ADVERTISEMENT

ഇന്ത്യയിൽ നിന്നു ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിലേക്കു നേരിട്ടു പറക്കാൻ ബജറ്റ് എയർലൈനായ സ്പൈസ്ജെറ്റ് ഒരുങ്ങുന്നു. ഡിസംബർ നാലു മുതൽ മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിലേക്കാണു സ്പൈസ്ജെറ്റ് സർവീസ് നടത്തുക. ഇതോടെ ഇന്ത്യയിൽ നിന്നു ലണ്ടനിലേക്കു പറക്കുന്ന ആദ്യ ഇന്ത്യൻ ബജറ്റ് എയർലൈനുമാവും സ്പൈസ്ജെറ്റ്. 

യു കെയുമായുള്ള ‘എയർ ബബ്ൾ’ ധാരണയുടെ ഭാഗമായാണു പുതിയ സർവീസുകൾ ആരംഭിക്കുന്നതെന്ന് സ്പൈസ്ജെറ്റ് വെളിപ്പെടുത്തി. ആഴ്ചയിൽ രണ്ടു തവണ ഡൽഹി-ലണ്ടൻ - ഡൽഹി റൂട്ടിലും ആഴ്ചയിലൊരു ദിവസം മുംബൈ - ലണ്ടൻ - മുംബൈ റൂട്ടിലുമാണു സ്പൈസ്ജെറ്റ് പറക്കുക. രണ്ടു മാസം മുമ്പ് ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താരയും ലണ്ടനിലേക്കു പുതിയ സർവീസ് തുടങ്ങിയിരുന്നു. വിസ്താരയ്ക്കും സ്പൈസ്ജെറ്റിനും പുറമെ എയർ ഇന്ത്യയും ലണ്ടനിലേക്കു നിലവിൽ ചാർട്ടർ സർവീസ് നടത്തുന്നുണ്ട്. 

ജീവനക്കാരുൾപ്പടെ പാട്ടത്തിനെടുത്ത (വെറ്റ് ലീസ്) എയർബസ് എ 330 -900 നിയൊ വിമാനമാണ് സ്പൈസ്ജെറ്റ് ലണ്ടൻ സർവീസിന് ഉപയോഗിക്കുക. പോർച്ചുഗീസ് ചാർട്ടർ ഓപ്പറേറ്ററായ ഹൈഫ്ലൈയാണു സ്പൈസ്ജെറ്റിന് ഈ വിമാനം പാട്ടത്തിനു നൽകുന്നതെന്നാണു സൂചന. ഇരട്ട ഇടനാഴിയുള്ള വിമാനത്തിൽ ആകെ 371 സീറ്റാണുള്ളത്: ഇക്കോണമി ക്ലാസിൽ 353, ബിസിനസ് ക്ലാസിൽ 18. 

പുതിയ സർവീസ് ആരംഭിക്കുന്നതു പ്രമാണിച്ച് ഡൽഹി - ലണ്ടൻ, മുംബൈ - ലണ്ടൻ റൂട്ടുകളിലെ മടക്കയാത്രാ ടിക്കറ്റ് നിരക്ക് 53,555 രൂപ മുതലാവുമെന്നും സ്പൈസ്ജെറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി - ലണ്ടൻ, മുംബൈ - ലണ്ടൻ ടിക്കറ്റുകൾ 25,555 രൂപ മുതലും ലണ്ടൻ - ഡൽഹി, ലണ്ടൻ - മുംബൈ ടിക്കറ്റുകൾ 29,555 രൂപ മുതലും ലഭ്യമാവും. അതേസമയം സ്വന്തമായി വാങ്ങിയ ബോയിങ് 787- 9 ഡ്രീംലൈനർ വിമാനമാണു വിസ്താര ലണ്ടൻ സർവീസിന് ഉപയോഗിക്കുന്നത്.  ഡൽഹി-ലണ്ടൻ ഇക്കോണമി ക്ലാസ് ടിക്കറ്റ് നിരക്കാവട്ടെ 29,912 രൂപ മുതലാണ്.

English Summary: SpiceJet to start flying to London from Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com