English Summary: Flights to resume services

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA