sections
MORE

രണ്ടാം വിനോദ സഞ്ചാര വിപ്ലവത്തിന് കേരളത്തിൽ സമയമായി

1017900834
Represenative Image
SHARE

കോവിഡ് 19 വൈറസ് പടർന്നു പിടിക്കാതെ നിയന്ത്രണത്തിലാക്കാൻ കേരളം എടുത്ത നടപടികൾ ലോകത്തിനുതന്നെ മാതൃകയാണ്. എങ്കിലും കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് കോവിഡ് ഏൽപ്പിച്ചിരിക്കുന്ന ആഘാതം ഭീമമാണ്. നമ്മുടെ സമ്പദ്ഘടനയെ അഭിവൃദ്ധിപ്പെടുത്തുകയും, സ്വന്തമായുള്ള മാർഗങ്ങളിലൂടെ വരുമാനം നേടേണ്ടതുമായ സമയമാണിത്. സർക്കാരിന് യാതൊരു മുതൽ മുടക്കുമില്ലാതെ, കേരളത്തിന് ഉയർന്ന സാമ്പത്തിക പുരോഗതി കൈവരിക്കാൻ കഴിയുന്ന ബദൽ നിർദേശങ്ങളാണ് ഇവിടെ മുന്നോട്ടു വയ്ക്കുന്നത്. 

 സമഗ്ര ടൂറിസം രണ്ടാം വിപ്ലവം 

ഒരു രണ്ടാം വിനോദസഞ്ചാര വിപ്ലവത്തിലൂടെ കേരളത്തിന്റെ സാമ്പത്തിക രംഗത്തിന് കരുത്തു പകരാം. ഇതിന് നമുക്ക് സിംഗപ്പൂരിനെ അളവുകോലായി നിശ്ചയിക്കാം. കേരളത്തിനു സമ്മാനിക്കാനാവുന്നതുപോലുള്ള സഞ്ചാരാനുഭവം മറ്റൊരു സംസ്ഥാനത്തിനും നൽകാനാവില്ല. പാരമ്പര്യ കലാ രൂപങ്ങൾ, ഗ്രാമീണ അനുഭവങ്ങൾ (കള്ളുചെത്ത്, തോട്ടങ്ങൾ), പ്രാദേശിക ഭക്ഷ്യ വിഭവങ്ങൾ രുചിക്കൽ, കരകൗശല വിദഗ്ധരെയും പാരമ്പര്യ വ്യവസായങ്ങളായ കയർ, കശുവണ്ടി ഫാക്ടറികൾ എന്നിവയും സന്ദർശിക്കൽ, ആയുർവേദം തുടങ്ങിയവയെല്ലാം  വരുമാനം നേടിത്തരുന്നവയാണ്. ഉയർന്ന സംരംഭക ശേഷിയുള്ള മലയാളികൾ ഈ പുതിയ ബിസിനസ് അവസരങ്ങൾ പ്രയോജനപ്പെടുത്തണം. റീട്ടെയിൽ ബിസിനസിൽ വിവിധ തരം ഉപഭോക്തൃ ആവശ്യങ്ങൾ ഒരുമിപ്പിക്കുന്നതുപോലെ വിനോദസഞ്ചാരികളുടെ ആവശ്യങ്ങൾ കണ്ടെത്തുകയും സമഗ്രമായ സേവനങ്ങൾ നൽകുകയും വേണം. 

 സുസ്ഥിര വിനോദ സഞ്ചാരം 

വിനോദസഞ്ചാരികൾ സന്ദർശനത്തിനെത്തി മടങ്ങുന്നതുവരെയുള്ള യാത്രാചിത്രം തയാറാക്കി സുസ്ഥിര വിനോദ സഞ്ചാര പാക്കേജുകൾ ആവിഷ്കരിക്കണം. ടാക്സി/ടൂറിസ്റ്റ് ബസ്, ഹോം സ്റ്റേകൾ, ഹൗസ് ബോട്ടുകൾ, പ്ലാസ്റ്റിക് രഹിതവും സംസ്കരിക്കാത്തതുമായ പാനീയങ്ങളും ഭക്ഷണവും, ഗ്രാമീണ അനുഭവങ്ങൾ, തോട്ടങ്ങളിലെ പ്രവൃത്തികൾ, കരകൗശല നിർമാണ വിദഗ്ധർ തുടങ്ങിയവരെ ഉൾക്കൊള്ളിച്ചുള്ളതാവണം സേവനദാതാക്കളുടെ ==ശൃംഖല. 

 എങ്ങനെ പ്രചാരണങ്ങൾ 

കൊച്ചി മുസിരിസ് ബിനാലെ, തൃശൂർ പൂരം, മത്സര വള്ളംകളി, ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ തുടങ്ങി നിലവിലുള്ള പരിപാടികളുമായി ബന്ധപ്പെടുത്തി വിനോദസഞ്ചാരത്തിന് വലിയ തോതിൽ പ്രചാരം നൽകണം. 

ചെമ്മീൻ കൃഷി മുതൽ പാരമ്പര്യ രീതിയിൽ മീൻപിടിക്കുന്നതും പാചകം ചെയ്യുന്നതും സഞ്ചാരികൾക്കായി പ്രദർശിപ്പിക്കണം. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മാത്രമല്ല കേരളത്തിൽ നിന്നുള്ള സമുദ്ര ഭക്ഷ്യ വിഭവങ്ങൾക്കായി ഒരു ബ്രാൻഡും വിപണിയും സൃഷ്ടിക്കണം. പരമ്പരാഗത രീതിയിൽ കശുവണ്ടി തല്ലിയെടുക്കുന്നതും കയർ പിരിക്കുന്നതും പ്രദർശിപ്പിക്കാം. 

