ADVERTISEMENT

പ്രമുഖ വിമാനക്കമ്പനിയായ ബ്രിട്ടീഷ് എയർവേയ്‌സ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന് അവകാശപ്പെടുന്ന വിഡിയോ ഈയിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിഡിയോയില്‍ ലോകമെമ്പാടുമുള്ള ബ്രിട്ടീഷ് എയർ‌വേയ്സിലെ എല്ലാ യാത്രികര്‍ക്കും നന്ദി പറയുന്നതും ഗുഡ്ബൈ പറയുന്നതും കേൾക്കാം. കമ്പനി പുറത്തിറക്കിയ വിഡിയോ എന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്. എന്നാല്‍ എന്താണ് ഇതിന്‍റെ യാഥാര്‍ഥ്യം?

സോഷ്യൽ മീഡിയയിൽ പരക്കുന്ന വിഡിയോ

ബ്രിട്ടീഷ് എയർവേയ്‌സ് ഇതുവരെ സ്വപ്നത്തില്‍പ്പോലും അങ്ങനെയൊരു കാര്യം ആലോചിച്ചിട്ടില്ല എന്നതാണ് സത്യം! പ്രവർത്തനങ്ങൾ നിർത്തലാക്കുന്നുവെന്ന് കമ്പനി എവിടെയും പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, യാത്രികരെ വീണ്ടും സ്വാഗതം ചെയ്യുകയാണ് അടുത്തിടെ ബ്രിട്ടീഷ് എയർവേയ്സ് ചെയ്തത്. കമ്പനി വെബ്സൈറ്റിലോ പ്രസ് റിലീസുകളിലോ ഇങ്ങനെയൊരു പരാമര്‍ശം ഇല്ല. സോഷ്യല്‍മീഡിയയില്‍ തികച്ചും വാസ്തവവിരുദ്ധമായാണ് ഇങ്ങനെയൊരു വിഡിയോ പ്രചരിക്കുന്നത്.

ഈ ജൂൺ 13-നാണ് ഒരു യുട്യൂബ് ചാനലില്‍ ഈ വിഡിയോ പ്രത്യക്ഷപ്പെട്ടത്. 2020 ജൂൺ 15 മുതൽ ബ്രിട്ടീഷ് എയർവേയ്‌സ് ജീവനക്കാരെ പിരിച്ചുവിടാൻ ആരംഭിച്ചെന്ന് വിഡിയോ വിവരണത്തിലുണ്ട്. 

മാറിയ സാമ്പത്തിക സ്ഥിതിയെ തുടര്‍ന്ന് ബ്രിട്ടീഷ് എയർവെയ്സ് കമ്പനി പുനസംഘടിപ്പിക്കാന്‍ ആലോചിക്കുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. ജീവനക്കാരുടെ നിബന്ധനകളിലും വ്യവസ്ഥകളിലും മാറ്റങ്ങൾ ഉണ്ടാകുമെന്നും സൂചനയുണ്ടായിരുന്നു. 'ദി സൺ' വാർത്താ റിപ്പോർട്ടിൽ, കമ്പനി 350 പൈലറ്റുമാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി പറയുന്നു. ആവശ്യമുള്ളപ്പോള്‍ മാത്രം സേവനം നല്‍കണമെന്ന വ്യവസ്ഥയില്‍ 300 പേരെ പൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബ്രിട്ടീഷ് എയർവേയ്‌സ് മാത്രമല്ല, ദുബായ് ആസ്ഥാനമായുള്ള എയർലൈൻസായ എമിറേറ്റ്സ്, 600 പൈലറ്റുമാരെ പുറത്താക്കി. ജർമ്മനിയുടെ ലുഫ്താൻസ ഗ്രൂപ്പ് 22,000 പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കൊറോണയെ തുടര്‍ന്ന് നഷ്ടത്തിലായ ലോകമെമ്പാടുമുള്ള എയർലൈൻ കമ്പനികളില്‍ ഇപ്പോള്‍ കാണാന്‍ കഴിയുന്ന പ്രതിഭാസമാണ് ജീവനക്കാരെ വെട്ടിച്ചുരുക്കല്‍. 

ലോക്ക്ഡൌണ്‍ കഴിഞ്ഞ് യാത്രികരെ വീണ്ടും സ്വാഗതം ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ കഴിഞ്ഞ ജൂണ്‍ 20ന് ബ്രിട്ടീഷ് എയര്‍വേയ്സ് പോസ്റ്റ്‌ ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com