ADVERTISEMENT

മനുഷ്യരുടെ വിശ്വസ്തരും മിലിട്ടറി സേവനങ്ങളില്‍പ്പോലും സഹായത്തിനായി ഉപയോഗിക്കപ്പെടുന്നതുമായ നായകളെ മാംസവില്‍പ്പനയ്ക്കായി കൊല്ലരുതെന്ന നിര്‍ദ്ദേശവുമായി കംബോഡിയയിലെ സിയെം റീപ് പ്രവിശ്യ. രാജ്യത്തെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയായ ഈ പ്രദേശത്ത് ഒരു വര്‍ഷം മൂന്നു മില്ല്യന്‍ നായ്ക്കളാണ് ഭക്ഷണത്തിനായി അറുക്കപ്പെടുന്നത്. 

അനിമല്‍ വെല്‍ഫെയര്‍ ഗ്രൂപ്പായ 'ഫോര്‍ പോസി'(FOUR PAWS)ന്‍റെ അഭിപ്രായമനുസരിച്ച് കംബോഡിയയില്‍ നായമാംസ വില്‍പ്പന ഏറ്റവും കൂടുതല്‍ നടക്കുന്ന പ്രദേശമാണ് സിയെം റീപ്. പ്രതിവര്‍ഷം രണ്ടു മില്ല്യനോളം സഞ്ചാരികള്‍ ഇവിടെയെത്തുന്നതായി കണക്കാക്കുന്നു.കംബോഡിയന്‍ ജനത  മാത്രമല്ല, മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരും നായമാംസത്തിനായി ഇവിടെ എത്താറുണ്ട്. സൗത്ത് കൊറിയയില്‍ നിന്നുള്ളവരാണ് ഏറ്റവും വലിയ ആവശ്യക്കാര്‍ എന്ന് പ്രവിശ്യയുടെ വനം-കൃഷി-ഫിഷറീസ് ഡയറക്ടര്‍ ടീ കിംസോത് പറഞ്ഞു. ഇവര്‍ക്കിടയില്‍ ഉള്ള വമ്പിച്ച ഡിമാന്‍ഡ് മൂലമാണ് റസ്റ്റോറന്റുകളില്‍ നായമാംസം കൊണ്ടുള്ള വിഭവങ്ങള്‍ വിളമ്പാന്‍ ആരംഭിച്ചത്. 

ആരെങ്കിലും ഇതിനു വിരുദ്ധമായി നായകളെ കൊന്നു മാംസം വില്‍ക്കുകയാണെങ്കില്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ആണയിടുന്ന എഗ്രിമെന്റ് ഒപ്പിടീക്കുകയായിരിക്കും ആദ്യം ചെയ്യുക. വീണ്ടും ആവര്‍ത്തിച്ചാല്‍ പിഴ അടക്കമുള്ള നിയമ നടപടികളിലേക്ക് നീങ്ങും. 

മനുഷ്യചരിത്രം ആരംഭിച്ചത് മുതല്‍ക്കേ ലോകം മുഴുവന്‍ വീടുകളിലെ ഒരംഗത്തെപ്പോലെയാണ് നായകളെ കാണുന്നത്. ലാവോസ്, വിയറ്റ്നാം, കംബോഡിയ, തായ്‍‍‍ലൻഡ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് പുറമേ ഇന്ത്യയിലെ ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ഇവയെ ഭക്ഷണമാക്കുന്നുണ്ട്. ഇവയെ കഴിക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്നാണ് വിയറ്റ്നാമിലുള്ളവര്‍ വിശ്വസിക്കുന്നത്. മാംസ ഭക്ഷണത്തിലൂടെയാണോ കൊറോണ വൈറസ് പകര്‍ന്നത് എന്ന സംശയം നിലനില്‍ക്കെ പല രാജ്യങ്ങളുംനായയിറച്ചി അടക്കമുള്ളവ നിരോധിക്കാന്‍ മുന്‍കൈയെടുക്കുന്നുണ്ട്.

English Summary : Cambodian tourist province bans 'alarming' dog meat trade

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com