ADVERTISEMENT

ടിക്കറ്റ് ബുക്കിങ് രീതികളില്‍ മാറ്റങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ. ട്രെയിൻ പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുമ്പു വരെ ഓണ്‍ലൈന്‍ വഴിയും കൗണ്ടറുകള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാനും റദ്ദാക്കാനും കഴിയും. നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന എല്ലാ പ്രത്യേക ട്രെയിനുകൾക്കും ബാധകമായ പുതിയ നിയമം ഒക്ടോബർ 10 മുതൽ പ്രാബല്യത്തില്‍ വന്നു.

 

ട്രെയിനുകൾ പുറപ്പെടുന്ന സമയത്തിന് 30 മിനിറ്റ് മുമ്പ് രണ്ടാമത്തെ റിസർവേഷൻ ചാർട്ട് തയാറാക്കും. റീഫണ്ട് ചട്ടങ്ങളിലെ വ്യവസ്ഥകൾക്കനുസൃതമായി ആദ്യം ബുക്ക് ചെയ്ത ടിക്കറ്റുകൾ ഈ സമയത്ത് റദ്ദാക്കാനും കഴിയും.

 

കഴിഞ്ഞ കുറച്ച് മാസങ്ങളായി നിർത്തിവച്ചിരുന്ന ഈ സംവിധാനം റെയിൽ‌വേ പുനഃസ്ഥാപിച്ചിരിക്കുകയാണ്. കൊറോണ പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ രണ്ടാമത്തെ റിസർവേഷൻ ചാർട്ട് തയാറാക്കുന്ന സമയം ട്രെയിൻ പുറപ്പെടുന്നതിനു രണ്ട് മണിക്കൂറിന് മുന്‍പാക്കി മാറ്റിയിരുന്നു.

 

ആദ്യത്തെ ചാർട്ട് ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുന്‍പേയാണ് തയാറാക്കുന്നത്. 

 

റെയിൽ യാത്രക്കാരുടെ സൗകര്യം ഉറപ്പുവരുത്തുന്നതിനായി സോണല്‍ റെയില്‍വേകളുടെ അഭ്യർ‌ഥന പ്രകാരമാണ് പുതിയ തീരുമാനമെന്ന് ഇന്ത്യന്‍ റെയില്‍വേ പറഞ്ഞു. അതനുസരിച്ച്, രണ്ടാമത്തെ ചാർട്ട് തയാറാക്കുന്നതിനുമുമ്പ് ഓൺ‌ലൈനിലും പി‌ആർ‌എസ് ടിക്കറ്റ് കൗണ്ടറുകളിലും ടിക്കറ്റ് ബുക്കിങ് സൗകര്യം ലഭ്യമാകും. ഒക്ടോബർ 10 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ രീതിക്കനുസരിച്ച് സോഫ്റ്റ്‌വെയറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും റെയില്‍വേ കൂട്ടിച്ചേര്‍ത്തു.

 

മാർച്ച് 25 മുതൽ രാജ്യവ്യാപകമായി ലോക്ഡൗൺ  ഏർപ്പെടുത്തിയതിനാൽ എല്ലാ പാസഞ്ചർ ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തി വച്ചിരുന്നുവെങ്കിലും മേയ് 1 മുതൽ കുടിയേറ്റ തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിൽ എത്തിക്കാൻ സഹായിക്കുന്നതിനായി ശ്രമിക് സ്പെഷൽ ട്രെയിനുകൾ ആരംഭിച്ചിരുന്നു.

 

അടുത്തിടെ 39 പുതിയ പ്രത്യേക ട്രെയിനുകൾക്കു കൂടി അനുമതി നല്‍കിയിരുന്നു. ഈ സേവനങ്ങൾ എത്രയും വേഗം തന്നെ സ്പെഷല്‍ സര്‍വീസുകളായി അവതരിപ്പിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 15 നും നവംബർ 30 നും ഇടയിലുള്ള ഉത്സവ സീസണിൽ 200 ലധികം ട്രെയിനുകൾ ഓടിക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നുവെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് അറിയിച്ചതിന് ഒരാഴ്ച കഴിഞ്ഞാണ് ഈ പ്രഖ്യാപനം.

English Summary: Indian Railways ticket reservation rule

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com