ADVERTISEMENT

രാജ്യം കൊറോണ ഭീതിയെ തുടർന്ന് ലോക്ഡൗണിലായതോടെ യാത്രകളൊക്കെയും മാറ്റിവച്ച് എല്ലാവരും സുരക്ഷിതരായി വീടിനുള്ളിൽ തന്നെയാണ്. ഇപ്പോഴിതാ ചിലയിടങ്ങളിൽ ലോക്ഡൗണിൽ ഇളവുകൾ വരുത്തിയിട്ടുമുണ്ട്. ഡെൻമാർക്കിലും അതിർത്തി രാജ്യങ്ങളിലുമായി വേർപിരിഞ്ഞുകഴിയുന്ന ദമ്പതികൾക്കും, മാതാപിതാക്കൾക്കും കാമുകീകാമുകന്മാർക്കും പരസ്പരം കാണുന്നതിനായി വഴിയൊരുക്കുകയാണ് ഡെൻമാർക്ക്.

അടുത്തിടെ ജർമനിയും മറ്റ് നോർഡിക് രാജ്യങ്ങളുമായുള്ള അതിർത്തി നിയന്ത്രണങ്ങൾ രാജ്യം ലഘൂകരിച്ചിരുന്നു. ഈ നീക്കം നോർഡിക് രാജ്യങ്ങളിലെയും ജർമനിയിലെയും താമസക്കാർക്ക് സന്തോഷം നിറയ്ക്കുന്നതാണ്. കാരണം മാതാപിതാക്കള്‍ക്കോ കുട്ടികൾക്കോ ബന്ധുക്കള്‍ക്കോ കാമുകനോ ആ രാജ്യങ്ങളിൽ നിന്നും ഡെൻമാർക്കിലേക്ക് പ്രവേശിക്കാൻ സാധിക്കും. കോവിഡ് 19 ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ വേർപിരിഞ്ഞവർക്ക് വീണ്ടും കണ്ടുമുട്ടാൻ പുതിയ പരിഷ്കാരം അനുവദിക്കും.‌

പല വ്യവസ്ഥകളും ഇതിന് ബാധകമാണ്. അതായത്, ദമ്പതികളടക്കമുള്ളവർ കുറഞ്ഞത് ആറുമാസമായി ബന്ധമുണ്ടെന്ന് തെളിയിക്കേണ്ടതുണ്ട്. മെയിലുകളെയും ഫോൺ കോളുകളെയും മാത്രം അടിസ്ഥാനമാക്കിയുള്ള ബന്ധം ഉള്ളവർക്ക് പ്രവേശന നിയന്ത്രണത്തിന്റെ നിലവിലെ സാഹചര്യങ്ങളിൽ കണ്ടുമുട്ടാൻ കഴിയില്ലെന്നും ഇതർത്ഥമാക്കുന്നു.

പങ്കാളിയെ കാണാൻ ഡെൻമാർക്കിൽ പ്രവേശിക്കുന്നതിന് അവരെക്കുറിച്ചുള്ള സ്വകാര്യ ഫോട്ടോകളോ സ്വകാര്യ മെസേജുകളോ വ്യക്തിഗത വിവരങ്ങളോ കാണിക്കേണ്ടതുണ്ടെന്ന് ഡാനിഷ് പോലീസ് കൂട്ടിച്ചേർത്തു. ഇവ എത്രത്തോളം അടുപ്പമുള്ളതാണെന്ന് നോക്കിയിട്ടായിരിക്കും പ്രവേശനം അനുവദിക്കുക എന്നും ഡെപ്യൂട്ടി ചീഫ് പ്രസ്താവിച്ചു. എന്നാൽ ദമ്പതികളുടെ സ്വകാര്യ സംഭാഷണങ്ങൾ നിരീക്ഷിക്കുന്നതിനുള്ള നിയമപാലകരുടെ ഈ നടപടി വളരെയധികം വിമർശനങ്ങളും നേരിടുന്നുണ്ട്.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി മാർച്ച് 14 ന് ഡെൻമാർക്ക് അതിർത്തികൾ അടച്ചു. ഒപ്പം രാജ്യത്തേക്ക് പ്രവേശിക്കുന്ന ആളുകളെ തടയുകയും ചെയ്തു.അതിനുശേഷം, അതിർത്തിയുടെ ഓരോ വശത്തും പ്രായമായ ദമ്പതികളെ മാത്രമേ കാണാൻ അനുവദിച്ചിരുന്നുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com