വിമാനമിറങ്ങി തിടുക്കം വേണ്ട; 'എയര്‍ സുവിധ'യുമായി ഡല്‍ഹി എയര്‍പോര്‍ട്ട്‌

delhi-airport
SHARE

രാജ്യാന്തര യാത്രക്കാരുടെ വരവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിനായി പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടലുമായി ഡല്‍ഹി രാജ്യാന്തര വിമാനത്താവളം. 'എയർ സുവിധ' എന്നാണ് ഈ പുതിയ പോര്‍ട്ടലിന് പേരിട്ടിരിക്കുന്നത്. സെല്‍ഫ് ഡിക്ലറേഷന്‍, യോഗ്യരായ യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീനിൽ നിന്നും ഒഴിവാക്കുന്നതിനായുള്ള അപേക്ഷ മുതലായവ ഇതിലൂടെ നല്‍കാം. ഇതോടെ രാജ്യത്തെത്തുന്ന യാത്രക്കാര്‍ക്ക് പൂര്‍ണ്ണമായും സമ്പര്‍ക്കരഹിതമായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. 

അഞ്ച് വിഭാഗങ്ങളിലുള്ള യാത്രക്കാരെ ഏഴ് ദിവസത്തെ നിർബന്ധിത ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഗർഭിണികൾ, കുടുംബത്തിൽ ആരെങ്കിലും മരണമടഞ്ഞവർ, ഗുരുതരമായ രോഗം ബാധിച്ചവർ, 10 വയസ്സിന് താഴെയുള്ള കുട്ടികളോടൊപ്പമുള്ള മാതാപിതാക്കൾ, യാത്രയ്ക്ക് 96 മണിക്കൂർ മുമ്പ് നടത്തിയ പരിശോധനയിൽ കോവിഡ്-19 നെഗറ്റീവ് ആയ സർട്ടിഫിക്കറ്റ് ഉള്ളവർ എന്നിവര്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ പാലിക്കേണ്ടതില്ല. എന്നാല്‍, ഇളവ് ലഭിക്കുന്ന യാത്രക്കാർ 14 ദിവസത്തെ ഹോം ക്വാറന്റീന് വിധേയരാകണം. ഇങ്ങനെയുള്ള യാത്രക്കാര്‍ക്ക് ആവശ്യമായ രേഖകള്‍ക്കൊപ്പം www.newdelhiairport.in വെബ്സൈറ്റില്‍ കയറി അപേക്ഷിക്കാം. യാത്രക്ക് 72 മണിക്കൂര്‍ മുന്‍പേ തന്നെ അപേക്ഷ നല്‍കണം. 

ഇന്ത്യയിലെത്തുന്ന മറ്റെല്ലാ രാജ്യാന്തര യാത്രക്കാരും അവരുടെ സ്വന്തം ചെലവിൽ ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ പാലിക്കണം. തുടർന്ന്, ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനും നിര്‍ബന്ധമാണ്.

ചട്ടമനുസരിച്ച്, എല്ലാ യാത്രക്കാരും യാത്രയ്ക്ക് മുമ്പുള്ള മൂന്നാഴ്ചയ്ക്കുള്ളിൽ കോവിഡ്-19 പോസിറ്റീവ് ആയിട്ടില്ല എന്ന് കാണിച്ചുകൊണ്ട് സെല്‍ഫ് ഡിക്ലറേഷന്‍ ഫോം സമർപ്പിക്കേണ്ടതുണ്ട്. ഇളവ് അഭ്യർത്ഥനകളുടെ അംഗീകാരം, നിരസിക്കൽ മുതലായ വിവരങ്ങള്‍ യാത്രക്കാർക്ക് ഇമെയിൽ ആയി ലഭിക്കും. ഇളവുകള്‍ ലഭിച്ച യാത്രക്കാര്‍ക്ക് ഇത് എയര്‍പോര്‍ട്ടില്‍ കാണിച്ച് പുറത്തേക്ക് പോകാം.

ഡല്‍ഹി വിമാനത്താവളത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് വഴി എയര്‍ സുവിധ ആക്സസ് ചെയ്യാം. രാജ്യത്തേക്ക് യാത്ര ചെയ്യുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും ഈ സൗകര്യം ശനിയാഴ്ച മുതൽ ലഭ്യമാണ്. വിവിധ സംസ്ഥാന സർക്കാരുകൾ, സിവിൽ ഏവിയേഷൻ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് ഓൺലൈൻ ഫോമുകൾ വികസിപ്പിച്ചിരിക്കുന്നത്.

English Summary : Delhi Airport Launches Air Suvidha an Online Portal For International Passengers

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA