ADVERTISEMENT

ആഭ്യന്തര വിമാനയാത്രാ നിരക്ക് ഓഗസ്റ്റ് 24 വരെ 3 മാസം കേന്ദ്ര വ്യോമയാന മന്ത്രാലയം നിയന്ത്രിക്കും. യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും നഷ്ടമുണ്ടാകാത്ത വിധം കുറഞ്ഞ നിരക്കും ഉയർന്ന നിരക്കും നിശ്ചയിക്കും. ലോക്ഡൗൺ നഷ്ടം നികത്താൻ വിമാനക്കമ്പനികൾ ഭീമമായ നിരക്ക് ഈടാക്കുന്നതു തടയാനാണിത്.

യാത്രാ ദൈർഘ്യമനുസരിച്ച് 7 വിഭാഗങ്ങളായി തിരിച്ചാകും നിരക്ക് നിശ്ചയിക്കുകയെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. മൂന്നര മണിക്കൂർ ദൈർഘ്യമുള്ള ഡൽഹി – തിരുവനന്തപുരം യാത്രയ്ക്ക് കുറഞ്ഞ നിരക്ക് 6500 രൂപയും പരമാവധി 18,600 രൂപയുമായിരിക്കും. ഇതിന്റെ ശരാശരിക്കു താഴെയുള്ള നിരക്കിൽ 40% സീറ്റുകൾ അനുവദിക്കും. 

വിഭാഗങ്ങളും നിരക്കുകളും

യാത്രാ ദൈർഘ്യം, കുറഞ്ഞതും കൂടിയതുമായ നിരക്ക് എന്ന ക്രമത്തിൽ (കേരള റൂട്ടുകൾ ബ്രാക്കറ്റിൽ)

∙ 40 മിനിറ്റ് വരെ:  2000 – 6000 രൂപ (ബെംഗളൂരു – കൊച്ചി, തിരുവനന്തപുരം – കൊച്ചി) 

∙ 40 – 60 മിനിറ്റ്: 2500 – 7500 (ബെംഗളൂരു – കോഴിക്കോട്, ബെംഗളൂരു – തിരുവനന്തപുരം, ചെന്നൈ – കോഴിക്കോട്, ചെന്നൈ – തിരുവനന്തപുരം, ഹൈദരാബാദ് – കൊച്ചി, ചെന്നൈ – കൊച്ചി)

∙ 60 – 90 മിനിറ്റ്: 3000 – 9000 (അഹമ്മദാബാദ് – കൊച്ചി, ഹൈദരാബാദ് – തിരുവനന്തപുരം, പുണെ – കൊച്ചി)

∙ 90 – 120 മിനിറ്റ്: 3500 – 10,000 (മുംബൈ – തിരുവനന്തപുരം)

∙ 120 – 150 മിനിറ്റ്: 4500 – 13,000

∙ 150 – 180 മിനിറ്റ്: 5500 – 15,700 (കോഴിക്കോട് – ഡൽഹി, കൊച്ചി – ഡൽഹി)

∙ 180 – 210 മിനിറ്റ്: 6500 – 18,600 (ഡൽഹി – തിരുവനന്തപുരം).

വെബ് ചെക്ക് ഇൻ നടത്തണം; 2 മണിക്കൂർ മുൻപേ എത്തണം

ന്യൂഡൽഹി ∙ ആഭ്യന്തര വിമാന യാത്രക്കാർക്ക് എയർപോർട്സ് അതോറിറ്റിയുടെ മാർഗനിർദേശങ്ങൾ:

∙ മൊബൈൽ ഫോണിൽ ആരോഗ്യസേതു ആപ് വേണം. രോഗലക്ഷണമുള്ളവരുടെ യാത്ര അനുവദിക്കില്ല.

∙ കണ്ടെയ്ൻമെന്റ് സോണുകളിൽ (റെഡ് സോൺ) നിന്നുള്ളവർ യാത്ര ചെയ്യരുത്.

∙ വിമാനത്താവളത്തിലെത്തും മുൻപ് വെബ് ചെക്ക് ഇൻ ചെയ്യണം. ബോർഡിങ് പാസിന്റെ പകർപ്പ് കയ്യിൽ കരുതണം. 

∙ 2 മണിക്കൂർ മുൻപു വിമാനത്താവളത്തിലെത്തണം. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് ചെക്ക് ഇൻ കൗണ്ടർ അടയ്ക്കും.

∙ വിമാനത്താവളത്തിലും വിമാനത്തിലും മാസ്ക് ഗ്ലൗസ് എന്നിവ നിർബന്ധം.

∙ വിമാനത്താവളത്തിൽ മറ്റുള്ളവരിൽ നിന്ന് 4 അടി അകലം പാലിക്കണം

∙ വിമാനത്താവളത്തിലേക്കും വിമാനത്തിലേക്കും കയറും മുൻപ് തെർമൽ സ്കാനർ പരിശോധന.

∙ ചെക്ക് ഇൻ, കാബിൻ ബാഗുകൾ ഒന്നു വീതം.

∙ വിമാനത്തിൽ ഭക്ഷണമില്ല; വെള്ളം മാത്രം.

∙ ഇറങ്ങുന്ന സംസ്ഥാനത്തെ മാർഗനിർദേശങ്ങൾ പാലിക്കണം.

ആഭ്യന്തര വിമാനയാത്ര കഴിഞ്ഞ് ക്വാറന്റീൻ ഇല്ല 

ന്യൂഡൽഹി ∙ ആഭ്യന്തര വിമാന സർവീസ് തിങ്കളാഴ്ച പുനരാരംഭിക്കുമ്പോൾ യാത്രക്കാർക്കു കേന്ദ്ര സർക്കാർ 14 ദിവസ ക്വാറന്റീൻ നിഷ്‌കർഷിക്കുന്നില്ല. സംസ്ഥാനാന്തര ട്രെയിൻ, ബസ് യാത്രക്കാർക്കു നിലവിൽ ക്വാറന്റീൻ നിർബന്ധമാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് സ്വന്തം നിലയിൽ തീരുമാനമെടുക്കാമെന്നു വ്യോമയാന മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

English Summary :flight charge under govt control

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com