ADVERTISEMENT

‘കോവിഡ് മഹാമാരി ഇല്ലായിരുന്നെങ്കിൽ, ഒളിംപിക് ദിനമായ ഇന്നു ഞങ്ങൾ ചൈനയിൽ ഉണ്ടാകുമായിരുന്നു. ഒരു മാസത്തിനു ശേഷം ഒളിംപിക്സ് വേദിയായ ജപ്പാനിലെ ടോക്കിയോയിലും !’ ചങ്ങനാശേരി മടുക്കുംമൂട്ടിലെ വീട്ടിൽ ഇരുന്ന്, പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന ‘ഒളിംപിക്സ്’ സ്വപ്നങ്ങൾ ഓർത്തെടുക്കുകയാണ് ഡോണ ജേക്കബ്.

റോഡ് ടു ടോക്കിയോ എന്ന പേരിൽ കേരളത്തിൽ‍ നിന്നു ജപ്പാനിലേക്കു സൈക്കിളിൽ യാത്ര പുറപ്പെട്ട മൂന്നംഗ സംഘത്തിലെ വനിതാ പ്രതിനിധിയാണ് ഡോണ. ‘അമ്മിണി’ എന്നാണു സൈക്കിളിനു ഡോണ നൽകിയ പേര്. ഡിസംബർ 15 ന് കൊച്ചിയിൽ യാത്ര ആരംഭിച്ച് ജൂലൈ 23ന് ടോക്കിയോയിൽ എത്തി. തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളായ ആലപ്പുഴ സ്വദേശി ക്ലിഫിൻ ഫ്രാൻസിസ്, പൊന്നാനി സ്വദേശി ഹസീബ് എന്നിവർക്കൊപ്പം  നേരത്തെ നിശ്ചയിച്ച പോലെ യാത്ര ആരംഭിച്ചു. 

ബംഗ്ലദേശിൽ പ്രവേശിച്ച് 10 ദിവസം കഴിഞ്ഞപ്പോഴാണു ലോകം കോവിഡ് ഭീതിയിലേക്കു മാറിയത്. അവിടെ  കുടുങ്ങിപ്പോകും എന്നായതോടെ യാത്ര അവസാനിപ്പിച്ച് മാർച്ച്17ന് ധാക്കയിൽ നിന്ന് 120 കിലോമീറ്റർ സൈക്കിൾ ചവിട്ടി തിരികെ ഇന്ത്യൻ അതിർത്തിയിലെത്തി. ത്രിപുര തലസ്ഥാനമായ അഗർത്തലയിൽ 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞു. ലോക്ഡൗണായതിനാൽ നാട്ടിലേക്കു മടങ്ങാനായില്ല. 

മലയാളിയായ ഫാ.പോളിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആശാ കേന്ദ്രത്തിലായിരുന്നു പിന്നീട് 2 മാസം താമസം.  വിമാനയാത്രയ്ക്ക് അനുമതി ലഭിച്ചതോടെ നാട്ടിലേക്കു മടങ്ങി.  3,500 കിലോമീറ്റർ സൈക്കിൾ ചവിട്ടിയപ്പോഴാണ് യാത്ര അവസാനിപ്പിച്ചത്. മെക്സിക്കോയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്ന ഡോണ അവിടെ നിന്നു ക്യൂബയിലേക്കു നേരത്തേ സൈക്കിൾ ചവിട്ടിയിട്ടുണ്ട്. ഒളിംപിക്സ് അടുത്ത വർഷം നടക്കുമ്പോൾ മത്സരങ്ങൾ കാണാൻ പോകണമെന്ന തീരുമാനത്തിനു തൽക്കാലം മാറ്റമില്ലെന്നു അമ്മിണിയെ തൊട്ടുനിന്ന് ഡോണ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com