ADVERTISEMENT

കൊറോണക്കാലം മനുഷ്യരാശിയെ വലിയൊരു പാഠമാണ് ഓരോ ദിവസവും പഠിപ്പിക്കുന്നത്. ഇന്നത്തെ തലമുറ ഇതുപോലെയൊരു മഹാമാരിയെ നേരിട്ടിട്ടില്ല. ലോകം അങ്ങേയറ്റം വികസിച്ചിട്ടും കൊറോണയെന്ന അദൃശ്യ ശത്രുവിന് മുന്നിൽ മുട്ടുമടക്കി നിൽക്കുകയാണ്. രോഗവ്യാപനപ്രതിരോധമെന്ന നിലയിൽ എല്ലാ രാജ്യങ്ങളും അവരവരുടെ അതിർത്തികൾ അടയ്ക്കുകയും, ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. ആ സമയം വിവിധ രാജ്യങ്ങളിലായി ആയിരങ്ങളാണ് തിരിച്ചുവരാനാകാതെ കുടുങ്ങിപ്പോയത്. കോവിഡ് കാലത്ത് തിരിച്ചുവരാനാകാതെ ഹാംബർഗിൽ കുടുങ്ങിപ്പോയ ഒരു മലയാളിയാണ് പ്രതാപ് പിള്ള. ആലപ്പുഴ സ്വദശിയായ പ്രതാപ് കൊവിഡ് കാലത്ത് ഒറ്റയ്ക്ക് നടത്തിയ വിമാനയാത്രയുടെ അനുഭവം പങ്കുവയ്ക്കുകയാണ് മനോരമ ഓൺലൈനിനോട്. 

ജർമനിയിൽ കുടുങ്ങി

pratap-travel4

കപ്പൽ സംബന്ധമായ ജോലിയാണ് പ്രതാപിന്. മാർച്ച് മാസത്തിൽ ജോലി സംബന്ധമായി സിംഗപ്പൂരിൽ നിന്നും ജർമനിയിലേക്ക് പോകേണ്ടിവന്നു. അവിടെയെത്തിയതിനുശേഷമാണ് കോവിഡ് പ്രതിസന്ധി രൂക്ഷമായതെന്നും എല്ലാം പെട്ടെന്ന് മാറിമറിഞ്ഞതെന്നും പ്രതാപ്. മടങ്ങിപോരാനാകാതെ ഹാംബർഗിൽ തന്നെ തുടരേണ്ട അവസ്ഥയായി. വിമാന സർവ്വീസുകളെല്ലാം നിർത്തലാക്കിയതോടെ സിംഗപ്പൂരിലേക്ക് മടങ്ങിവരാനായില്ല. മൂന്നു മാസത്തോളം അവിടെ തങ്ങി. പീന്നീട് ജൂൺ ആദ്യം വീണ്ടും പല രാജ്യങ്ങളും വിമാനസർവീസ്സുകൾ പുനരാംരഭിച്ചതോടെ തിരിച്ചുപോരാനുള്ള വഴികൾ നോക്കാൻ തുടങ്ങി. 

ഇന്ത്യയിലേക്ക് വരാമായിരുന്നു, പക്ഷേ...

ജൂൺ ആദ്യ ആഴ്ചയിൽ വന്ദേഭാരത് പദ്ധതി വഴി ഇന്ത്യയിലേക്ക് മടങ്ങാനുള്ള അവസരം കിട്ടിയതാണ്. ആ യാത്ര ഡൽഹിയിലേക്കായിരുന്നു. എന്റെ ഭാര്യ ഡോക്ടറാണ് ആലപ്പുഴയിൽ. ഇപ്പോഴത്തെ അവസ്ഥയിൽ ഞാൻ നാട്ടിലെത്തിയാൽ ചിലപ്പോൾ കുടുംബം മുഴുവൻ ക്വാറന്റീനിൽ പ്രവേശിക്കേണ്ടിവരും. മാത്രമല്ല, ഡൽഹിയിൽ നിന്നും നാട്ടിലെത്തുക എന്നുപറയുന്നതും റിസ്കുള്ള കാര്യമാണ്. അതുകൊണ്ട് ഞാൻ സിംഗപ്പൂരിലേക്ക് തന്നെ പോകാൻ തീരുമാനിച്ചു. അങ്ങനെ ജൂൺ 14 ന് ഫ്രാങ്ക്ഫർട്ടിൽ നിന്നും സിംഗപ്പൂരിലേയ്ക്കുള്ള വിമാനടിക്കറ്റ് ബുക്ക് ചെയ്തു.

