ADVERTISEMENT

നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവിന്‍റെ പാതയിലാണ് ലോകമെങ്ങുമുള്ള യാത്രാമേഖല. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി പല രാജ്യങ്ങളും വ്യത്യസ്ത ഓഫറുകളും കിഴിവുകളും നല്‍കുന്നുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് പുതുതായി കടന്നുവന്നിരിക്കുകയാണ് ഉസ്ബെക്കിസ്ഥാന്‍. രാജ്യത്തിനകത്തുള്ള സന്ദര്‍ശനത്തിനിടെ കൊറോണ വൈറസ് ബാധയേറ്റാല്‍ യാത്രികന് $3000 (ഇന്ത്യൻ രൂപ 2,26,747) നല്‍കും എന്നാണ് ഈ ഓഫര്‍.

ഇവിടെ വരുന്ന ആര്‍ക്കും കോവിഡ് 19 ബാധിക്കില്ല എന്നുള്ള ഉറച്ച ആത്മവിശ്വാസത്തിന്‍റെ പുറത്താണ് രാജ്യം ഇങ്ങനെയൊരു ഓഫര്‍ മുന്നോട്ടു വയ്ക്കുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി തയ്യാറാക്കിയ "Safe Travel Guaranteed" ക്യാംപെയിനിന്‍റെ ഭാഗമായാണ് ഓഫര്‍ നല്‍കുന്നത്.

ഉസ്ബെക്കിസ്ഥാനില്‍ കോവിഡ് 19 ബാധിച്ച ഒരാള്‍ക്ക് ചികിത്സയ്ക്കായുള്ള ശരാശരി തുകയാണ് $3000. ഇതു സംബന്ധിച്ച നിര്‍ദ്ദേശത്തില്‍ പ്രസിഡന്റ് ഷാവ്‌കത് മിര്‍സിയോയേവ് ചൊവ്വാഴ്ച ഒപ്പുവച്ചു. 33 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഉസ്ബെക്കിസ്ഥാനിൽ ഇതുവരെ 7228 കൊറോണ വൈറസ് പോസിറ്റീവ് കേസുകളും 20 മരണങ്ങളുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

പദ്ധതി സംബന്ധിച്ച് ഉസ്ബെക്കിസ്ഥാനിലെ ടൂറിസം അംബാസഡറായ സോഫി ഇബ്ബോട്‌സൺ പറയുന്നത് ഇങ്ങനെ "വിനോദ സഞ്ചാരികളുടെ ഉസ്ബെക്കിസ്ഥാനിലേക്കുള്ള യാത്രയ്ക്ക് ഉറപ്പുനൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ടൂറിസം മേഖലയിലുടനീളം നടപ്പാക്കിക്കൊണ്ടിരിക്കുന്ന പുതിയ സുരക്ഷാ, ശുചിത്വ നടപടികള്‍ വിനോദ സഞ്ചാരികളെ കോവിഡ് -19 ൽ നിന്ന് സംരക്ഷിക്കുമെന്ന് സർക്കാരിന് ആത്മവിശ്വാസമുണ്ട്. ഈ പദ്ധതിയില്‍ പണം നിക്ഷേപിക്കാൻ പ്രസിഡന്റ് തയ്യാറാണ്. ഉസ്ബെക്കിസ്ഥാനിലെ യാത്രക്കിടെ COVID-19 ബാധിച്ചാല്‍ ഞങ്ങൾ നഷ്ടപരിഹാരം നൽകും."

എന്നാല്‍ നഷ്ടപരിഹാരത്തിനു അര്‍ഹത നേടാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്.

1) ഒരു പ്രാദേശിക ടൂര്‍ ഗൈഡിനൊപ്പമായിരിക്കണം രാജ്യത്തിനകത്തുള്ള യാത്ര 

2) ഗൈഡുകൾ, ഹോട്ടലുകൾ, ടൂറിസ്റ്റ് സൈറ്റുകൾ എന്നിവ വൈറസ് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് കാണിക്കുന്ന, പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നുമുള്ള സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം.

3) ചൈന, ഇസ്രായേൽ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയുൾപ്പെടെ കുറഞ്ഞ അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെയാണ് ഉസ്ബെക്കിസ്ഥാൻ ഇപ്പോള്‍ സ്വാഗതം ചെയ്യുന്നത്.

4) യുകെയിൽ നിന്നും യൂറോപ്പിൽ നിന്നും വരുന്നവർക്ക് 14 ദിവസത്തെ ക്വാറന്റീൻ ബാധകമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com