ADVERTISEMENT

കണ്ടുപിടിച്ച കാലം മുതല്‍ക്കേ മനുഷ്യരുടെ മനം കവര്‍ന്നതാണ് ഈ മഞ്ഞലോഹം. സ്വര്‍ണ്ണത്തിന്‍റെ വിലയും അതിനോടുള്ള അടങ്ങാത്ത അഭിനിവേശവും ഇനിയും കാലമെത്ര കഴിഞ്ഞാലും കുറയുമെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ വില എത്ര കൂടിയാലും സ്വര്‍ണ്ണം വാങ്ങാന്‍ ആളുകള്‍ എപ്പോഴും ഉണ്ടാകും. 

ആഭരണനിര്‍മ്മാണത്തിലും മറ്റും ലോകത്ത് എല്ലായിടത്തും ഒരേപോലുള്ള സ്വീകാര്യതയുള്ള സ്വര്‍ണ്ണം സൂക്ഷിച്ചിരിക്കുന്നത് ജുവലറികളിലും ഖനികളിലും മാത്രമല്ല. വിവിധ രൂപങ്ങളിലും ഭാവങ്ങളിലും സ്വര്‍ണ്ണം സൂക്ഷിച്ചു വച്ച നിരവധി പ്രശസ്തമായ മ്യൂസിയങ്ങളും ടണ്‍ കണക്കിന് സ്വര്‍ണ്ണത്തിന്‍റെ വില്‍പ്പന നടക്കുന്ന ഇടങ്ങളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്. അത്തരത്തിലുള്ള ചില സ്ഥലങ്ങള്‍ പരിചയപ്പെടാം 

ഗോള്‍ഡ്‌ മ്യൂസിയം, ഹുബ്ലി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഉല്‍പ്പാദിപ്പിക്കുന്ന രണ്ടു സംസ്ഥാനങ്ങളാണ് ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക എന്നിവ. കർണ്ണാടകത്തിലെ ധാർവാഡ് ജില്ലയിലുള്ള ഹുബ്ലിയിലുള്ള ഗോള്‍ഡ്‌ മ്യൂസിയം(Gold Museum, Hubballi) പ്രശസ്തമാണ്. നഗരമദ്ധ്യത്തില്‍ കോപ്പികാര്‍ റോഡിലുള്ള യുറേക്ക കോര്‍ണറിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 

ഗോൾഡ്കമ്മർ , ഫ്രാങ്ക്ഫര്‍ട്ട്

ഗോൾഡ്കമ്മർ എന്ന ഗോൾഡ് മ്യൂസിയത്തിന്‍റെ പേരിൽ ഫ്രാങ്ക്ഫർട്ടിൽ (Goldkammer, Frankfurt) സന്ദർശകർക്കായി ഒരു സ്വർണ്ണ ഖനി തുറന്നിട്ടുണ്ട്. ഇവിടത്തെ ഭൂഗര്‍ഭ അറയില്‍ അവിടെ 6000 വർഷത്തിലേറെ പഴക്കമുള്ള അഞ്ഞൂറോളം അതുല്യമായ സ്വർണ്ണ പുരാവസ്തുക്കൾ പ്രദർശിപ്പിച്ചിട്ടുണ്ട്. സഞ്ചാരികളെ ഇവിടേക്ക് കൊണ്ടുപോകാന്‍ എലിവേറ്റര്‍ സൗകര്യവുമുണ്ട്. 

bogota-colombia-gold-1
Bogota, Colombia

ബൊഗോട്ട, കൊളംബിയ

കൊളംബിയയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ച അതിപ്രശസ്തമായ ഒരു ടൂറിസ്റ്റ് ആകര്‍ഷണമാണ് 'എല്‍ മ്യൂസിയോ ഡെല്‍ ഓറോ' (Museo del Oro, Bogotá) എന്ന് സ്പാനിഷ് ഭാഷയില്‍ വിളിക്കപ്പെടുന്ന സ്വര്‍ണ്ണമ്യൂസിയം. പ്രതിവര്‍ഷം അഞ്ചു ലക്ഷത്തോളം ആളുകളാണ് ഇവിടെ എത്തുന്നത്.

കൊളംബസിനു മുൻപുള്ള കാലത്തെ സ്വർണ്ണവും തുംബാഗ പോലുള്ള മറ്റ് ലോഹസങ്കരങ്ങളും ഇവിടെയുണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലെ എക്സിബിഷൻ റൂമുകളിൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ  കരകൌശലവസ്തുക്കൾ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള ഏകദേശം 55,000 പ്രദര്‍ശന ഇനങ്ങള്‍ മ്യൂസിയത്തിലുണ്ട്. 

bogota-colombia-gold
Bogota, Colombia

ഗോള്‍ഡ്‌ സൂക്ക്, ദുബായ്

സ്വർണ്ണവെളിച്ചത്തിൽ തിളങ്ങുന്ന തെരുവുകളിലൂടെ സന്ദർശകർക്ക് സഞ്ചരിക്കാവുന്ന സ്ഥലമാണ് ദുബായിലെ ഗോൾഡ് സൂക്ക് (Gold Souk, Dubai). സ്വര്‍ണ്ണംകൊണ്ട് നിര്‍മ്മിച്ച ഫുള്‍ ബോഡി സ്യൂട്ടുകള്‍ വരെ ഇവിടെ കിട്ടും എന്നു പറയുമ്പോള്‍ ഊഹിക്കാമല്ലോ വൈവിദ്ധ്യം. ടൺ കണക്കിന് സ്വർണ്ണ ആഭരണങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യപ്പെടുന്ന ഗോള്‍ഡ്‌ സൂക്കില്‍ നൂറുകണക്കിന് ഷോപ്പുകള്‍ ഉണ്ട്. സ്വര്‍ണ്ണത്തിന് ഇന്ത്യയില്‍ ഉള്ളതിനേക്കാള്‍ വില കുറവാണ് എന്നതും ഇവിടത്തെ സ്വര്‍ണ്ണഷോപ്പിങ്ങിനോടുള്ള പ്രിയം കൂട്ടുന്ന ഘടകമാണ്.

English Summary: Gold Museums Across the World for the Lovers of Gilded Metal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com