സ്ഥലം ഏതായാലും വെറും 1500 രൂപക്ക് താമസം, ഭക്ഷണം, ട്രെക്കിംഗ്... ടെന്‍റഗ്രാം പൊളിയാണ്!

tentgram
Image Source: Tendgram
SHARE

സഞ്ചാരികള്‍ക്കായി തുടങ്ങിയ പുതിയ ഒരു കിടുക്കന്‍ ടൂറിസ്റ്റ് സ്റ്റാര്‍ട്ടപ്പ് സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തുകയാണ് ഗായികയും സംഗീതസംവിധായകന്‍ ഗോപീസുന്ദറിന്‍റെ പങ്കാളിയുമായ അഭയ ഹിരണ്‍മയി.  യുവ എന്‍ജിനീയര്‍മാര്‍ ചേര്‍ന്ന് മൂന്നാറില്‍ തുടങ്ങിയ ടെന്‍റഗ്രാം എന്ന സംരംഭത്തെക്കുറിച്ചാണ് അഭയ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഒപ്പം മൂന്നാറിലെ ടെന്‍റഗ്രാമിന്‍റെ താമസ സ്ഥലത്ത് നിന്നുള്ള മനോഹരമായ നിന്നുള്ള ഫോട്ടോകളും വീഡിയോകളും അഭയ പങ്കുവച്ചിട്ടുണ്ട്. 

താമസം മാത്രമല്ല, ഒപ്പം ട്രെക്കിംഗും മറ്റു യാത്രാനുഭവങ്ങളും

അധികമാരും ചെന്നെത്താത്ത മനോഹരസ്ഥലങ്ങളിലേക്കുള്ള യാത്രക്കൊപ്പം തന്നെ ട്രെക്കിംഗും നക്ഷത്രനിരീക്ഷണവും ഉദയാസ്തമയക്കാഴ്ചകളുമൊക്കെ ആസ്വദിക്കാന്‍  സഞ്ചാരികള്‍ക്ക് വഴിയൊരുക്കുകയാണ് ടെന്‍റഗ്രാം. ഒരു ഔട്ട്‌ഡോര്‍ റീക്രിയേഷനല്‍ സെന്‍റര്‍ എന്ന് പറയാം. പ്രകൃതിയെ ആഘോഷമാക്കുകയും ഏറ്റവും വലിയ ലക്ഷ്വറി പ്രകൃതി തന്നെയാണ് എന്ന് അടിവരയിട്ടു പറയുകയുമാണ് ഇവര്‍. 

എഞ്ചിനീയറിംഗ് ബിരുദധാരികളായ ഇല്യാസ് രായരോത്ത്, ഫാസില്‍, ജെതിന്‍ കൃഷ്ണ, നബീല്‍ റഷീദ്,  താഹ പാലോളി എന്നീ അഞ്ചു യുവാക്കള്‍ ചേര്‍ന്ന് 2017 ലാണ് ടെന്‍റഗ്രാം തുടങ്ങുന്നത്. ഈ അഞ്ചു വര്‍ഷത്തിനിടയില്‍ ഇവര്‍ യാത്രയൊരുക്കിയത് കാല്‍ ലക്ഷത്തോളം പേര്‍ക്കാണ്. എന്തിനേറെ, ഈ കൊറോണക്കാലത്ത് പോലും അഞ്ഞൂറിലധികം പേര്‍ ടെന്‍റഗ്രാമിന്‍റെ അതിഥികളായി. നിലവില്‍ അറുപതോളം പേര്‍ ജോലി ചെയ്യുന്ന ഈ സംരംഭത്തിന്‍റെ പ്രധാന ഓഫീസ് സ്ഥിതി ചെയ്യുന്നത് കോഴിക്കോട്ടെ സൈബര്‍ പാര്‍ക്കിനുള്ളിലാണ്. 

View this post on Instagram

@tentgraam Thankyou 😍😍😍🙏

A post shared by Abhaya Hiranmayi (@abhayahiranmayi) on

എവിടെയൊക്കെ പോകാം?

നിലവില്‍ വയനാട്, മൂന്നാര്‍, ആലപ്പുഴ, ഹിമാചല്‍‌പ്രദേശ് തുടങ്ങി നിരവധി ഇടങ്ങളില്‍ ടെന്‍റഗ്രാമിന്‍റെ യാത്രാപരിപാടികള്‍ ഉണ്ട്. താമസത്തിനൊപ്പം മൂന്നാറില്‍ ട്രെക്കിംഗ് നടത്താം. ആലപ്പുഴയിലാണെങ്കില്‍ കയാക്കിംഗ്, കായല്‍ യാത്ര എന്നിവയും വയനാട്ടില്‍ ട്രെക്കിംഗിനൊപ്പം വാട്ടര്‍ഫാള്‍ വിസിറ്റും സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ട

കോഴിക്കോട്, നീലഗിരി, ഊട്ടി തുടങ്ങിയ ടൂറിസ്റ്റ് സ്പോട്ടുകളില്‍ കൂടി ഉടന്‍ തന്നെ തങ്ങളുടെ യാത്രാസൗകര്യങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.

ഇന്ത്യ മുഴുവന്‍ പടരാനുള്ള യാത്ര

"നോര്‍ത്തില്‍ നിന്നും സൗത്തിലേക്ക് ഒരുപാട് യാത്രാകമ്പനികള്‍ വരുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ നിന്നും സ്വന്തമായി ഒരു വിലാസമുണ്ടാക്കി ഉത്തരേന്ത്യയിലേക്കു കൂടി വ്യാപിക്കുന്ന ട്രാവല്‍ സ്റ്റാര്‍ട്ടപ്പുകള്‍ കുറവാണ്" പറയുന്നത് ടെന്‍റഗ്രാമിന്‍റെ സഹസ്ഥാപകനായ താഹ പാലോളി. 

എല്ലാ പ്രധാനപ്പെട്ട ടൂറിസ്റ്റ് ലൊക്കേഷനുകളിലും ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുക എന്നതാണ് ഇവരുടെ അടുത്ത ലക്‌ഷ്യം. 

ഇത്രയും കുറഞ്ഞ നിരക്കോ?

താമസവും ഭക്ഷണവും യാത്രയും എല്ലാം കൂടി അത്യാവശ്യം നല്ല ഒരു യാത്രക്ക് മിനിമം ഒരാള്‍ക്ക് അയ്യായിരം രൂപയെങ്കിലും ചിലവു വരും എന്ന് നമുക്കറിയാം. എന്നാല്‍ അവിടെയും ടെന്‍റഗ്രാം നമ്മളെ ഞെട്ടിക്കും! ലൊക്കേഷന്‍ ഏതായാലും ഒരാള്‍ക്ക് വെറും 1500 രൂപ നിരക്കിലാണ് ഇവരുടെ പാക്കേജ് ഒരുക്കിയിരിക്കുന്നത്. ചുമ്മാ താമസം മാത്രമല്ല, ബ്രേക്ക്ഫാസ്റ്റ്, ഡിന്നര്‍, പിക്കപ്പും ഡ്രോപ്പും, ക്യാമ്പ് ഫയര്‍ എന്നിവയെല്ലാം ഈ പാക്കേജില്‍ ഉള്‍പ്പെടും എന്നു കേള്‍ക്കുമ്പോഴാണ് നമ്മള്‍ ശരിക്കും ഞെട്ടുന്നത്!

കുറഞ്ഞ നിരക്കില്‍ സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് കമ്പനിയുടെ അടിസ്ഥാന തത്വശാസ്ത്രം.  അതുകൊണ്ടുതന്നെ അതിഥികളായെത്തിയവര്‍ പറഞ്ഞു പറഞ്ഞ് ഉണ്ടായ പബ്ലിസിറ്റിയല്ലാതെ മാര്‍ക്കറ്റിങ്ങിനായി പ്രത്യേകം ഒന്നും ചെയ്യേണ്ടി വന്നിട്ടില്ല എന്ന് താഹ. ഒരു ടൂറിസ്റ്റ് കമ്പനി എന്നതിലുപരി, ആളുകള്‍ക്ക് കുടുംബാംഗങ്ങളോടെന്ന പോലെ പെരുമാറാനുള്ള സാഹചര്യമാണ് തങ്ങള്‍ ഒരുക്കുന്നത്. അതുകൊണ്ടുതന്നെ ഈ സ്റ്റാര്‍ട്ടപ്പിന് വാമൊഴിയായി പ്രചരിച്ച് കൂടുതല്‍ ആളുകളിലേക്ക് എത്താനായി എന്നും താഹ പറയുന്നു.

English Summary: Tendgram Tourism Startup From Kerala

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA