sections
MORE

വാൽപാറ പ്രേമികള്‍ക്കായി പുതിയ രണ്ടു കിടുക്കന്‍ സ്ഥലങ്ങള്‍ കൂടി ഉടന്‍ 

valparai
SHARE

പെട്ടെന്നൊരു യാത്ര പോയാലോ എന്നോര്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ആദ്യം വരുന്ന പേരുകളില്‍ ഒന്നാണ് വാൽപാറ. കോയമ്പത്തൂരില്‍ പശ്ചിമഘട്ടത്തിലെ ആനമലയുടെ ഭാഗമായ വാൽപാറയില്‍  മനോഹരമായ വനപ്രദേശവും ഷോളയാര്‍ ഡാമും കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടവുമെല്ലാമായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ട്. കോയമ്പത്തൂരി നിന്ന് 100 കിലോമീറ്ററും പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്ററും മാത്രമാണ് ദൂരം എന്നതും വാൽപാറയെ സഞ്ചാരികളുടെ പ്രിയപ്പെട്ടതാക്കുന്നു. 

ഇപ്പോഴിതാ സഞ്ചാരികള്‍ക്കായി വേറെയും ആകര്‍ഷണങ്ങള്‍ ഒരുങ്ങുകയാണ് ഇവിടെ. ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, ബോട്ട് ഹൗസ് എന്നിവയുടെ നിർമാണമാണ് ഇപ്പോള്‍ നടക്കുന്നത്. 2020 ഡിസംബറോടെ പണി പൂർത്തിയാകുമെന്നും ഉദ്ഘാടനവും സന്ദർശകർക്കായി തുറന്നു കൊടുക്കലും 2021 ജനുവരിയിൽ ആയിരിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 

ഇക്കഴിഞ്ഞ ജൂലൈ 25 ന് വാൽപാറൈ മുനിസിപ്പൽ കമ്മിഷണർ ബോട്ട്ഹൗസ് നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. 2019 മാർച്ചിൽ തമിഴ്നാട് മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ മന്ത്രി എസ്.പി.വേലുമണിയായിരുന്നു രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും തറക്കല്ലിട്ടത്. 

മൊത്തം 4.5 ഏക്കർ വിസ്തൃതിയുള്ള പിഡബ്ല്യുഡി ഭൂമിയിൽ ബൊട്ടാണിക്കൽ ഗാർഡൻ നിർമാണത്തിനു തമിഴ്‌നാട് സർക്കാർ 5.47 കോടി രൂപ അനുവദിച്ചിട്ടുണ്ട്.  മുനിസിപ്പൽ ഇന്‍സ്പെക്‌ഷന്‍ ബംഗ്ലാവിന് സമീപമുള്ള 4.25 ഏക്കർ സ്ഥലത്ത് ബോട്ട് ഹൗസ് പണിയാൻ 2.5 കോടി രൂപയും അനുവദിച്ചു. ഇപ്പോള്‍ പകുതിയോളം പണികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. 

സമുദ്രനിരപ്പിൽ നിന്ന് 4500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വാൽപാറ നിരവധി ടൂറിസം സാദ്ധ്യതകള്‍ ഉള്ള ഒരു പ്രദേശമാണ്.   റിസോർട്ടുകളും മറ്റുമുണ്ടാക്കി ഇവിടെ ടൂറിസം വികസിപ്പിക്കാൻ തമിഴ്നാട് സർക്കാറിന്‍റെ സഹായമുണ്ട്. പൊള്ളാച്ചിയിൽനിന്ന് 40 കൊടും വളവുകൾ നിറഞ്ഞ ചുരം കയറിയാണ് വാൽപാറയിൽ എത്തിച്ചേരുന്നത്. കേരളത്തിലെ ചാലക്കുടിയിൽ നിന്നു സംസ്ഥാനപാത 21-ലൂടെ അതിരപ്പിള്ളി -വാഴച്ചാൽ- മലക്കപ്പാറ വഴിയും വാൽപാറയിൽ എത്തിച്ചേരാം. 

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA