sections
MORE

അവാര്‍ഡ് യാത്രയ്ക്ക് പോലും പണമില്ലാതിരുന്ന കാലം; യാത്രകള്‍ കൊണ്ട് കങ്കണയുടെ മധുരപ്രതികാരം!

kangana-ranaut
SHARE

ബോളിവുഡിലെ മികച്ച നടിമാരില്‍ ഒരാളാണ് കങ്കണ എന്നതില്‍ സംശയമില്ല. യാതൊരുവിധ സിനിമാ പാരമ്പര്യവും ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ഈ 33കാരി ബോളിവുഡ് കീഴടക്കിയത് കഠിനാധ്വാനവും ദൃഡനിശ്ചയവും ഒന്നുകൊണ്ടു മാത്രമാണ്. 2006-ല്‍ മഹേഷ്‌ ഭട്ടിന്‍റെ 'ഗാംഗ്സ്റ്ററി'ലൂടെ സിനിമാലോകത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ട കങ്കണയുടെ കരിയറില്‍ കയ്പ്പേറിയ ഒരുപാട് അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അഭിനയ ജീവിതത്തിന്‍റെ പതിനാലാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ അത്തരമൊരു അനുഭവത്തിന്‍റെ ഓര്‍മ്മകള്‍ നടി പങ്കു വയ്ക്കുകയുണ്ടായി.

സിംഗപ്പൂരില്‍ വച്ച് നടന്ന അവാര്‍ഡ് നൈറ്റില്‍ 'ബെസ്റ്റ് ആക്ട്രസ്' അവാര്‍ഡ് വാങ്ങിക്കാനായി പോകാന്‍ തന്‍റെ കയ്യില്‍ പണമില്ലാതിരുന്ന സമയമാണ് കങ്കണ ഓര്‍ത്തെടുത്തത്.

"എന്നെ നാമനിർദേശം ചെയ്തുവെന്ന് എനിക്കറിയില്ലായിരുന്നു.  പരിപാടിക്ക് പോകുമ്പോൾ, ടീം എന്‍റെ യാത്രാ പദ്ധതികളെക്കുറിച്ച് ചോദിച്ചു. സിംഗപ്പൂരിലേക്ക് എങ്ങനെ പോകണം, എവിടെ താമസിക്കണം എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു, ടിക്കറ്റ് നിരക്കിനെക്കുറിച്ച് സ്വന്തം ക്രൂവിനോട് ചോദിക്കാൻ പോലും എനിക്ക് ലജ്ജ തോന്നി. അങ്ങനെ എനിക്ക് ആ അവസരം നഷ്ടമായി" കങ്കണ പറയുന്നു. 

പിന്നീട്,  'ഗ്യാങ്സ്റ്റർ', 'ക്വീൻ' എന്നിവയിലെ ഡിഒപി ആയിരുന്ന ബോബി സിംഗ് ആണ് താന്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട കാര്യം വിളിച്ചറിയിച്ചത്. ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു അത്.

ആരെയും ആശ്രയിക്കാതെ കഠിനാധ്വാനം കൊണ്ട് ഉയര്‍ന്നു വന്ന താരമാണ് കങ്കണ. നിരവധി ഉയര്‍ച്ച താഴ്ചകള്‍ കടന്ന് ബോളിവുഡിലെ താരസിംഹാസനം പിടിച്ചെടുക്കാന്‍ കഴിഞ്ഞത് നിരന്തരമായ പരിശ്രമവും സ്ഥിരോത്സാഹവും മൂലമാണ്. 

കാലത്തിനോടുള്ള മധുരപ്രതികാരം!