ഹോസ്പിറ്റൽ, ഹോസ്പിറ്റാലിറ്റി സഹകരണം 

അടുത്ത 2 വർഷം ആരോഗ്യ രംഗത്തെ സംവിധാനങ്ങൾ ഉയർത്തിക്കാട്ടുന്ന പ്രചാരണം സർക്കാർ ഊർജിതമാക്കണം. വിദേശ മാധ്യമങ്ങളുടെ സഹകരണത്തോടെ ആരോഗ്യമേഖലയിൽ കേരളം നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ഡോക്യുമെന്ററി തയാറാക്കണം. ആരോഗ്യ മേഖലയും അതിഥി സൽക്കാര മേഖലയും സംയുക്തമായി പ്രവർത്തിക്കണം. വിദേശികളായ രോഗികൾക്കു ശസ്ത്രക്രിയകൾക്കു ശേഷം ആയുർവേദ – ശാരീരിക ചികിത്സ നടത്താൻ‌ പറ്റിയ റിസോർട്ടുകൾ തിരഞ്ഞെടുക്കാൻ അവസരം ഒരുക്കാം. വിദേശത്ത് ജോലി ചെയ്തിട്ടുള്ള ഒട്ടേറെ നഴ്സുമാർക്ക് ഈ സംയുക്ത സംരംഭത്തിൽ മികച്ച പങ്കു വഹിക്കാനാകും. 

വിദേശ മലയാളികളുടെ  വൈദഗ്ധ്യം 

പ്രവർത്തിപരിചയത്തിന്റെ അടിസ്ഥാനത്തിൽ, വിദേശത്തു നിന്നു മടങ്ങിയെത്തുന്നവരുടെ വൈദഗ്ധ്യം വിശദമാക്കുന്ന രേഖ തയാറാക്കണം. നമുക്ക് മികച്ച മാനേജ്മെന്റ്/സാങ്കേതിക വിദഗ്ധരുടെ കുറവുണ്ട്. എക്കോ ടൂറിസം പോലുള്ള സംരംഭങ്ങൾ സ്വന്തമായി ആരംഭിക്കാൻ മടങ്ങിയെത്തുന്ന പ്രവാസികൾക്കാവും. 

 കുടുംബശ്രീയും സ്ത്രീശാക്തീകരണവും 

കുടുംബശ്രീ പ്രസ്ഥാനത്തിന്റെ വിജയം വിനോദ സഞ്ചാരികൾക്ക് മനസ്സിലാക്കിക്കൊടുക്കണം. അങ്കണവാടികളിലേക്കും വനിതാവിദ്യാലയങ്ങളിലേക്കുമുള്ള സന്ദർശനം ഈ ധാരണയെ ബലപ്പെടുത്തും. 

 അടിസ്ഥാന സൗകര്യ ഉപഭോഗം 

ഷോപ്പിങ് മാളുകൾ, മൾട്ടിപ്ലക്സുകൾ, കൺവൻഷൻ സെന്ററുകൾ, മെട്രോ റെയിൽ, മൊബിലിറ്റി ഹബ്, സീപോർട്ട്, എയർപോർട്ടുകൾ പോലുള്ള വലിയ പ്രോജക്ടുകൾ കേരളം മികച്ച രീതിയിൽ ഉപയോഗപ്പെടുത്തണം. കൂടുതൽ പേരെ പൊതുസൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ പ്രേരിപ്പിക്കുക. വിനോദസഞ്ചാരികളെയും മെഗാ കൺവൻഷനുകൾ നടത്തുന്നവരെയും ആകർഷിക്കണം. മാത്രമല്ല വിദേശത്തുള്ളവർക്ക് വിവാഹങ്ങൾ നടത്തുന്നതിന് (ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്) അനുയോജ്യമായ സ്ഥലമാണ് കേരളമെന്ന് ലോകത്തെ അറിയിക്കണം. 

വിദ്യാഭ്യാസരംഗത്ത് മികച്ച കേന്ദ്രങ്ങൾ

യുഎസ്, യൂറോപ്പ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള മികച്ച സ്വകാര്യ സർവകലാശാലകൾ ഇവിടെ സ്ഥാപിക്കണം. ഇത് അയൽരാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ ഇന്ത്യയിലേക്ക് ആകർഷിക്കും. വിദേശ പഠനത്തിന്റെ ഉയർന്ന ചെലവിന്റെയും കേരളത്തിന്റെ ആരോഗ്യ മേഖലയിലെ നേട്ടങ്ങളുടെയും അടിസ്ഥാനത്തിൽ വിദ്യാർഥികൾ കേരളത്തെ ‘എജ്യുക്കേഷൻ ഡെസ്റ്റിനേഷനായി’ കണക്കാക്കാനുള്ള സാധ്യതയേറെ. 

ജലകായിക വിനോദ കേന്ദ്രം 

വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാനായി റോവിങ്, കാനോയിങ് പോലുള്ള കായിക മത്സരങ്ങൾക്ക് ആതിഥ്യമരുളാം. സർഫിങും ഒട്ടേറെപ്പേരെ ആകർഷിക്കുന്ന ഇനമാണ്. ഇതു സ്വകാര്യ മേഖലയിൽ നടത്താനാവുന്നതുമാണ്. 

(മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് 

ഡയറക്ടറാണ് ലേഖകൻ) 

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA