ADVERTISEMENT

തണ്ണിത്തോട് ∙ മഴയിൽ മനം മയക്കി മണ്ണീറ വെള്ളച്ചാട്ടം മനോഹരിയായിട്ടും വിനോദ സഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ല. തണ്ണിത്തോട് പഞ്ചായത്തിലെ ഒറ്റപ്പെട്ട പ്രദേശമായ മണ്ണീറയിലെ വെള്ളച്ചാട്ടം സഞ്ചാരികളുടെ മനസ്സിനെ കീഴടക്കുമ്പോഴും പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ നീക്കങ്ങളില്ല.കോന്നി - തണ്ണിത്തോട് റോഡിൽ മുണ്ടോംമൂഴിയിൽ നിന്ന് 2.5 കിലോമീറ്ററോളം സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിലെത്താം.

 

വനംവകുപ്പിന്റെ അടവി ഇക്കോ ടൂറിസം പദ്ധതിയുടെ മുണ്ടോംമൂഴിയിലെ കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ എത്തുന്നവരിൽ ഏറെയും വെള്ളച്ചാട്ടം കണ്ടാണ് മടങ്ങുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സവാരിക്ക് എത്തുന്നവർക്ക് മാത്രമാണ് കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്ക് പ്രവേശനം. ഇതു കാരണം സന്ദർശനത്തിന് മാത്രമായി എത്തുന്നവർ വെള്ളച്ചാട്ടത്തിൽ എത്തി സമയം ചെലവഴിക്കുകയാണ്.

 

വനത്തിൽ നിന്ന് ഉത്ഭവിച്ച് ജനവാസ മേഖലയിലേക്ക് ഒഴുകിയെത്തുന്ന അരുവിയിലാണ് വെള്ളച്ചാട്ടം. അരുവിക്ക് സമീപം വരെ വാഹനം എത്തുന്നതിനാൽ സഞ്ചാരികൾക്ക് ഏറെ സൗകര്യമാണ്. ഇവിടേക്ക് പ്രവേശനത്തിന് ആരുടെയും നിയന്ത്രണങ്ങളില്ലാത്തതിനാൽ പുലർകാലങ്ങളിലും രാത്രിയിലും ആളുകളെത്തുന്നു.

 

ടൂറിസം സാധ്യതകൾ ഏറെയുണ്ടെങ്കിലും പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ പഞ്ചായത്തിനോ വനംവകുപ്പിനോ കഴിഞ്ഞിട്ടില്ല. വാഹന പാർക്കിങ് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ സഞ്ചാരികൾ ഒഴുകിയെത്തും. ഒപ്പം വനത്താൽ ചുറ്റപ്പെട്ട മണ്ണീറ പ്രദേശത്തിന്റെ വികസനത്തിന് വൻകുതിച്ചുചാട്ടമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com