ADVERTISEMENT

ന്യൂഡൽഹി ∙ ടൂറിസം ഒഴികെ ആവശ്യങ്ങൾക്ക് ഇന്ത്യയിലേക്കുള്ള യാത്രാനിയന്ത്രണങ്ങൾ ഒഴിവാക്കി. ഇ–വീസയും ടൂറിസ്റ്റ്, മെഡിക്കൽ വീസകളും ഒഴികെയുള്ളവ വീണ്ടും പ്രാബല്യത്തിലായി. വീസ കാലാവധി കഴിഞ്ഞെങ്കിൽ പുതിയതിന് അപേക്ഷിക്കാം. കോവിഡ് പ്രതിസന്ധി കാരണം വീസകൾ കഴിഞ്ഞ 8 മാസമായി മരവിപ്പിച്ചിരുന്നു.

ഒസിഐ, പിഐഒ കാർഡുകളുള്ളവർക്കും വിദേശികൾക്കും ടൂറിസം ഒഴികെ ഏതാവശ്യത്തിനും വിമാനത്തിലോ കപ്പലിലോ ഇന്ത്യയിലേക്കു വരുന്നതിനു നിയന്ത്രണമില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബിസിനസ്, കോൺഫറൻസ്, തൊഴിൽ, പഠനം, ഗവേഷണം, ചികിത്സ തുടങ്ങിയവയ്ക്ക് ഇന്ത്യയിലെത്താൻ സൗകര്യമൊരുക്കാനാണു നടപടി.

ചികിത്സയ്ക്ക് എത്തുന്നവർ പുതിയ വീസയ്ക്ക് അപേക്ഷിക്കണം. ഇവരുടെ സഹായികൾക്കും വീസ അനുവദിക്കും. യാത്ര ചെയ്യുന്നവർക്ക് ക്വാറന്റീൻ ഉൾപ്പെടെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ബാധകമാണ്.

ഒസിഐയും പിഐഒയും

വിദേശ പൗരത്വമുള്ളവർക്കു നൽകുന്ന ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ (ഒസിഐ) കാർഡിന് അർഹതയുള്ളവർ:

∙ 1950 ജനുവരി 26നോ ശേഷമോ ഇന്ത്യൻ പൗരത്വമുണ്ടായിരുന്ന വിദേശി (പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവർ ഒഴികെ).

∙ 1950 ജനുവരി 26നു ശേഷം ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ടായിരുന്ന വിദേശി.

∙ 1947 ഓഗസ്റ്റ് 15നു ശേഷം ഇന്ത്യയുടെ ഭാഗമായ പ്രദേശത്തുനിന്നുള്ള വ്യക്തി.

∙ മേൽപറഞ്ഞ ഗണത്തിൽപെടുന്നവരുടെ മക്കളും കൊച്ചുമക്കളും.

∙ ഇന്ത്യൻ പൗരത്വമുള്ള മാതാവോ പിതാവോ ഉള്ള കുട്ടി.

∙ ഇന്ത്യൻ പൗരത്വമോ ഒസിഐ കാർ‍ഡോ ഉള്ള വ്യക്തിയുടെ വിദേശിയായ ജീവിതപങ്കാളി. വിവാഹം റജിസ്റ്റർ ചെയ്ത് 2 വർഷം കഴിഞ്ഞ് അപേക്ഷിക്കാം.

(പൗരത്വ നിയമത്തിന്റെ 7 എ വകുപ്പു പ്രകാരമാണ് ഒസിഐ കാർഡ് നൽകുന്നത്. ഇതുള്ളവർക്ക് ആജീവനാന്ത ഇന്ത്യൻ വീസയാണു ലഭിക്കുന്നത്.)

∙ പഴ്സൻ ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ) കാർഡിന് അർഹതയുള്ളത്: വിദേശ പൗരത്വമുള്ള ഇന്ത്യൻ വംശജർ.

വീണ്ടും ഇന്ത്യ – ജർമനി വിമാന സർവീസ്

ന്യൂഡൽഹി ∙ വിമാന സർവീസ് പുനരാരംഭിക്കാൻ ഇന്ത്യയും ജർമനിയും ധാരണയിലെത്തി. എയർ ഇന്ത്യയും ജർമനിയുടെ ലുഫ്താൻസയും ഇരുഭാഗത്തേക്കും സർവീസ് ആരംഭിച്ചു. ഡൽഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ ആഴ്ചയിൽ 7 സർവീസുകൾ നടത്തും; ഇവിടങ്ങളിലേക്കു ലുഫ്താൻസ 10 സർവീസുകളും. ലുഫ്താൻസയുടെ ആദ്യ വിമാനം ബുധനാഴ്ച ബെംഗളൂരുവിൽ ഇറങ്ങി. എയർ ഇന്ത്യ വിമാനം ഇന്നലെ രാത്രി മുംബൈയിൽ നിന്നു ഫ്രാങ്ക്ഫർട്ടിലേക്കു പുറപ്പെട്ടു.

മുൻപുണ്ടാക്കിയ ധാരണയിലെ പൊരുത്തക്കേടുകൾ മൂലം സർവീസ് അടുത്തിടെ നിർത്തിവച്ചിരുന്നു.

പുതിയ വീസക്കാർക്ക് ഒമാൻ യാത്ര പറ്റില്ല

മസ്കത്ത് ∙ പുതിയ വീസയുള്ള വിദേശികൾക്ക് നിലവിൽ ഒമാനിലേക്കു യാത്ര ചെയ്യാനാകില്ലെന്നു വിമാനക്കമ്പനികൾ. ഇമിഗ്രേഷൻ വിഭാഗത്തിന്റെ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നിവയുടെ മുന്നറിയിപ്പ്. താമസ, തൊഴിൽ വീസയുള്ളവർക്കും വീസ പുതുക്കിയവർക്കും യാത്ര അനുവദിക്കും. യാത്രക്കാർക്കു റസിഡൻസ് കാർഡ് നിർബന്ധം.

Content highlights: Travelling to India; Restrictions relaxed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com