ADVERTISEMENT

രാജ്യാന്തര വിമാനങ്ങൾ വഴി എയര്‍പോര്‍ട്ടില്‍ എത്തുന്ന യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി ഡല്‍ഹി എയര്‍പോര്‍ട്ട്‌. മറ്റു രാജ്യങ്ങളില്‍ നിന്നും ഡല്‍ഹിയില്‍ എത്തുന്ന യാത്രക്കാര്‍ അവരുടെ സ്വന്തം ചെലവിൽ ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീൻ  വിധേയരാകണം. അതിനുശേഷം ഏഴു ദിവസത്തെ ഹോം ക്വാറന്റീൻ പാലിക്കുകയും വേണം.

മറ്റു നിര്‍ദേശങ്ങള്‍ ചുവടെ

∙ സർക്കാർ ഉത്തരവ് പ്രകാരം, ഡല്‍ഹി വിമാനത്താവളത്തിൽ രാജ്യാന്തര വിമാനത്തിൽ എത്തുന്നവർ ക്വാറന്റീൻ നിയമങ്ങള്‍ അംഗീകരിച്ചു കൊണ്ടുള്ള ഒരു കരാറിൽ ഒപ്പിടണം. യാത്രക്കാരനോ അല്ലെങ്കിൽ ഒരു കുടുംബാംഗമോ ഒപ്പിട്ട ഏഴു ദിവസത്തെ പണമടച്ചുള്ള ക്വാറന്റീന്‍റെ വിവരങ്ങള്‍, ബുക്കിംഗ് സ്ഥിരീകരിക്കുന്നതിന് മുന്‍പു തന്നെ എംബസിക്കോ അല്ലെങ്കില്‍ ബന്ധപ്പെട്ട സ്ഥാപനത്തിനോ നല്‍കണം. അതിനു ശേഷം 7 ദിവസത്തെ ഹോം  ക്വാറന്റീൻ പാലിക്കണം.

∙ ഡല്‍ഹി-എൻ‌സി‌ആർ മേഖലയിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധിത ആരോഗ്യ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരും. എയർപോർട്ട് ഹെൽത്ത് ഓഫീസർമാർ (എപി‌എച്ച്ഒ) നടത്തുന്ന പ്രാഥമിക സ്ക്രീനിംഗ് ഇതില്‍ ഉള്‍പ്പെടും.

∙ ഡല്‍ഹി സർക്കാർ നടത്തുന്ന സെക്കൻഡറി സ്ക്രീനിംഗിന് ശേഷമായിരിക്കും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീൻ നടത്തുന്ന സ്ഥലത്തേക്ക് പോകാന്‍ യാത്രക്കാരെ അനുവദിക്കുന്നത്.

∙ ക്വാറന്റീൻ ഇളവ് ആവശ്യമുള്ള യാത്രക്കാർ അതിനായുള്ള ഫോം പൂരിപ്പിച്ച് ടെർമിനലിനുള്ളിലെ സർക്കാർ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി അവരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. കൂടാതെ, ഡല്‍ഹിയില്‍ ക്വാറന്റീൻ ഇളവ് നേടിയ ശേഷം മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യുകയാണെങ്കില്‍ ലക്ഷ്യസ്ഥാനമായ സംസ്ഥാനത്ത് ക്വാറന്റീന്‍ നടത്താനുള്ള ഒരുക്കങ്ങൾ നടത്തണം.

∙ മാർഗനിർദേശങ്ങൾ പ്രകാരം ഗർഭിണികൾ, കുടുംബത്തിൽ ആരെങ്കിലും മരണമടഞ്ഞവർ, ഗുരുതരമായ രോഗം ബാധിച്ചവർ, 10 വയസ്സിന് താഴെയുള്ള കുട്ടികളോടൊപ്പമുള്ള മാതാപിതാക്കൾ എന്നിവരാണ് ക്വാറന്റീനില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ളത്‌. ഇങ്ങനെയുള്ളവര്‍, ആവശ്യമായ രേഖകൾക്കൊപ്പം ഒരു അണ്ടര്‍ടേക്കിംഗ് ഫോം പൂരിപ്പിച്ച് airportcovid@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കണം

∙ ഡൊമസ്റ്റിക് യാത്രക്കാർ എക്സിറ്റ് ഗേറ്റുകൾക്ക് സമീപം നിർബന്ധിത തെർമൽ സ്ക്രീനിംഗ് നടത്തണം. രോഗലക്ഷണങ്ങളില്ലാത്തവരെ എയർപോർട്ട് പരിസരത്ത് നിന്ന് പോകാൻ അനുവദിക്കും. ഇങ്ങനെയുള്ളവര്‍ ഏഴു ദിവസത്തെ ഹോം ക്വാറന്റീൻ പാലിക്കണം.

∙ ട്രാൻസിറ്റ് യാത്രക്കാർക്ക് അവരുടെ അടുത്ത ഫ്ലൈറ്റ് യാത്രയ്ക്ക് മുന്‍പ് എന്‍ട്രി, ഡിപ്പാര്‍ച്ചര്‍ ഗേറ്റുകളില്‍ ശരീരതാപനില പരിശോധന നടത്തും.

∙ രാജ്യാന്തര വന്ദേ ഭാരത് മിഷൻ ഫ്ലൈറ്റുകളില്‍ എത്തുന്ന യാത്രക്കാർ വന്ദേ ഭാരത് മിഷന്‍റെ കീഴിൽ ഉള്ള ആഭ്യന്തര വിമാനത്തില്‍ തുടര്‍യാത്ര ചെയ്യണം.  വന്ദേ ഭാരത് ഇതര രാജ്യാന്തര  വിമാനങ്ങൾ വഴി വരുന്നവരും തുടര്‍ന്നുള്ള യാത്ര ആഭ്യന്തര വിമാനങ്ങളില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരുമായ യാത്രക്കാർ ഒരു അംഗീകൃത എക്സംപ്ഷന്‍ സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്.

English Summary: Delhi Airport Revises Guidelines for International Flyer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com