ADVERTISEMENT

ലോക്ഡൗണ്‍ കഴിഞ്ഞുള്ള തിരിച്ചു വരവിൽ വിനോദസഞ്ചാരികള്‍ക്കായി കൈ നിറയെ ഓഫറുകളുമായി കാത്തിരിക്കുകയാണ് മെക്സിക്കോയിലെ ഹോളിഡേ ഹോട്ട്സ്പോട്ടായ കാന്‍കൂണ്‍. പുതിയ ടൂറിസ്റ്റ് ക്യാംപെയ്നിന്‍റെ ഭാഗമായി താമസത്തിനായി ഹോട്ടല്‍ സൗകര്യവും ഭക്ഷണവും സൗജന്യമായി നല്‍കും. ഗോൾഫ്, തീം പാർക്ക്, വാടക കാർ എന്നിവയും ഈ ഓഫറില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

ടൂറിസവുമായി ബന്ധപ്പെട്ട 200 ലധികം സ്ഥാപനങ്ങൾ ഉൾപ്പെടുന്ന പുതിയ സ്വകാര്യ സംരംഭം ജൂണ്‍ മാസം ആദ്യമാണ് ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി, സഞ്ചാരികള്‍ക്ക് ഇവിടെ തങ്ങുന്ന ഓരോ രണ്ട് രാത്രിക്കും രണ്ട് രാത്രി കൂടി സൗജന്യമായി താമസിക്കാം. രണ്ട് മുതിർന്നവർ ബുക്ക് ചെയ്യുമ്പോൾ രണ്ട് കുട്ടികൾക്ക് സൗജന്യ താമസം ലഭിക്കുന്ന ഓഫറും ഉണ്ട്. വാടകക്കാറും ഈ 2+2 ഓഫറില്‍ ഉള്‍പ്പെടും. നാലു ദിവസത്തേക്ക് വാഹനം വാടകയ്ക്ക് എടുക്കുകയാണെങ്കില്‍ രണ്ടു ദിവസം സൗജന്യമായി കാര്‍ ഉപയോഗിക്കാം. ഗോള്‍ഫ്, സ്പാ, തീം പാര്‍ക്ക്‌ പ്രവേശനം തുടങ്ങിയവയും ഈ ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

കാൻ‌കൂണിനൊപ്പം, പ്യൂർട്ടോ മോറെലോസ്, തുലൂം എന്നിവിടങ്ങളിലെയും കാൻ‌കൂണിൽനിന്ന് എട്ട് മൈൽ അകലെ സ്ഥിതിചെയ്യുന്ന കരീബിയൻ ദ്വീപായ ഇസ്ലാ മുജെരെസിലെയും വിനോദസഞ്ചാര വ്യവസായങ്ങള്‍ കൂടി ഈ പദ്ധതിയുടെ ഭാഗമാകും എന്നാണു പ്രതീക്ഷ. പദ്ധതിയുടെ 75 ശതമാനവും ഹോട്ടലുകളെ കേന്ദ്രീകരിച്ചാണ്.

 

പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരത്തിൽ വിജയിക്കുന്ന സഞ്ചാരികൾക്ക് അടുത്ത 20 വർഷത്തേക്ക് അവധിദിനങ്ങള്‍ സൗജന്യമായി ചെലവഴിക്കാനുള്ള അവസരവും സമ്മാനമായി നല്‍കും. #Come2MexicanCaribbean എന്ന ഹാഷ്ടാഗിലാണ് ഈ മത്സരത്തിന്‍റെ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

 

ടൂറിസ്റ്റ് മേഖല ബുദ്ധിമുട്ടിലായ ഈ സമയത്ത് ചാര്‍ജുകള്‍ ഒരു പരിധിയിലധികം കുറയ്ക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നതിനാൽ ഗ്രൂപോ എക്സ്കററ്റ് പോലുള്ള ഹോട്ടൽ ശൃംഖലകൾ ഇത്തരം കിഴിവുകളോ ഫ്രീബി ക്യാംപെയ്നുകളോ നല്‍കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

English Summary : cancun free holiday tulum mexico

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com