ADVERTISEMENT

അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ പുതിയ പാസ്പോര്‍ട്ട് നിയമങ്ങള്‍ ബാധകമാകും. ഇനി മുതല്‍ പാസ്പോര്‍ട്ട് കാലാവധി മിനിമം ആറു മാസമെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍റെ ഭാഗമായ രാജ്യങ്ങളിലേക്ക് അവധിക്കാല യാത്രകള്‍ സാധ്യമാകൂ. മില്ല്യന്‍ കണക്കിന് പാസ്പോര്‍ട്ട് ഉടമകളെ ഇത് ബാധിക്കും. അതുകൊണ്ടുതന്നെ, പാസ്പോര്‍ട്ട് പുതുക്കല്‍ കേന്ദ്രങ്ങളില്‍ കനത്ത തിരക്കാണ് വരുന്ന ഏതാനും ആഴ്ചകളില്‍ പ്രതീക്ഷിക്കുന്നത്.

ലോകമൊന്നാകെ ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ യൂറോപ്യന്‍ യൂണിയനുമായുള്ള പുതിയ ബ്രെക്സിറ്റ് സ്വതന്ത്രവ്യാപാരക്കരാർ ഉറപ്പിക്കുകയായിരുന്നു യു.കെ. വാണിജ്യം, മത്സ്യബന്ധനം, വാണിജ്യനിയമങ്ങൾ, തർക്കങ്ങളിലുള്ള ഒത്തുതീർപ്പ് എന്നിവ വിശദമായി പ്രതിപാദിക്കുന്നതാണ് ആയിരം പേജുള്ള പുതിയ കരാർ. 2020 ജനുവരി 31- ന് യുകെ, യൂറോപ്യന്‍ യൂണിയന്‍ വിട്ടതിനു ശേഷമുള്ള 11 മാസത്തെ ട്രാന്‍സിഷന്‍ പിരീഡ് ഡിസംബർ 31ന് അവസാനിക്കാനിരിക്കെയാണ് വ്യാപാരക്കരാറിന് ഇരുകക്ഷികളും ധാരണയിലെത്തിയത്. കരാറിന്‍റെ ഭാഗമായുള്ള മാറ്റങ്ങള്‍ ബ്രിട്ടനില്‍ നിന്നും യൂറോപ്യന്‍ യൂണിയന്‍റെ ഭാഗമായുള്ള രാജ്യങ്ങളിലേക്കുള്ള യാത്രകളെയും ബാധിക്കും. 

പഴയ നിയമങ്ങൾ പ്രകാരം പാസ്‌പോർട്ട് ഉടമകൾക്ക് അവരുടെ മുൻ പാസ്‌പോർട്ടിന് ഒമ്പത് മാസം അധിക കാലാവധി ലഭിക്കുമായിരുന്നു. ഇതിന്‍റെ പരമാവധി സാധുതയാകട്ടെ, 10 വർഷവും ഒമ്പത് മാസവുമായിരുന്നു. അതിനാല്‍, പുതിയ നിയമം അനുസരിച്ച്, പഴയതിനേക്കാള്‍ 15 മാസത്തെ അധിക കാലാവധിയാണ് ഇനി മുതല്‍ ബ്രിട്ടീഷ് യാത്രക്കാര്‍ക്ക് ആവശ്യമായി വരിക. എന്നാല്‍ അയര്‍ലണ്ടിന് ഇത് ബാധകമല്ല. 

പഴയ പാസ്പോര്‍ട്ട് കാലാവധി അവസാനിക്കും മുന്‍പേ പുതുക്കിയാല്‍, ബാക്കിയുള്ള ദിനങ്ങള്‍ കൂടി പുതിയ പാസ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. പുതിയ പാസ്പോര്‍ട്ട് കിട്ടാന്‍ മൂന്നു മുതല്‍ എട്ടാഴ്ച വരെ സമയമെടുക്കും. ജോലിസംബന്ധമായതോ കുടുംബപരമായതോ വ്യക്തിത്വം തെളിയിക്കുന്നതിനോ ആയുള്ള യാത്രകള്‍ക്ക് അധികതുക നല്‍കി പാസ്പോര്‍ട്ട് നടപടികള്‍ വേഗത്തിലാക്കാം. പോസ്റ്റ്‌ ഓഫീസുകള്‍ കൊറോണ മൂലം പ്രവര്‍ത്തനസജ്ജമല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.

 

English Summary : Brexit Passport Rules for Travel to Europe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com