കൊറോണ പേടി വേണ്ട; ഓപ്പറേഷന്‍ തിയേറ്ററിനു സമാനമായ സുരക്ഷയൊരുക്കാൻ റെയിൽ‌വേ

ac-train
SHARE

എയര്‍കണ്ടീഷന്‍ ചെയ്ത ട്രെയിനുകളില്‍ പുതിയ മാറ്റങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ. എസി കോച്ചുകള്‍ക്കുള്ളില്‍ ഓപ്പറേഷന്‍ തിയേറ്ററിനു സമാനമായ എയര്‍ കണ്ടീഷനിങ് സംവിധാനം ഒരുക്കും. ശുദ്ധവായു ഇവയ്ക്കുള്ളിലേക്ക് പമ്പു ചെയ്യുന്ന രീതിയിലായിരിക്കും പുതിയ സജ്ജീകരണം. ഉള്ളില്‍ വായു തങ്ങി നില്‍ക്കുന്നത് അണുബാധകള്‍ പടരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന അഭിപ്രായത്തെ തുടര്‍ന്നാണ്‌ പുതിയ നടപടി.

പിടിഐ റിപ്പോര്‍ട്ട് പ്രകാരം 2020 മെയ് 12 മുതൽ രാജധാനി റെയിൽ റൂട്ടുകളിൽ ഓടുന്ന 15 ജോഡി എസി ട്രെയിനുകളില്‍ പരീക്ഷണം നടത്തിക്കഴിഞ്ഞു. കോവിഡിനു ശേഷമുള്ള പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ റെയിൽ‌വേ നടത്തുന്ന തയ്യാറെടുപ്പുകളുടെ ഭാഗമായി എല്ലാ എസി ട്രെയിനുകളിലും ഈ സംവിധാനം ഒരുക്കും. ഓപ്പറേഷന്‍ തിയേറ്ററുകളില്‍ ഉള്ളതുപോലെ മണിക്കൂറിൽ 16-18 തവണയിൽ കൂടുതൽ മുറിയിലെ പഴയ വായു മാറ്റി പുതിയ വായു നിറയ്ക്കുന്ന റൂഫ് മൗണ്ടഡ് എസി പാക്കേജ് യൂണിറ്റ് (ആർ‌എം‌പിയു) സംവിധാനമായിരിക്കും ഇവയ്ക്കുള്ളില്‍ സജ്ജീകരിക്കുക.

നിലവില്‍ എസി ട്രെയിനുകളില്‍ ഉള്ള സംവിധാനം അനുസരിച്ച് മണിക്കൂറില്‍ 6-8 തവണയാണ് പഴയ വായു പുറന്തള്ളി പുതിയ വായു നിറയ്ക്കുന്ന പ്രവര്‍ത്തനം നടക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ കോച്ചിനുള്ളില്‍ 80% പഴയ വായുവും 20% ശുദ്ധമായ വായുവുമാണ് ഉണ്ടാവുക.

പുതിയ സംവിധാനമനുസരിച്ച് ശുദ്ധവായു മാറ്റി സ്ഥാപിക്കുന്ന തവണകള്‍ കൂടുമ്പോള്‍ ഊർജ്ജ ഉപഭോഗത്തിലും  10-15% വര്‍ദ്ധനയുണ്ടാവും. ഉള്ളിലേക്ക് പുതുതായി കടന്നു വരുന്ന വായുവിന്‍റെ താപനില കുറയാന്‍ കൂടുതല്‍ സമയവും ഊര്‍ജ്ജവും എടുക്കുന്നതിനാലാണ് ഇത്.

എസി ട്രെയിനിനുള്ളില്‍ ലിനന്‍ വിതരണം ചെയ്യാത്ത സാഹചര്യത്തില്‍ താപനില 23 ഡിഗ്രിയിൽ നിന്ന് 25 ഡിഗ്രിയിലേക്ക് ഉയർത്തിയിട്ടുണ്ട്. ആരോഗ്യ വിദഗ്ധരുടെ ഉപദേശപ്രകാരം നോണ്‍ ഏസി കോച്ചുകള്‍ ഗുരുതരമല്ലാത്ത കോവിഡ് കേസുകള്‍ ചികിത്സിക്കുന്നതിനുള്ള ഐസോലേഷന്‍ കോച്ചുകളാക്കിയും മാറ്റി. രോഗം പടരാതിരിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ മാർഗ്ഗനിർദ്ദേശങ്ങള്‍ പ്രകാരം രാജസ്ഥാനി സ്പെഷ്യല്‍ ട്രെയിനുകളിലെ എസി യൂണിറ്റുകൾ പരിഷ്‌ക്കരിക്കും.

എസി കോച്ചിനുള്ളിൽ മണിക്കൂറിൽ 12 തവണയെങ്കിലും പൂർണ്ണമായ വായു മാറ്റം സംഭവിക്കുകയാണെങ്കിൽ കേന്ദ്രീകൃത എസി സ്വീകാര്യമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചൈനയില്‍ നടത്തിയ ഒരു പഠനം ഒഴികെ, ലോകത്ത് നടത്തിയ മറ്റൊരു ഗവേഷണത്തിലും എസി ഉപയോഗം കൊറോണ വൈറസ് വ്യാപിക്കാൻ കാരണമാകുന്നുവെന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല.

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA