sections
MORE

ഇനി വിമാനത്തില്‍ വിശാലമായി കിടന്ന് യാത്ര ചെയ്യാം, പുതിയ എ321 നിയോയുമായി വിസ്താര

vistara-a321neo
Vistara A 321 Neo
SHARE

ഇന്ത്യയിലെ ആദ്യത്തെ ഫുള്‍ സ്ലീപ്പര്‍ ബിസിനസ് ക്ലാസ് ഫ്ലൈറ്റ് അവതരിപ്പിച്ച് ടാറ്റ ഗ്രൂപ്പിന്‍റെയും സിംഗപ്പൂർ എയർലൈൻസ് ലിമിറ്റഡിന്‍റെയും (എസ്‌ഐ‌എ) സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈന്‍സ്. ഇത്തരത്തില്‍പ്പെട്ട ആദ്യ വിമാനമായ എയർബസ് എ321 നിയോ, ജർമനിയിലെ ഹാംബർഗില്‍നിന്ന് ഇന്നലെ ന്യൂഡൽഹിയിൽ എത്തി. ബിസിനസ് ക്ലാസിൽ ഫുള്‍ ഫ്ലാറ്റ് ബെഡുകള്‍ക്കൊപ്പം എത്തുന്ന ഏറ്റവും നൂതനമായ വിമാന ക്യാബിൻ ആണ് വിസ്താര അവതരിപ്പിക്കുന്നത്. 

ബിസിനസ് ക്ലാസിൽ 12, പ്രീമിയം ഇക്കോണമിയിൽ 24, ഇക്കോണമി ക്ലാസിൽ 152 എന്നിങ്ങനെ സീറ്റുകളുടെ എണ്ണവുമായി മൂന്നു തരം ക്ലാസുകളാണ് 321 നിയോയിലുള്ളത്. എയർ ലീസ് കോർപ്പറേഷൻ പാട്ടത്തിനെടുത്ത ആറ് എ 321 നിയോകളിൽ ആദ്യത്തേതാണ് ഈ വിമാനം. 2018 ൽ ഒപ്പിട്ട 50 A320 നിയോ ഫാമിലി എയർക്രാഫ്റ്റ് ഓർഡറിന്‍റെ ഭാഗമായാണ് ഈ വിമാനം എത്തിയിരിക്കുന്നത്. ഇടുങ്ങിയ വിമാനത്തിനുള്ളില്‍ ഫ്ലാറ്റ് ബെഡ് നല്‍കുന്ന ദക്ഷിണേഷ്യയിലെ ആദ്യത്തെ വിമാനമാണിത് എന്ന് കമ്പനി പറയുന്നു. 

പുതിയ തലമുറ സിഎഫ്എം–ലീപ്  1എ എൻജിനുകള്‍ക്കൊപ്പമാണ് വിസ്താര എ321 നിയോ വിമാനങ്ങള്‍ എത്തുന്നത്. വിസ്താര ഫ്ലീറ്റ് പ്രവർത്തനങ്ങൾ ഒപ്റ്റിമൈസ് ചെയ്യുന്നതിനും സുരക്ഷിതമാക്കുന്നതിനുമായി എയർബസ് ഫ്ലൈറ്റ് അവർ സർവീസസ് ടെയ്‌ലേർഡ് സപ്പോർട്ട് പാക്കേജ് (എഫ്എച്ച്എസ്-ടിഎസ്പി) പ്രോഗ്രാം ഈ വിമാനങ്ങളെ പിന്തുണയ്ക്കും. 

ആദ്യത്തെ എ321 നിയോ വിമാനത്തെ സ്വാഗതം ചെയ്യുന്നതിൽ ഏറെ സന്തുഷ്ടിയുണ്ടെന്ന് വിസ്താര ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ലെസ്‌ലി റ്റ്ംഗ് പറഞ്ഞു. അധിക പേലോഡ് ശേഷിയും കൂടുതൽ ഇന്ധനക്ഷമതയും മെച്ചപ്പെട്ട പ്രവർത്തനവും കാഴ്ചവയ്ക്കുന്ന പുതിയ വിമാനത്തിന് കാര്‍ബണ്‍ ഫുട്പ്രിന്‍റ് കുറവാണ്. ഈ വിമാനത്തിലെ യാത്ര ഇന്ത്യയിലേക്കും വിദേശത്തേക്കും പറക്കുന്ന യാത്രക്കാർ‌ക്ക് ആഡംബര പൂര്‍ണ്ണവും ലോകോത്തരവുമായ യാത്രാനുഭവം പ്രദാനം ചെയ്യുമെന്നും റ്റ്ംഗ് കൂട്ടിച്ചേര്‍ത്തു. 

ക്യാബിൻ കോൺഫിഗറേഷനനുസരിച്ച് 240 യാത്രക്കാർക്ക് ഇരിക്കാവുന്ന എ320 കുടുംബത്തിലെ ഏറ്റവും വലിയ അംഗമാണ് എ321 നിയോ. പുതിയ തലമുറ എൻജിനുകൾ, മികച്ച എയറോഡൈനാമിക് സവിശേഷതകള്‍, ക്യാബിൻ നവീകരണം എന്നിവയുൾപ്പെടെ 20 ശതമാനം ഇന്ധന ലാഭം നൽകുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഇതിൽ ഉൾക്കൊള്ളുന്നു. മുൻതലമുറ വിമാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞത് 20 ശതമാനം എമിഷനും 50 ശതമാനം ശബ്ദവും കുറവാണ് എന്നതിനാല്‍ കാര്യമായ പാരിസ്ഥിതിക നേട്ടങ്ങളും ഇതോടൊപ്പം ലഭിക്കുന്നുണ്ട്. 

ഏഴു മണിക്കൂര്‍ കൊണ്ട് തീര്‍ക്കാവുന്ന ഹ്രസ്വ, ഇടത്തരം രാജ്യാന്തര റൂട്ടുകളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതാണ് എ321 നിയോ വിമാനങ്ങള്‍. 2020 മാർച്ചിൽ ദീർഘദൂര രാജ്യാന്തര യാത്രകള്‍ക്കായി തങ്ങളുടെ ആദ്യത്തെ വൈഡ് ബോഡി വിമാനമായ ബോയിംഗ് 787-9 ഡ്രീംലൈനറും വിസ്താര അവതരിപ്പിച്ചിരുന്നു. 

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA