ADVERTISEMENT

മുളങ്കുറ്റിയില്‍ അമൃതു പോലെ ഒഴിച്ചു തരുന്ന വെളുത്ത പാനീയം. മധുരവും പുളിയും ഇഴ ചേര്‍ന്ന് തലച്ചോറിലേക്ക് പതിയെ പടര്‍ന്നു കയറുന്ന തണുപ്പും തരിപ്പും... ഒപ്പം തൊട്ടു കൂട്ടാന്‍ മുന്നില്‍ വച്ചിരിക്കുന്ന പ്ലേറ്റില്‍ നല്ല എരിവുള്ള മീന്‍ ചാറോ താറാവിറച്ചിയോ ഒക്കെ കാണും, ചിലപ്പോഴൊക്കെ അതിനൊപ്പം കടുകും മുളകും കൊച്ചുള്ളിയും വഴറ്റിയിട്ട നല്ല നാടന്‍ കപ്പ പുഴുങ്ങിയതും എത്തും മുന്നില്‍! ആഹാ... ഭക്ഷണപ്രിയന്‍മാര്‍ക്കിനി മറ്റെന്തു വേണം! 

കള്ളുഷാപ്പുകള്‍ പണ്ടുമുതലേ കേരളത്തിന്‍റെ ഗ്രാമീണതയുടെ അവിഭാജ്യമായ ഒരു ഘടകമാണ്. ലഹരിക്കൊപ്പം ആരോഗ്യഗുണങ്ങളും പകര്‍ന്നു തരുന്ന കള്ള്, മലയാളിയുടെ മനസ്സില്‍ എന്നും ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു സംഗതിയാണ്. തെങ്ങില്‍ നിന്നെടുക്കുന്ന കേരളത്തിന്‍റെ സ്വന്തം വൈനില്‍ 4-6% ആല്‍ക്കഹോള്‍ ആണ് ഉള്ളത്.  പണ്ടത്തെപ്പോലെയല്ല, ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീട്ടിലുള്ളവരെയും കൂട്ടി ചെന്നിരിക്കാവുന്ന രീതിയില്‍ നവീകരിച്ച ഒട്ടേറെ കിടിലന്‍ ഷാപ്പുകള്‍ കേരളത്തില്‍ ഇന്നുണ്ട്. കൊറോണ കാലമെല്ലാം കഴിഞ്ഞ് കുടുംബത്തോടൊപ്പം ചെന്ന് നല്ല ഭക്ഷണവും നാടന്‍ കള്ളും കഴിക്കാന്‍ പറ്റുന്ന കേരളത്തിലെ ചില കള്ളുഷാപ്പുകള്‍ പരിചയപ്പെട്ടാലോ?

മുല്ലപ്പന്തല്‍

നാടന്‍ രീതിയില്‍ പണിത ഒരു കള്ളുഷാപ്പ്. മേല്‍ക്കൂരയ്ക്ക് മുകളിലേക്ക് പടര്‍ന്നു കയറുന്ന മുല്ലവള്ളികള്‍. കാണുമ്പോള്‍ തന്നെ ആര്‍ക്കും ഒന്നു കയറാന്‍ തോന്നും! ഇനി, ഉള്ളില്‍ കയറിയാലോ... നല്ല പതഞ്ഞു പൊങ്ങുന്ന പനങ്കള്ളും ഒപ്പം കരിമീനും മുയലും ബീഫും മുളകിട്ട താറാവും വറുത്തരച്ച കോഴിക്കറിയും. ഇത് കൊച്ചിക്കാരുടെ പ്രിയപ്പെട്ട മുല്ലപ്പന്തല്‍ ഷാപ്പ്. കുടുംബവുമൊത്ത് കള്ളുഷാപ്പില്‍ പോയിരുന്ന് ഭക്ഷണം കഴിക്കാന്‍ ഏറ്റവും മികച്ച ഇടമാണ് ഉദയംപേരൂരിലുള്ള മുല്ലപ്പന്തൽ. പനങ്കള്ളു മാത്രമല്ല, തെങ്ങിന്‍ കള്ളും മുന്തിരിക്കള്ളുമെല്ലാം കിട്ടും. താറാവ് കറി, കേര, ആവോലി തുടങ്ങിയ വലിയ മീനുകളുടെ തലഭാഗം മാത്രമെടുത്ത് കുടംപുളിയും എരിവും ചേര്‍ത്തുണ്ടാക്കുന്ന മീന്‍ തലക്കറി, കൊഴുവ പീര, കക്ക ഉലർത്തിയത്, കരിമീൻ പൊള്ളിച്ചത്, ബീഫ് വരട്ടിയത്, വറുത്തരച്ച കോഴിക്കറി, മട്ടൻ കറി, മുയൽ ഫ്രൈ, കാട സ്പെഷ്യൽ എന്നിങ്ങനെ നീളുന്നു ഇവിടുത്തെ രുചികളുടെ നിര.

മുല്ലപ്പന്തല്‍ ഷാപ്പ് - എംൽഎ റോഡ്‌, ഉദയംപേരൂര്‍, തൃപ്പൂണിത്തുറ, കൊച്ചി

കടമക്കുടി കള്ളുഷാപ്പ്

പാടങ്ങളും തോടുകളും കായലിലെ സൂര്യാസ്തമനക്കാഴ്ചയുമെല്ലാമായി ഗ്രാമീണഭംഗി നിറഞ്ഞു തൂവുന്ന അതിസുന്ദരമായ നാടാണ് കടമക്കുടി. ഈ നാടിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്ന മറ്റൊന്നു കൂടിയുണ്ട്- രുചിയൂറും ഭക്ഷണവും നല്ല നാടന്‍ കള്ളുമെല്ലാം കുടുംബത്തോടൊപ്പം വന്നിരുന്ന് ആസ്വദിക്കാന്‍ പറ്റുന്ന കടമക്കുടി കള്ളുഷാപ്പ്. ചിക്കന്‍ കറിയും ഞണ്ടു റോസ്റ്റുമാണ് ഇവിടത്തെ സ്പെഷ്യല്‍ വിഭവങ്ങള്‍. 

കടമക്കുടി കള്ളുഷാപ്പ് : കടമക്കുടി വില്ലേജ്, കടമക്കുടി ജംഗ്ഷന്‍, കടമക്കുടി തെക്കേ അറ്റം റോഡ്‌ 

നെട്ടൂര്‍ ഷാപ്പ്

എറണാകുളത്തു തന്നെ കുടുംബത്തോടൊപ്പം സന്ദര്‍ശിക്കാവുന്ന മറ്റൊരു പ്രശസ്തമായ ഷാപ്പാണ് നെട്ടൂര്‍ ഷാപ്പ്. നെട്ടൂര്‍ ബോട്ടുജെട്ടിക്ക് സമീപം സ്ഥിതിചെയ്യുന്ന ഷാപ്പില്‍ ചെമ്മീന്‍ ഉലത്തിയത്, ഞണ്ട് ഫ്രൈ, ബീഫ് ലി‌വര്‍, മീന്‍തല കറി, കപ്പ, മുയല്‍ റോസ്റ്റ് എന്നിവയൊക്കെയുണ്ട്. വൈകുന്നേരമാണ് കൂടുതല്‍ തിരക്കുള്ള സമയം എന്നതിനാല്‍ ബഹളം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ നേരത്തെ തന്നെ പോകുന്നതാണ് നല്ലത്. കൊച്ചിക്കായലിന്‍റെ മനോഹാരിത തുളുമ്പുന്ന പ്രകൃതിയും നാവില്‍ കപ്പലോടിക്കും രുചികളും ആസ്വദിച്ചു കൊണ്ട് സമയം ചെലവഴിക്കാന്‍ ഏറ്റവും പറ്റിയ ഇടങ്ങളില്‍ ഒന്നാണിത്. അധികം കാശ് ചിലവാകില്ല എന്നതും ശുചിയാക്കി സൂക്ഷിച്ചിരിക്കുന്ന പരിസരവും ആളുകളെ വീണ്ടും വീണ്ടും ഇവിടെയെത്താന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.  

നെട്ടൂര്‍ ഷാപ്പ് : നെട്ടൂര്‍ പള്ളിക്ക് സമീപം, നെട്ടൂര്‍, മരട്, എറണാകുളം

മാപ്രാണം ഷാപ്പ്

തൃശൂർകാരുടെ പ്രിയപ്പെട്ട ഷാപ്പുകളിലൊന്നായ മാപ്രാണം ഷാപ്പ് ഇരിങ്ങാലക്കുടയിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെ തൃശൂർ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. കൂന്തള്‍, മീൻ കറി, മീൻ പീര, ഞണ്ടിന്‍റെ വിവിധ വിഭവങ്ങള്‍ തുടങ്ങിയ കടൽ രുചികളാണ് ഇവിടുത്തെ സ്പെഷ്യൽ. കൂടാതെ മുയൽ റോസ്റ്റും താറാവ് റോസ്റ്റും ഞണ്ട് റോസ്റ്റും കാട ഫ്രൈയും പിന്നെ കപ്പയും മീൻ കറിയും എല്ലാം കിട്ടും. 26 തരം വ്യത്യസ്തവും രുചികരവുമായ കേരള വിഭവങ്ങൾ ഇവിടെ ലഭിക്കും. 

മാപ്രാണം ഷാപ്പ്: തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്‌, ഗാന്ധിപുരം, ഇരിഞ്ഞാലക്കുട നോര്‍ത്ത്, പൊറത്തിശ്ശേരി

കരിമ്പിന്‍കാല

എംസി റോഡിൽ കോട്ടയം ചങ്ങനാശ്ശേരി റൂട്ടിലെ പള്ളത്തുള്ള കരിമ്പിന്‍കാല ഷാപ്പ്‌ 1958ലാണ് ആരംഭിച്ചത്. നിറയെ കുടുംബങ്ങള്‍ വന്നെത്തുന്ന ഫാമിലി റെസ്റ്റോറന്റ് ആണ് ഇപ്പോള്‍ ഈ ഷാപ്പ്. വാഴയിലയില്‍ തയ്യാറാക്കുന്ന കരിമീൻ പൊള്ളിച്ചത്, ഞണ്ട് റോസ്റ്റ്, ചെമ്മീൻ, താറാവ് കറി, മീന്‍ തലക്കറി, ചിക്കൻ, ബീഫ് എന്നിങ്ങനെ തുടങ്ങി, നാവില്‍ വെള്ളമൂറിക്കുന്ന നിരവധി വിഭവങ്ങള്‍ ഇവിടെയുണ്ട്. 

കരിമ്പിന്‍കാല: എംസി റോഡ് പള്ളം, കോട്ടയം

English Summary: Famous Toddy Shops In Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com