സിനിമയുടെ മായികലോകത്തെത്തിയ ശേഷവും സ്വന്തം കഴിവിനുള്ള അംഗീകാരമായി ലഭിച്ച അവാര്‍ഡ് വാങ്ങിക്കാന്‍ പോലും സാമ്പത്തിക സ്ഥിതി ഇല്ലാതിരുന്ന കാലത്തിനോട് കങ്കണ പകരം വീട്ടിയത്, പിന്നീട് നടത്തിയ യാത്രകളിലൂടെയാണ്. അതിമനോഹരമായ ഒട്ടനവധി യാത്രാനുഭവങ്ങള്‍ കങ്കണയുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ കാണാം. യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലുമെല്ലാം നടത്തിയ യാത്രകളുടെ ചിത്രങ്ങള്‍ ഇങ്ങനെ കങ്കണ പങ്കു വച്ചിട്ടുണ്ട്.

ഒറ്റയ്ക്കുള്ള യാത്രകള്‍

ലോകമെങ്ങും സഞ്ചരിക്കാന്‍ ഇഷ്ടമുള്ള ആളാണ്‌ കങ്കണ.  ഒറ്റയ്ക്കുള്ള യാത്രകളാണ് തനിക്ക് ഏറെ ഇഷ്ടം എന്ന് കങ്കണ പറയാറുണ്ട്. ആദ്യത്തെ രണ്ടു മൂന്നു ദിവസം യാത്ര അത്ര ആസ്വദിക്കാന്‍ പറ്റാറില്ല. ജോലിയും ചെയ്തു തീര്‍ക്കാനുള്ള മറ്റു കാര്യങ്ങളുമെല്ലാം മനസ്സിലേക്ക് വരും. പിന്നീട് പതിയെ പതിയെ യാത്രയുടെ രസത്തിലേക്കെത്തുമ്പോള്‍ യന്ത്രം കണക്കെ പെരുമാറുന്നത് നിര്‍ത്തും. കങ്കണ പറയുന്നു.

ഒറ്റയ്ക്കുള്ള യാത്രകളില്‍  യു എസിലും യൂറോപ്യന്‍ രാജ്യങ്ങളിലുമൊക്കെയാണ് കങ്കണയ്ക്ക് സഞ്ചരിക്കാന്‍ കൂടുതല്‍ ഇഷ്ടം. അവിടെയുള്ള ആരും തന്നെ തിരിച്ചറിയില്ല എന്നത് മികച്ച ഒരു കാര്യമായി കങ്കണ കരുതുന്നു.

ആദ്യ വിദേശയാത്ര

വിദേശത്തേക്കുള്ള തന്‍റെ ആദ്യയാത്ര 'എക്സ്ട്രാ സ്പെഷ്യല്‍' ആയിരുന്നുവെന്ന് കങ്കണ. 'ഗ്യാങ്ങ്‌സ്റ്റര്‍' സിനിമയുടെ ഷൂട്ടിനായി കൊറിയയിലേക്കായിരുന്നു ആ യാത്ര. ലോകം എത്ര വ്യത്യസ്തമാണെന്ന് മനസിലാക്കാന്‍ സാധിച്ചു. കൊറിയന്‍ ഭാഷ മനസിലാക്കാന്‍ പറ്റുമായിരുന്നില്ല. അവിടുത്തെ ആളുകള്‍ക്കാവട്ടെ, ബേസിക് ഇംഗ്ലീഷ് പോലും അറിയുമായിരുന്നില്ല എന്നും കങ്കണ ഓര്‍ക്കുന്നു.

യാത്രകള്‍ ചെയ്യുമ്പോള്‍ ആളുകളുമായി സംസാരിക്കാനും ഇടപഴകാനുമൊക്കെ കങ്കണ ശ്രമിക്കാറുണ്ട്. യു എസില്‍ ഒരു കോഴ്സ് ചെയ്യുന്ന സമയത്ത് ട്രെയിനിലായിരുന്നു ദിവസേനയുള്ള യാത്ര. കൂടെ യാത്ര ചെയ്ത അപരിചിതരായ ആളുകളോട് അവരുടെ ജീവിതത്തെക്കുറിച്ച് ഒരുപാടു സംസാരിച്ചു. സിനിമകളില്‍ മാത്രം കണ്ടു പരിചയമുള്ള ട്രെയിന്‍ യാത്ര യാഥാര്‍ഥ്യമായപ്പോള്‍ തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു എന്ന് കങ്കണ പറയുന്നു.

