ADVERTISEMENT

പടിഞ്ഞാറന്‍ ആസ്ട്രേലിയയിലെ ബ്രൂമിലുള്ള പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കേബിള്‍ ബീച്ചില്‍ സ്രാവിന്‍റെ ആക്രമണത്തിൽ സഞ്ചാരിക്ക് ദാരുണാന്ത്യം. ഞായറാഴ്ച രാവിലെ ഒൻപത് മണിക്ക് കേബിൾ ബീച്ചിലെ ആഴമില്ലാത്ത ഭാഗത്ത് ഇറങ്ങിയ ചാൾസ് സെർനോബോറി എന്ന 58 കാരനാണ് കൊല്ലപ്പെട്ടത്. കടിയേറ്റ ഇയാള്‍ക്ക് ഉടന്‍ തന്നെ അടിയന്തര ശുശ്രൂഷകള്‍ നല്‍കിയെങ്കിലും രക്ഷപ്പെടുത്താനായില്ല. ഏതിനം സ്രാവാണ് ഇയാളെ കടിച്ചതെന്ന് മനസ്സിലാക്കാനായി ഫോറന്‍സിക് പരിശോധനകള്‍ തുടരുകയാണ്. 

സർക്കാർ ഏജൻസിയായ തരോംഗ കൺസർവേഷൻ സൊസൈറ്റി ഓസ്‌ട്രേലിയയുടെ കണക്കനുസരിച്ച് 2020 ൽ ആസ്ട്രേലിയയിലാകെ കുറഞ്ഞത് 22 സ്രാവ് ആക്രമണങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും കേബിൾ ബീച്ചിന് ചുറ്റും സ്രാവ് ആക്രമണം വിരളമാണ്. കേബിള്‍ ബീച്ചിന്‍റെ കഴിഞ്ഞ ഒരു ദശകത്തിലെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഇങ്ങനെയൊരു സംഭവം എന്നാണ് അധികൃതർ പറയുന്നത്. 

Aussie-tourist-beach1

ആക്രമണം നടക്കുന്ന സമയത്ത് കരയില്‍ ഉണ്ടായിരുന്ന മറ്റൊരാളും ഭാര്യയുമാണ്‌ ഇയാളെ വെള്ളത്തില്‍ നിന്നും കടൽത്തീരത്തേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നത്. ആക്രമണത്തിന് ശേഷവും അരമണിക്കൂറോളം സ്രാവ് കരയോട് ചേർന്ന് വെള്ളത്തിൽ കിടന്നതായി പൊലീസ് പറയുന്നു. പൊലീസ് വെടിയുതിര്‍ത്തെങ്കിലും ഇതിനെ കൊല്ലാന്‍ പറ്റിയില്ല. 

മത്സ്യബന്ധനത്തിന് ഏറെ പ്രശസ്തമാണ് കേബിൾ ബീച്ച്. കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തില്‍ 22 കിലോമീറ്റർ നീളത്തില്‍ പരന്നുകിടക്കുന്ന ഈ പഞ്ചാരമണല്‍ ബീച്ച് ടൂറിസത്തിനും പേരു കേട്ടതാണ്. ആസ്ട്രേലിയയില്‍ സഞ്ചാരികള്‍ക്ക് വസ്ത്രമില്ലാതെ നടക്കാനാവുന്ന ന്യൂഡിസ്റ്റ് ബീച്ചുകളില്‍ ഒന്നാണിത്. വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ട് എന്നൊരു പ്രത്യേകതയുമുണ്ട്. കടൽത്തീരത്തിന്‍റെ വടക്കൻ ഭാഗങ്ങളിൽ സൂര്യോദയത്തിനും അസ്തമയ സമയത്തും ഒട്ടക സവാരിയുമുണ്ട്. 

1889 ൽ ബ്രൂമിനും ജാവയ്ക്കും ഇടയിൽ സ്ഥാപിച്ച ടെലിഗ്രാഫ് കേബിളിന്‍റെ പേരില്‍ നിന്നാണ് ഈ പ്രദേശത്തിന് കേബിൾ ബീച്ച് എന്ന് പേരുവന്നത്.  മാരകമായ ടൈഗർ ഷാർക്കുകളും ബുൾ ഷാർക്കുകളും ഉൾപ്പെടെ നിരവധി അപകടകാരികളായ ജീവികള്‍ ഇവിടെയുണ്ട്. ഉപ്പുവെള്ളത്തില്‍ വസിക്കുന്ന മുതലകൾ ഇറങ്ങുന്ന സീസണില്‍ ഓരോ വർഷവും ഒന്നോ രണ്ടോ തവണ ബീച്ച് അടച്ചിരിക്കും. നവംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളില്‍ വിഷമുള്ള ബോക്സ് ജെല്ലിഫിഷ് ഉണ്ടാകുന്നതിനാല്‍ ഇക്കാലത്ത് ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിക്കാറുണ്ട്. 

ആക്രമണത്തിനു ശേഷം ബ്രൂമിന് ചുറ്റുമുള്ള ബീച്ചുകൾ വീണ്ടും തുറന്നിട്ടുണ്ട്. എന്നാല്‍ കനത്ത മഴ കാരണം വെള്ളത്തില്‍ പട്രോളിംഗ് പുനരാരംഭിക്കുന്നതിൽ കാര്യമായ തടസ്സം നേരിടുന്നതായി ഫിഷറീസ് വകുപ്പ് പറഞ്ഞു. മരിച്ചയാള്‍ക്ക്‌ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി നിരവധി നാട്ടുകാരാണ് കേബിൾ ബീച്ചിൽ പൂക്കളുമായി എത്തിക്കൊണ്ടിരിക്കുന്നത്.

English Summary: Man Dies After Being Bitten By Shark At A Popular Tourist Beach In Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com