ഒറ്റയ്ക്ക് ആകുമെന്ന് അറിഞ്ഞില്ല

pratap-travel2

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വേറെ 17 പേർ കൂടിയാത്ര ചെയ്യുന്നുണ്ടെന്ന് കേട്ടിരുന്നു. എന്നാൽ യാത്രക്കായി എയർപോർട്ടിലെത്തിയപ്പോഴാണ് ഞാൻ മാത്രമേ ആ വിമാനത്തിൽ യാത്ര ചെയ്യുന്നുള്ളൂ, ബാക്കിയെല്ലാവരും ടിക്കറ്റ് റദ്ദാക്കിയതായി അറിഞ്ഞത്. ആദ്യം ഒരങ്കലാപ്പൊക്കെ തോന്നി. പക്ഷേ വിമാനത്തിൽ കയറിയപ്പോൾ അതൊക്കെ മാറി.

pratap-travel3

ഇത്തരമൊരു പ്രതിസന്ധികാലത്ത് യാത്ര നടത്തുക എന്നതുതന്നെ പേടിക്കേണ്ട കാര്യമാണ്. എന്നാൽ മറ്റൊരു തരത്തിൽ നോക്കിയാൽ എന്റെ യാത്രയിൽ എനിക്ക് ഒന്നും പേടിക്കേണ്ടി വന്നില്ല. കാരണം സോഷ്യൽ ഡിസ്റ്റൻസിങ്ങിനെക്കുറിച്ചോ കൂടെ യാത്ര ചെയ്യുന്നവരെക്കുറിച്ചോ ഒന്നും ആശങ്കപ്പെടാതെ എനിക്ക് യാത്ര ചെയ്യാനായി. ഞാനും 10 ക്രൂ മെമ്പേഴ്സും മാത്രമേ ആ വിമാനത്തിൽ ഉണ്ടായിരുന്നുള്ളു. അവർ വളരെ സൗഹാർദപരമായിട്ടാണ് പെരുമാറിയത്. ഒറ്റയ്ക്ക് ഒരു വിമാനത്തിൽ യാത്ര ചെയ്യുക എന്നത് വളരെ അപൂർവമായ കാര്യം തന്നെയാണ്. അങ്ങനെ നോക്കുമ്പോൾ തനിക്ക് മികച്ചൊരു അനുഭവം തന്നെയാണ് ആ യാത്ര സമ്മാനിച്ചതെന്ന് പ്രതാപ് പറയുന്നു.തിരിച്ചെത്തിയ പ്രതാപ് സിംഗപ്പൂരിൽ 14 ദിവസത്തെ ക്വാറന്റീനിൽ പ്രവേശിച്ചു. മൂന്ന് മാസങ്ങൾക്കിപ്പുറം ലോകം പഴയസാഹചര്യങ്ങളിലേക്ക് തിരികെപ്പോകാനുള്ള ഒരുക്കത്തിലാണിപ്പോൾ. കൂടുതൽ നിയന്ത്രണങ്ങളിലൂടെയും കർശന നടപടികളിലൂടെയും കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടി മുന്നോട്ടുപോകാനാണ് ലോകരാജ്യങ്ങളുടെ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com