ADVERTISEMENT

പാലക്കാട് : ജില്ലയിലെ ജലാശയങ്ങൾ ഉപയോഗപ്പെടുത്തി സാഹസിക ജല കായിക വിനോദമായ കയാക്കിങ് നടപ്പിലാക്കാനുള്ള സാധ്യതാ പഠനവുമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി).  കഴിഞ്ഞ ദിവസങ്ങളിലായി മങ്കര തടയണ, മംഗലംഡാം, മലമ്പുഴ ഡാം എന്നിവിടങ്ങളിൽ ട്രയൽ റൺ നടത്തി. 

പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെയും കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ജെല്ലി ഫിഷ് വാട്ടർ സ്പോർട്സ് സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് പരീക്ഷണാടിസ്ഥാനത്തിൽ കയാക്കിങ് നടത്തിയത്. ഒറ്റപ്പാലം സബ് കലക്ടർ അർജുൻ പാണ്ഡ്യന്റെ  നേതൃത്വത്തിലുള്ള സംഘമാണ് മങ്കര തടയണയിൽ കയാക്കിങ് നടത്തിയത്.

 

ഡിടിപിസി സെക്രട്ടറി കെ.ജി.അജീഷ്, ജെല്ലി ഫിഷ് ജനറൽ മാനേജർ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു. പരീക്ഷണ തുഴച്ചിൽ തൃപ്തികരമാണെന്നും കാര്യമായ പ്രശ്നങ്ങളൊന്നും നേരിട്ടില്ലെന്നും ഡിടിപിസി അധികൃതർ പറഞ്ഞു. ജില്ലയിൽ കയാക്കിങ് പദ്ധതിക്ക് ആവശ്യമായ തുടർ നടപടികളുമായി മുന്നോട്ടുപോകും. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കയാക്കിങ് പ്രദർശനം നടത്തും. തൂതപ്പുഴ, പോത്തുണ്ടി, കാഞ്ഞിരപ്പുഴ തുടങ്ങി ജില്ലയിലെ മറ്റു ജലാശയങ്ങളിലും കയാക്കിങ്ങിനുള്ള സാധ്യതാ പഠനം നടത്തും.

 

കയാക്കിങ് എന്നാൽ

 

 

ജലാശയങ്ങളിൽ നടക്കുന്ന സാഹസിക കായിക വിനോദമാണ് കയാക്കിങ്. വീതി കുറഞ്ഞ, തോണിയുടെയോ ബോട്ടിന്റെയോ മാതൃകയിലുള്ള തുഴഞ്ഞു നീങ്ങാൻ സാധിക്കുന്ന നിർമിതിയാണ് കയാക്. തോണി എന്ന് അർഥം വരുന്ന ഗ്രീൻലാൻഡിക് ഭാഷയിലെ ‘കജാക്’ എന്ന വാക്കിൽ നിന്നാണ് ‘കയാക്’ എന്ന വാക്കിന്റെ ഉത്ഭവം. 

 

ഒരാൾക്ക് ഇരിക്കാവുന്ന (ചിലതിൽ രണ്ടു പേർ‌ക്ക് ഇരിക്കാം) കോക്പിറ്റാണ് ഓരോ കയാക്കിലും ഉണ്ടാവുക.  കോക്പിറ്റിൽ ഇരിക്കുന്നവർ പങ്കായം ഉപയോഗിച്ചാണ് കയാക്കിന്റെ ചലനം നിയന്ത്രിക്കുന്നത്. വിദേശ രാജ്യങ്ങളിൽ കയാക്കിങ്ങിനു വൻ ജനപ്രീതിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com