പാരീസ്, ലാസ് വേഗസ്, ഇറ്റലി... ഇനിയും പോകാന്‍ ഒരുപാടു യാത്രകള്‍!

ഏറ്റവും പ്രിയപ്പെട്ട ഹോളിഡേ ഡെസ്റ്റിനേഷന്‍ ഏതെന്നു ചോദിച്ചാല്‍ കങ്കണയ്ക്ക് ഒരൊറ്റ ഉത്തരമേയുള്ളൂ- ഇറ്റലി! ഒരിക്കല്‍ ഫ്ലോറന്‍സില്‍ ഒറ്റക്ക് യാത്ര ചെയ്തിട്ടുണ്ട്. ഒരു കപ്പ്‌ കോഫി കുടിച്ചു കൊണ്ട് കഫേകളില്‍ ഇരുന്നു എഴുതുമായിരുന്നു എന്ന് കങ്കണ ഓര്‍ക്കുന്നു.

ഒറ്റയ്ക്കാണ് യാത്രയെങ്കില്‍ ബ്രസീല്‍, ലാസ് വേഗസ് തുടങ്ങിയവയും കങ്കണയ്ക്ക് പോകാന്‍ ഇഷ്ടമുള്ള ഇടങ്ങളാണ്. ന്യൂയോര്‍ക്ക്, മിലന്‍ തുടങ്ങിയ ഇടങ്ങളില്‍ പോയി വസ്ത്ര ഷോപ്പിംഗ് ചെയ്യാന്‍ ഇഷ്ടമാണ്. എന്നാല്‍ ഏറ്റവും പ്രിയപ്പെട്ട ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ മറ്റൊന്നുമല്ല; കലാകാരന്മാരുടെ പ്രിയപ്പെട്ട നഗരം... പാരീസ്!

ട്രെക്കിംഗും നടത്തവുമെല്ലാം ആസ്വദിക്കുന്ന ആളാണ്‌ കങ്കണ. യാത്രക്കിടയില്‍ എഴുതും. ചരിത്രം ഏറെ ഇഷ്ടമുള്ള കങ്കണയ്ക്ക് ഫ്ലോറന്‍സും റോമും ഏറെ ഇഷ്ടപ്പെടാന്‍ കാരണവും കഥകളുറങ്ങുന്ന ആ പഴമയായിരുന്നു. ബസുകളിലെ യാത്രയും ക്യൂവില്‍ നില്‍ക്കുന്നതുമെല്ലാം ഇഷ്ടമാണ്. 

കഴിഞ്ഞ 14 വർഷത്തിനിടയിൽ മൂന്ന് ദേശീയ അവാർഡുകൾ കങ്കണ നേടിയിട്ടുണ്ട് - 2009 ൽ "ഫാഷൻ" എന്ന സിനിമയിലൂടെ മികച്ച സഹനടിക്കുള്ള അവാര്‍ഡ്, "ക്വീൻ" (2015), "തനു വെഡ്സ് മനു റിട്ടേൺസ്" (2016) എന്നിവയിലൂടെ മികച്ച നടിക്കുള്ള അവാര്‍ഡ് എന്നിവ കങ്കണയെ തേടിയെത്തി. നിരവധി ജനപ്രിയ ചലച്ചിത്ര അവാർഡുകൾ കൂടാതെ പത്മശ്രീ അവാർഡും നേടി.

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയായി വെള്ളിത്തിരയില്‍ എത്തുന്ന തമിഴ് ചിത്രം 'തലൈവി' യാണ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കങ്കണയുടെ അടുത്ത പടം.  ആക്ഷൻ പദമായ 'ധാക്കഡ്', പൈലറ്റിന്‍റെ റോളില്‍ എത്തുന്ന 'തേജസ്' എന്നിവയും കങ്കണയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ്.

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA